ഇന്ത്യ തോല്‍വി ഇരന്നുവാങ്ങി

കാന്‍ബെറ: അനായാസം നേടാനാവുമായിരുന്ന വിജയം ഇന്ത്യ പടിവാതില്‍ക്കല്‍ കലംമുടച്ചു. ആസ്‌ത്രേലിയക്കെതിരേ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യ തോല്‍വി ഇരന്നുവാങ്ങിയപ്പോള്‍ വിഫലമായത് ഓപണര്‍ ശിഖര്‍ ധവാന്റെയും (126) വിരാട് കോഹ്‌ലിയുടെയും (106) ഉജ്ജ്വല സെഞ്ച്വറികള്‍ കൂടിയാണ്.
കാന്‍ബെറയില്‍ ഇന്നലെ നടന്ന നാലാം ഏകദിനത്തില്‍ 25 റണ്‍സിനാണ് ഇന്ത്യ ആതിഥേയര്‍ക്കു മുന്നില്‍ മല്‍സരം അടിയറവ്‌വച്ചത്. 37ാം ഓവര്‍ തുടങ്ങുന്നത് വരെ ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. എന്നാല്‍, അവസാന ഒമ്പത് വിക്കറ്റുകള്‍ കേവലം 46 റണ്‍സ് മാത്രം ചേര്‍ക്കുന്നതിനിടെ ഇന്ത്യ വലിച്ചെറിയുകയായിരുന്നു. ഒപ്പം വിജയവും. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ഓസീസ് പേസര്‍ കെയ്ന്‍ റിചാര്‍ഡ്‌സണാണ് ഇന്ത്യയുടെ അന്തകനായത്. തുടര്‍ച്ചയായ നാലാം ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 4-0ന് മുന്നിലെത്തുകയും ചെയ്തു. പരമ്പരയിലെ അവസാന ഏകദിനം ശനിയാഴ്ച സിഡ്‌നിയില്‍ അരങ്ങേറും.
പരമ്പര നേരത്തെ നഷ്ടമായ ഇന്ത്യ വിജയത്തോടെ മാനംകാക്കാനുറച്ചാണ് ഇന്നലെ കളത്തിലിറങ്ങിയത്. ടോസ് നേടിയ ഓസീസ് ഇത്തവണ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍മാരായ ആരണ്‍ ഫിഞ്ചും (107) ഡേവിഡ് വാര്‍ണറും (93) മികച്ച കൂട്ടുകെട്ടുമായി മുന്നേറിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ഒന്നാം വിക്കറ്റില്‍ 29.3 ഓവറില്‍ 187 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയതോടെ ഓസീസ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 348 റണ്‍സ് അടിച്ചെടുത്തു. നാലു വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മയും മൂന്നു പേരെ പുറത്താക്കിയ ഉമേഷ് യാദവുമാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്.
മറുപടിയില്‍ മികച്ച തുടക്കമാണ് രോഹിത് ശര്‍മയും (41) ധവാനും ഇന്ത്യക്ക് നല്‍കിയത്. പിന്നീടെത്തിയ കോഹ്‌ലിയും തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ച്വറിയുമായി കരുത്ത് കാട്ടിയതോടെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങി. എന്നാല്‍, ധവാന്റെയും കോഹ്‌ലിയുടെയും പുറത്താവല്‍ ഇന്ത്യന്‍ ബാറ്റിങിന്റെ കൂട്ട തകര്‍ച്ചയ്ക്കാണ് പിന്നീട് വഴിയൊരുക്കിയത്.
വാലറ്റനിരയില്‍ രവീന്ദ്ര ജഡേജയ്ക്ക് (24*) മാത്രമാണ് പിന്നീട് രണ്ടക്കം കാണാനായത്. ഇതോടെ ഇന്ത്യയുടെ പോരാട്ടം 49.2 ഓവറില്‍ 323 റണ്‍സിന് അവസാനിക്കുകയായിരുന്നു.
ഒരുഘട്ടത്തില്‍ 37.2 ഓവറില്‍ ഒരു വിക്കറ്റിന് 277 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു സന്ദര്‍ശകര്‍. ധവാനു പിന്നാലെ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും കോഹ്‌ലിയും രണ്ട് ഓവറുകള്‍ക്കിടെ പുറത്തായതാണ് വിജയത്തിലേക്ക് നീങ്ങിയ ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. രണ്ടാം വിക്കറ്റില്‍ 212 റണ്‍സാണ് ധവാന്‍-കോഹ്‌ലി സഖ്യം ഇന്ത്യക്കു വേണ്ടി നേടിയത്. എന്നാല്‍, ഇരുവരുടെയും പുറത്താവലിനു പിറകെ കളിയില്‍ ഇന്ത്യയുടെ വലിയ കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ ജഡേജ-റിഷി ധവാന്‍ നേടിയ 14 റണ്‍സാണ്. 113 പന്തില്‍ 14 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ധവാന്റെ ഇന്നിങ്‌സ്. എന്നാല്‍, ഏകദിനത്തില്‍ വേഗത്തില്‍ 25ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോഹ്‌ലി തന്റെ ഇന്നിങ്‌സില്‍ 92 പന്തില്‍ നിന്ന് 11 ബൗണ്ടറിയും ഒരു സിക്‌സറും കണ്ടെത്തി.
10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 68 റണ്‍സ് വിട്ടുകൊടുത്താണ് റിചാര്‍ഡ്‌സണ്‍ നിര്‍ണായക അഞ്ചു വിക്കറ്റുകള്‍ പിഴുതത്. ജോണ്‍ ഹാസ്റ്റിങ്‌സും മിച്ചെല്‍ മാര്‍ഷും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 107 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചാണ് ഫിഞ്ച് ഓസീസ് ബാറ്റിങ് നിരയിലെ അമരക്കാരനായത്. 92 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് വാര്‍ണറിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും 51 (29 പന്ത്, നാല് ഫോര്‍, മൂന്നു സിക്‌സര്‍) ഗ്ലെന്‍ മാക്‌സ് വെല്ലും 41 (20 പന്ത്, ആറ് ഫോര്‍, ഒരു സിക്‌സര്‍) എന്നിവരും ഓസീസ് നിരയില്‍ മികച്ച പ്രകടനം നടത്തി.
രോഹിത്, കോഹ്‌ലി, അജിന്‍ക്യ രഹാനെ, റിഷി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി മല്‍സരം ഓസീസിന് അനുകൂലമാക്കിയ റിചാര്‍ഡ്‌സണാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it