ഇന്ത്യ-ചൈന ചര്‍ച്ച: 'മസ്ഊദ് അസ്ഹര്‍' മുഖ്യ ചര്‍ച്ചയാവും

ന്യൂഡല്‍ഹി: ഈ മാസം 20ന് ബെയ്ജിങില്‍ നടക്കുന്ന ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധി സംഘം കൂടിക്കാഴ്ചയില്‍ 'മസ്ഊദ് അസ്ഹര്‍' വിഷയം മുഖ്യ ചര്‍ച്ചയായേക്കും. പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യന്‍ പ്രമേയം ചൈന വീറ്റോ ചെയ്തിരുന്നു.
അതിര്‍ത്തി, നയതന്ത്ര വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടക്കുന്ന 19ാംവട്ട ചര്‍ച്ചയാണ് 20, 21 തിയ്യതികളില്‍ ബെയ്ജിങില്‍ നടക്കുന്നത്. ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയുടെ പ്രതിനിധി യാങ് ജിയാച്ചിയുമായും ചൈനീസ് പ്രധാനമന്ത്രി ലീ കെകിയാങുമായും മസ്ഊദ് പ്രശ്‌നം ചര്‍ച്ചചെയ്യുമെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ നടക്കേണ്ടിയിരുന്ന ചര്‍ച്ച പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്നാണു നീട്ടിവച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ അവസാനവട്ട കൂടിക്കാഴ്ച നടത്തിയത്.
Next Story

RELATED STORIES

Share it