Gulf

ഇന്ത്യ-ഖത്തര്‍ സംയുക്ത പ്രസ്താവന; പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കും

ദോഹ: പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കുമെന്ന് ഇന്ത്യ-ഖത്തര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
വ്യോമ, കര, നാവിക സൈനിക രംഗത്ത് സംയുക്ത പരിശീലനം നടത്തുമെന്നും മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, പ്രതിരോധ മേഖലയില്‍ സംയുക്ത ആയുധ നിര്‍മാണമെന്ന ആശയത്തില്‍ ഖത്തര്‍ താല്‍പര്യം പ്രകടിപ്പിച്ചതായും സംയുക്ത പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയില്‍ നടന്ന പ്രതിരോധ മേഖലയിലെ പ്രദര്‍ശനമായ ഡിഫക്‌സ്‌പോ 2016ല്‍ ഖത്തറിന്റെ പങ്കാളിത്തത്തെ ഇന്ത്യ പ്രശംസിച്ചു.
അതേസമയം, ഡിംഡെക്‌സ് ഖത്തര്‍ 2016 പ്രതിരോധ എക്‌സിബിഷനിലെ ഇന്ത്യന്‍ പങ്കാളിത്തത്തില്‍ ഖത്തര്‍ ഇന്ത്യക്ക് പ്രത്യേക നന്ദിയും ആശംസയും അറിയിക്കുകയും ചെയ്തു. ജിസിസി സമുദ്ര സുരക്ഷാ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇരുരാഷ്ട്രവും പൊതുധാരണയിലെത്തിയതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ആഗോള ഭീകരതയെ വേരോടെ പിഴുതെറിയുന്നതിനുള്ള പരസ്പര സഹകരണം ഉറപ്പാക്കുമെന്നു സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. എല്ലാ വിഭാഗം സമൂഹങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഭീകരത.
പ്രാദേശിക, അന്തര്‍ദേശീയ രംഗത്തെ ഭീകര സംഘടനകളുടെ വ്യാപനം സുരക്ഷാ, സമാധാന അന്തരീക്ഷത്തെ തകര്‍ക്കുകയും സുസ്ഥിര വികസന പരിശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നതായി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സൈബര്‍ സുരക്ഷാ രംഗത്ത് സഹകരണം വര്‍ധിപ്പിക്കുന്നതിനു പ്രവര്‍ത്തിക്കും. ഇരുരാജ്യങ്ങളിലെയും മതനേതൃത്വങ്ങളും സാംസ്്കാരിക നേതാക്കളും പങ്കെടുക്കുന്ന അന്താരാഷ്ട്ര മത സമ്മേളനങ്ങളെയും സ്‌നേഹ സംവാദങ്ങളെയും ഇരുവിഭാഗവും സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.
2022 ലോകകപ്പിന്റെയും ഖത്തര്‍ വിഷന്‍ 2030ന്റെയും ഭാഗമായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഖത്തര്‍ പ്രസ്താവനയില്‍ സ്വാഗതം പറഞ്ഞു.
റെയില്‍വേ, പ്രതിരോധം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ വ്യാപാരങ്ങള്‍ക്കാവശ്യമായ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് ഇന്ത്യ എടുത്ത നിലപാടുകള്‍ ചൂണ്ടിക്കാട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രി, മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ( എഫ്.ഡി.ഐ) പരിധി ഉയര്‍ത്തിയതായും ഖത്തറിനെ ഇന്ത്യയുടെ പ്രധാന പങ്കാളിയായി സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി.
ഇന്ത്യയില്‍ 100 സ്മാര്‍ട്ട് സിറ്റി, 50 നഗരങ്ങളില്‍ മെട്രോ, 500 നഗരങ്ങളില്‍ ആധുനിക രീതിയിലുള്ള വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനം, ന്യായവിലയിലുള്ള ആരോഗ്യപരിരക്ഷാ പദ്ധതി, 2019ഓടെ എല്ലാവര്‍ക്കും ശൗചാലയവും 2022ഓടെ എല്ലാവര്‍ക്കും വീടുമെന്ന പദ്ധതി എന്നിവയെ സംബന്ധിച്ചും പ്രധാനമന്ത്രി തന്റെ സംസാരത്തിനിടയില്‍ വ്യക്തമാക്കി.
ഇന്ത്യയുടെ മെയ്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട് അപ് ഇന്ത്യ, സ്മാര്‍ട്ട് സിറ്റി, കഌന്‍ ഇന്ത്യ എന്നീ സര്‍ക്കാര്‍ സംരംഭങ്ങളെ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രശംസിച്ചു. ഊര്‍ജ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും ധാരണയായതായും മേഖലയിലെ വ്യാപാരത്തില്‍ ഇരുരാജ്യങ്ങളും സന്തുഷ്ടി പ്രകടിപ്പിച്ചതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it