ഇന്ത്യ-ആസ്‌ത്രേലിയ നാലാം ഏകദിനം ഇന്ന് കാന്‍ബെറയില്‍; മാനംകാക്കാന്‍ ഇന്ത്യക്ക് ജയിക്കണം

കാന്‍ബെറ: തുടര്‍ തോല്‍വികളിലൂടെ പരമ്പര നഷ്ടമായ ഇന്ത്യ ആസ്‌ത്രേലിയക്കെതിരായ നാലാം ഏകദിനത്തിന് ഇന്ന് കച്ചക്കെട്ടും. പരമ്പരയിലെ അവസാന രണ്ട് മല്‍സരങ്ങളില്‍ ജയിച്ച് മാനംകാക്കാനുള്ള തയ്യാറെടുപ്പിലാണ് മഹേന്ദ്രസിങ് ധോണിയും സംഘവും.
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങളിലും ജയിച്ച് ആതിഥേയരായ ആസ്‌ത്രേലിയ നേരത്തെ തന്നെ പരമ്പര നേട്ടം ആഘോഷിച്ചിരുന്നു. ഓസീസിനെതിരേ പരമ്പര നഷ്ടമായതിനു പിന്നാലെ ഐസിസി ഏകദിന റാങ്കിങിലും ഇന്ത്യ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്.
ഓസീസിനെതിരേ ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും ജയിച്ചാല്‍ മാത്രമേ ഏകദിന റാങ്കിങില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം നിലനിര്‍ത്താനാവുകയുള്ളൂ. നിലവില്‍ രണ്ടാമതുള്ള ഇന്ത്യക്കും മൂന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്കും 112 പോയിന്റ് വീതമാണുള്ളത്. ഓസീസിനെതിരേ ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളിലും തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക രണ്ടാംസ്ഥാനത്തേക്ക് കയറും.
129 പോയിന്റുമായി റാങ്കിങില്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യയുടെ എതിരാളികളായ ആസ്‌ത്രേലിയ. ഓസീസ് മണ്ണില്‍ ബൗളര്‍മാര്‍ക്ക് ഒരു അനുകൂല്യവും ലഭിക്കാതെ പോവുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത്. പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഇന്ത്യ മൂന്നാമങ്കത്തിലും 295 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ നേടിയിരുന്നെങ്കിലും രക്ഷയുണ്ടായിരുന്നില്ല. മൂന്നു മല്‍സരങ്ങളിലും ഇന്ത്യ നല്‍കിയ വിജയലക്ഷ്യം ഓസീസ് അനായാസം മറികടക്കുകയായിരുന്നു.
ആദ്യ രണ്ട് ഏകദിനങ്ങളില്‍ സെഞ്ച്വറി നേടി രോഹിത് ശര്‍മയും മൂന്നാമങ്കത്തില്‍ ശതകം പൂര്‍ത്തിയാക്കി വിരാട് കോഹ് ലിയും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
സമീപ കാലത്തായി ധോണിക്ക് കീഴില്‍ ടീം ഇന്ത്യ മോശം പ്രകടനമാണ് നടത്തുന്നത്. നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ധോണിക്കു കീഴില്‍ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിച്ചിരുന്നില്ല. ഓസീസിനെതിരേ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങുകയാണെങ്കില്‍ ധോണിക്കെതിരേ ഇപ്പോഴുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടും.
ടെസ്റ്റിലെ നായകനായ കോഹ്‌ലിക്കു കീഴില്‍ ഇന്ത്യ വിജയങ്ങള്‍ നേടുന്നതും ധോണിയുടെ ഭാവി തുലാസിലാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളിലും പിന്നീട് നടക്കുന്ന ട്വന്റി പരമ്പരയിലും വിജയം കൈവരിക്കേണ്ടത് ക്യാപ്റ്റനെന്ന നിലയില്‍ ധോണിക്ക് നിര്‍ണായകമായിരിക്കുകയാണ്.
ആദ്യ മൂന്നു മല്‍സരങ്ങളിലേത് പോലെ കാന്‍ബെറയിലും റണ്ണൊഴുക്കുണ്ടാവുമെന്നാണ് വിലയിരുത്തല്‍. അത് കൊണ്ട് തന്നെ ടീമില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയേക്കും. മൂന്നാമങ്കത്തില്‍ പുറത്തിരുത്തിയ സ്പിന്നര്‍ ആര്‍ അശ്വിന്‍ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. ബരീന്ദര്‍ സ്രാനിനു പകരം ഭുവനേശ്വര്‍ കുമാറിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ധോണി ആലോചിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it