ഇന്ത്യ-ആഫ്രിക്ക സഹകരണം ബഹുമുഖമാണെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഒരുമിച്ചു നീക്കം നടത്താന്‍ ആഫ്രിക്കന്‍ രാജ്യങ്ങളോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ആഹ്വാനം. കൂടുതല്‍ ജനാധിപത്യപരമായ ലോകഭരണക്രമം ഉണ്ടാവേണ്ട ത് മൊത്തം ലോകത്തിന്റെ പുരോഗതിക്കും സമാധാനത്തിനും അനിവാര്യമാണ്. ഇന്ത്യയിലും ആഫ്രിക്കയിലുമായി ആകെ 250 കോടിയോളം ജനങ്ങളുണ്ടായിട്ട് ലോകത്തിന്റെ ഭരണക്രമത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ഈ പ്രദേശങ്ങള്‍ക്കു കിട്ടുന്നില്ല. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള സഹകരണം ബഹുമുഖമാണെന്നും അതു വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ നടക്കുന്ന സമ്മേളനം ആ തരത്തില്‍ വളരെ പ്രധാനമാണെന്നും സുഷമ പറഞ്ഞു.
മൂന്നാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിക്ക് തിങ്കളാഴ്ചയാണു തുടക്കമായത്. അഞ്ചുദിവസത്തെ സമ്മേളനം നാളെ സമാപിക്കും. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടയില്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ അന്തര്‍ദേശീയ നയതന്ത്ര പരിപാടിയില്‍ അമ്പതിലധികം ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പരസ്പരമുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതു കൂടാതെ സ്‌കോളര്‍ഷിപ്പുകളിലൂടെയും വിഭവ കൈമാറ്റങ്ങളിലൂടെയുമുള്ള പരസ്പര സഹകരണം, താരതമ്യേന വിലകുറഞ്ഞ ഇന്ത്യയുടെ സാങ്കേതികവിദ്യ ആഫ്രിക്കന്‍ രാജ്യങ്ങളുമായി പങ്കുവയ്ക്കല്‍, സുരക്ഷാമേഖലകളിലെ സഹകരണം തുടങ്ങിയ കാര്യങ്ങള്‍ ഉച്ചകോടി ചര്‍ച്ചചെയ്യുന്നുണ്ട്.
ഇതിനു മുമ്പ് 2008ലും 2011ലുമാണ് യഥാക്രമം ന്യൂഡല്‍ഹിയിലും എത്യോപ്യന്‍ തലസ്ഥാനമായ അദിസ് അബാബയിലും ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി സമ്മേളിച്ചത്. എന്നാല്‍. ഇതില്‍ രണ്ടിലും ഇരുപതില്‍ താഴെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ മാത്രമേ പങ്കെടുത്തിട്ടുണ്ടായിരുന്നുള്ളൂ.
ഇന്ത്യക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുമിടയിലെ ഒരു സംയുക്ത രാഷ്ട്രീയപ്രഖ്യാപനവും പരസ്പര സഹകരണവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ഉടമ്പടിയും ഉച്ചകോടിയുടെ സമാപനത്തോടെ ഉണ്ടാവുമെന്നാണു സൂചന.
Next Story

RELATED STORIES

Share it