ഇന്ത്യാവിഷന്റെ പേരില്‍ വേട്ടയാടപ്പെടുന്നു: മന്ത്രി എം കെ മുനീര്‍

കോഴിക്കോട്: ഇന്ത്യാവിഷന്‍ ചാനലിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്ന് മന്ത്രി എം കെ മുനീര്‍. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ നടന്ന കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാര്‍ഥികളുടെ മുഖാമുഖം പരിപാടിയില്‍ ചാനലുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യാവിഷന്റെ പേരില്‍ കുറെ നാളായി പഴികേള്‍ക്കുകയാണ്. ചാനലിന്റെ ചെയര്‍മാന്‍, ഡയറക്ടര്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നിട്ടും എല്ലാ പഴിയും തനിക്ക് കേള്‍ക്കേണ്ടിവരുകയാണ്. ടിവി ന്യൂവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. കൈരളി ചാനലില്‍ പ്രശ്‌നമുണ്ടാവുമ്പോള്‍ മമ്മൂട്ടിയാണോ ഉത്തരം പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യാവിഷന്‍ വിഷയത്തില്‍ ഇരയാക്കപ്പെട്ടവനാണ് താന്‍. മനുഷ്യാവകാശ ധ്വംസനമാണ് തനിക്കുനേരെ നടക്കുന്നത്. താന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമ്പോള്‍ അതുവരെയുള്ള എല്ലാ വേതനവും ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനുശേഷമുള്ള കാര്യങ്ങള്‍ അറിയില്ല. ഈ വിഷയത്തിന്റെ പേരില്‍ വീടുവരെ പണയപ്പെടുത്തി. ഇന്ത്യാവിഷന്‍ ജീവനക്കാരുടെ വിഷയത്തില്‍ താന്‍ ജീവനക്കാരോട് നീതി ചെയ്തിട്ടുണ്ടോയെന്ന് കെയുഡബ്ല്യൂജെ ഭാരവാഹികളോടാണ് ചോദിക്കേണ്ടത്. തനിക്കെതിരായ ഇത്തരം പ്രസ്താവനകള്‍ക്കെതിരേ കേസ് കൊടുക്കും. താങ്കള്‍ക്കെതിരേ കേസ് കൊടുക്കുമെന്ന് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോടും മന്ത്രി പറഞ്ഞു. ഇന്ത്യാവിഷന്‍ ചാനലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉത്തരം പറയാന്‍ സാധിക്കില്ലെന്നു പ്രതികരിച്ച മുനീര്‍ തന്നെ കള്ളനും കപടനുമായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ക്ക് താല്‍പര്യമെന്നും പറഞ്ഞു.
Next Story

RELATED STORIES

Share it