ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ഏഴാമത്തേയും അവസാനത്തേതുമായ ഐആര്‍എന്‍എസ്എസ്-ഐജി വിക്ഷേപണം ഇന്ന്. ആന്ധ്രപ്രദേശിലെ ശ്രീഹരി കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഉച്ചയ്ക്കു 12.50നാണ് വിക്ഷേപണം. പിഎസ്എല്‍വി സി 33 റോക്കറ്റാണ് ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് കുതിക്കുക. ഐആര്‍എന്‍എസ്എസ് ശ്രേണിയിലെ ഈ വര്‍ഷത്തെ മൂന്നാമത്തെ വിക്ഷേപണമാണിത്.
ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുന്നതോടെ ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനമെന്ന ലക്ഷ്യം പൂര്‍ത്തിയാവും. പുതിയ ഉപഗ്രഹം പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തന സജ്ജമാവുന്നതോടെ ഏഴ് ഉപഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ മേഖലാ ഗതിനിര്‍ണയ ഉപഗ്രഹ സംവിധാനത്തിന് കൂടുതല്‍ കൃത്യതയും കാര്യക്ഷമതയും കൈവരും. ആറാമത് ഗതിനിര്‍ണ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-ഐഎഫ് കഴിഞ്ഞ മാര്‍ച്ചിലാണ് വിക്ഷേപിച്ചത്.
ആദ്യത്തേത് 2013 ജൂലൈ ഒന്നിനും രണ്ടാമത്തേത് 2014 ഏപ്രില്‍ നാലിനുമായിരുന്നു. ഏഴ് ഉപഗ്രഹങ്ങളുടെയും ആകെ ചെലവ് 1420 കോടി രൂപയാണ്. മിഷന്‍ റെഡിനസ് റിവ്യൂ കമ്മിറ്റിയും വിക്ഷേപാനുമതി ബോര്‍ഡും തിങ്കളാഴ്ചയാണ് വിക്ഷേപണത്തിന് അനുമതി നല്‍കിയത്. 44 മീറ്റര്‍ നീളമുള്ള ഐആര്‍എന്‍എസ്എസ്-ഐജിക്ക് 1425 കിലോഗ്രാം ഭാരമുണ്ട്.
12 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ് കണക്കാക്കുന്നത്. അമേരിക്കന്‍ ജിപിഎസിനു ബദലായി ഇന്ത്യയുടെ സ്വന്തം മേഖലാ ഗതിനിര്‍ണയ സംവിധാനശ്രേണിക്കായുള്ള ഉപഗ്രഹമാണ് ഐആര്‍എന്‍എസ്എസ് (ഇന്ത്യന്‍ റീജ്യനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം). കര, വ്യോമ, നാവിക ഗതാഗത നിയന്ത്രണം, മൊബൈല്‍ ഫോണ്‍് തുടങ്ങിയവ സുഗമമാക്കാനാണിത്.
Next Story

RELATED STORIES

Share it