ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം അജണ്ടയിലില്ല: ചൈന

ന്യൂഡല്‍ഹി: ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തില്‍ എതിര്‍പ്പു പ്രകടമാക്കി ചൈന വീണ്ടും രംഗത്ത്. ആണവ സാമഗ്രി വിതരണ ഗ്രൂപ്പില്‍ പുതിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതായി ചൈന വ്യക്തമാക്കി. ഈ മാസം 24നു സിയോളില്‍ ചേരുന്ന എന്‍എസ്ജി പ്ലീനറി സമ്മേളനത്തിന്റെ അജണ്ടയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചൈന വ്യക്തമാക്കി. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തില്‍ ചൈന തടസ്സം നില്‍ക്കുന്നില്ലെന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രസ്താവന വന്ന് അടുത്ത ദിവസമാണ് ചൈന തങ്ങളുടെ എതിര്‍പ്പുമായെത്തിയത്.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങളെ എന്‍എസ്ജിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് അംഗരാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ ചര്‍ച്ചകളിലൂടെ ഇക്കാര്യത്തില്‍ അഭിപ്രായം രൂപീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രസ്താവനെക്കുറിച്ചുള്ള ചോദ്യത്തിന് സിയോളില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തിന്റെ അജണ്ടയില്‍ ഇന്ത്യയുടെ പ്രവേശനകാര്യം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹുവ പറഞ്ഞു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നതിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ എന്‍എസ്ജിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഹുവ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it