ഇന്ത്യയും സൗദിയും ഹജ്ജ് കരാറില്‍ ഒപ്പുവച്ചു

നിഷാദ് അമീന്‍

ജിദ്ദ: ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ 2016ലെ ഹജ്ജ് നിര്‍വഹണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അടങ്ങിയ 'ഹജ്ജ്-1436' കരാറില്‍ ഇന്ത്യയും സൗദിയും ഒപ്പുവച്ചു. സൗദി ഹജ്ജ് മന്ത്രി ബന്ദര്‍ ബിന്‍ ഹജ്ജാറിന്റെ ജിദ്ദയിലെ ഓഫിസില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങാണ് കരാറില്‍ ഒപ്പുവച്ചത്. ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് 1,36,020 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുക.
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ 1,00,020 തീര്‍ത്ഥാടകരും സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ വഴി 30,000 പേരും സൗദിയിലെത്തും. മതാഫ് വികസനം പൂര്‍ത്തിയാവാത്തതിനാല്‍ 2013ല്‍ വെട്ടിക്കുറച്ച ഹജ്ജ് ക്വാട്ട ഇത്തവണയും പുനസ്ഥാപിച്ചുനല്‍കാനാവില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. സൗദി ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളുടെ ക്വാട്ടയില്‍ 50 ശതമാനവും മറ്റു വിദേശരാജ്യങ്ങളുടെ ക്വാട്ടയില്‍ 20 ശതമാനവും കുറവുവരുത്തിയത് ഈ വര്‍ഷവും തുടരാനാണു തീരുമാനം.
ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം ആഗസ്ത് നാലിനു മക്കയിലെത്തുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക് പറഞ്ഞു. വി കെ സിങിന് പുറമെ റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക്, വിദേശകാര്യ മന്ത്രാലയത്തിലെ ഹജ്ജ് വിഭാഗം തലവന്‍ അസീം മഹാജന്‍, ന്യൂനപക്ഷക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാകേഷ് മോഹന്‍, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സിഇഒ അതാഉര്‍റഹ്മാന്‍, വ്യോമയാന മന്ത്രാലയം ഡയറക്ടര്‍ പൂജ ജിന്‍ഡാല്‍, ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ഷാഹിദ് ആലം ചടങ്ങില്‍ പങ്കെടുത്തു. സൗദിയെ പ്രതിനിധീകരിച്ച് ഹജ്ജ് മന്ത്രി ബന്ദര്‍ ബിന്‍ ഹജ്ജാര്‍, ഹജ്ജ് സഹമന്ത്രി ഡോ. ഹുസയ്ന്‍ ശരീഫ്, ഗതാഗതം-മക്ക നവീകരണം-പുണ്യനഗരങ്ങള്‍ എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രി ഡോ. മുഹമ്മദ് സിംസിം, ആഭ്യന്തര സഹമന്ത്രി മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ സഅദ് അല്‍ സൗദ് രാജകുമാരന്‍ എന്നിവരും സംബന്ധിച്ചു.
ഹജ്ജുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലകളിലും ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ ധാരണയായതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ഇന്ത്യന്‍ ഹാജിമാരെ സംബന്ധിക്കുന്ന വിവരങ്ങള്‍, താമസ-യാത്രാ സൗകര്യങ്ങള്‍, മടക്കം തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തും.
Next Story

RELATED STORIES

Share it