ഇന്ത്യയും ജര്‍മനിയും 18 ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: പ്രതിരോധം, നിര്‍മാണം, വ്യാപാരം, പാരമ്പര്യേതര ഊര്‍ജം എന്നിവ അടക്കമുള്ള മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ജര്‍മനിയും 18 ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. വ്യവസായങ്ങള്‍ക്കു ഫാസ്റ്റ്ട്രാക്ക് രീതിയില്‍ അംഗീകാരം നല്‍കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.

ഇത് ജര്‍മന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ എളുപ്പമാക്കും. കരാര്‍ പ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജര്‍മന്‍ കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ എല്ലാ മാസവും സംവിധാനമൊരുക്കുമെന്ന് വാണിജ്യ സെക്രട്ടറി അമിതാഭ് കാന്ത് അറിയിച്ചു. പതിരോധ നിര്‍മാണം, ഉന്നത സാങ്കേതികരംഗത്തെ വ്യാപാരം, രഹസ്യാന്വേഷണം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം എന്നിവയില്‍ വളര്‍ച്ച നേടാന്‍ ജര്‍മനിയുമായുള്ള കരാറുകള്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വ്യോമയാന സുരക്ഷ, ദുരന്തനിവാരണം, കാര്‍ഷിക പഠനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും ഇരുരാജ്യങ്ങളും സഹകരിക്കും. ജര്‍മന്‍ ഭാഷയ്ക്ക് ഇന്ത്യയിലും ഇന്ത്യന്‍ ഭാഷകള്‍ക്കു ജര്‍മനിയിലും പ്രോല്‍സാഹനം നല്‍കും. ഇന്ത്യ-ജര്‍മനി സൗരോര്‍ജ സഹകരണത്തിനും കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാരംഗത്തും സഹകരണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ അതോറിറ്റിയും ജര്‍മനിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസ്‌ക് അസസ്‌മെന്റും തമ്മില്‍ സഹകരണം ഉറപ്പാക്കും. ചര്‍ച്ചകള്‍ വളരെ മികച്ചതായിരുന്നുവെന്ന് മോദിയും മെര്‍ക്കലും അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it