Pravasi

ഇന്ത്യയും ഖത്തറും ഏഴ് കരാറുകളില്‍ ഒപ്പിട്ടു

ഇന്ത്യയും ഖത്തറും ഏഴ് കരാറുകളില്‍ ഒപ്പിട്ടു
X
Doha: Prime Minister Narendra Modi and Emir of Qatar Sheikh Tamim bin Hamad Al-Thani with signing of agreements at a ceremony at Emiri Diwan in Doha, Qatar on Sunday. PTI Photo by Kamal Kishore (PTI6_5_2016_000153B)

ദോഹ: രണ്ടുദിവസത്തെ ഖത്തര്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. വിവിധ മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനായി ഏഴു ധാരണാപത്രങ്ങളില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവച്ചു. നിക്ഷേപം, കസ്റ്റംസ്, സാമ്പത്തിക കുറ്റകൃത്യം, മാനവ വിഭവശേഷി വികസനം, ടൂറിസം, ആരോഗ്യം, കായികം എന്നീ മേഖലകളിലാണ് കരാറൊപ്പിട്ടത്. [related]
നിര്‍ണായകമായ ഈ കരാറുകള്‍ ഇന്ത്യ-ഖത്തര്‍ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇന്നലെ രാവിലെ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തിയ മോദി, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുന്ന കാര്യം ചര്‍ച്ചചെയ്തു. ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സഹായിക്കുന്നതാണ് ഖത്തര്‍ നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടും തമ്മില്‍ ഒപ്പുവച്ച കരാര്‍. വ്യാപാരം എളുപ്പമാക്കുന്നതിനു സഹായിക്കും വിധം കസ്റ്റംസ് നടപടികള്‍ ഏകീകരിക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നതിനുള്ളതാണ് രണ്ടാമത്തെ കരാര്‍. കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതും തടയാന്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കരാറിലൂടെ സാധിക്കും.
ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുംവിധം മാനവ വിഭവശേഷി വികസിപ്പിക്കുന്നതിനായുള്ള കരാറിലും ഒപ്പുവച്ചു. തൊഴില്‍രംഗത്ത് ഇന്ത്യയിലെ വിദ്യാഭ്യാസയോഗ്യതകള്‍ക്ക് ഖത്തര്‍ അംഗീകാരം നല്‍കുന്നതിനും ഇതു വഴിവയ്ക്കും. ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ ടൂറിസം വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിനായുള്ള കാര്യങ്ങളും ചര്‍ച്ചചെയ്തു. നേരത്തേ അമീരി ദിവാനില്‍ നരേന്ദ്രമോദിക്ക് ഖത്തര്‍ അമീര്‍ രാജകീയ വരവേല്‍പ്പ് നല്‍കി.
Next Story

RELATED STORIES

Share it