ഇന്ത്യയില്‍ എഴുത്തുകാരെ ഭയം ഭരിക്കുന്നു: എം മുകുന്ദന്‍

എം ടി പി റഫീക്ക്

ദോഹ: ഇന്ത്യയിലെ പുതിയ സാഹചര്യത്തില്‍ എഴുത്തുകാര്‍ സംസാരിക്കാന്‍ ഭയപ്പെടേണ്ട അവസ്ഥയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. കേരളത്തിലടക്കം മൗനമാണ് സുരക്ഷിത മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തുറന്നുപറയുന്ന എഴുത്തുകാരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുകയാണ്. സാഹിത്യ അക്കാദമിയില്‍ ഉണ്ടായിരുന്നപ്പോള്‍ നേരിട്ട തെറികള്‍ക്കും ഭീഷണികള്‍ക്കും കണക്കില്ല.

പോസ്റ്റ് കാര്‍ഡിലൂടെയും ഫോണിലൂടെയുമാണ് ഭീഷണികള്‍ വരാറ്. കൊല്ലപ്പെടുമെന്ന ഭയത്തേക്കാള്‍ തെറികള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥത അസഹ്യമാണ്. എഴുത്തിലൂടെ പലതിനോടും കലഹിച്ചിട്ടുള്ള തന്നെപ്പോലുള്ളവരുടെ ധൈര്യം ചോര്‍ത്തിക്കളയുന്നതാണ് ഇത്തരം അനുഭവങ്ങള്‍. കേരളത്തില്‍ ജീവിക്കുന്ന എഴുത്തുകാര്‍ ഇതിനോടു പൊരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍, തന്നെപ്പോലെ നാടുവിട്ടു ജീവിച്ച് തിരികെ വന്നവര്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയ കാലത്തെ എഴുത്തുകാര്‍ ഭാഗ്യവാന്‍മാരാണ്. തകഴിയെ പോലുള്ളവരുടെ കാലത്ത് ഇന്നത്തെപ്പോലെ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു.

അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യവും വന്നിട്ടില്ല. എഴുത്തുകാര്‍ ഭയപ്പെടുന്നതു പോലെ എഴുത്തുകാരെ അധികാരികളും ഭയപ്പെടുന്നു. അതുകൊണ്ടാണ് കല്‍ബുര്‍ഗിയെ പോലുള്ളവര്‍ കൊല്ലപ്പെടുന്നത്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പോലും പ്രതികരിക്കാത്ത എഴുത്തുകാര്‍ നമുക്കിടയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം കീഴ്‌മേല്‍ മറിഞ്ഞാലും അവര്‍ മിണ്ടാതിരിക്കും. കല്‍ബുര്‍ഗിയുടെ വധത്തോടെ എഴുത്തുകാര്‍ക്കിടയില്‍ ദേശീയ, അന്തര്‍ ദേശീയ കൂട്ടായ്മകള്‍ രൂപപ്പെട്ടുവെന്നത് നല്ല കാര്യമാണ്. ലോകത്ത് ഒരിടത്തുമില്ലാത്ത നിയന്ത്രണങ്ങളാണ് ഇന്ത്യയില്‍ സംഘപരിവാരം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ഭക്ഷണം, പ്രണയം എന്നിവയിലെല്ലാം ഇടപെടുകയാണ് അവര്‍. ഇതിനെ പ്രതിരോധിക്കുന്നതിനു പകരം മാധ്യമങ്ങള്‍ എല്ലാ പ്രശ്‌നങ്ങളും ആഘോഷങ്ങളാക്കി മാറ്റുകയാണ്.

വര്‍ഗീയത തടയേണ്ടവര്‍ തന്നെ തെരഞ്ഞെടുപ്പു വരുമ്പോള്‍ അത് ഉപയോഗപ്പെടുത്തുന്നതാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍  മീഡിയ ഫോറം പ്രസി ഡന്റ് പ്രദീപ് മേനോന്‍ അധ്യ ക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി അശ്‌റഫ് തൂണേരി, സെക്രട്ടറി സാദിഖ് ചെന്നാടന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it