ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള കെട്ടിടം: കണ്‍സള്‍ട്ടന്‍സിയെ നിയമിക്കും

നിഷാദ് അമീന്‍


ജിദ്ദ: ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കു താമസിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കുന്നതിന് ഇന്ത്യന്‍ ഹജ്ജ് മിഷനെ സഹായിക്കുന്നതിന് കണ്‍സള്‍ട്ടന്‍സി കമ്പനിയെ ചുമതലപ്പെടുത്തും. ഇന്ത്യയില്‍നിന്ന് എത്തിയ സുപ്രിംകോടതി സമിതി അംഗങ്ങള്‍ മക്കയിലെ കെട്ടിടങ്ങള്‍ പരിശോധിച്ച ശേഷം സമിതിയംഗം കൂടിയായ ഇന്ത്യന്‍ കോണ്‍സല്‍ ജനറലുമായും ഹജ്ജ് കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരുമായും കോണ്‍സുലേറ്റില്‍ നടത്തിയ യോഗത്തിലാണു തീരുമാനം.
കണ്‍സള്‍ട്ടന്‍സി കമ്പനിയെ കണ്ടെത്തുന്നതിന് കോണ്‍സല്‍ ജനറലിനെ ചുമതലപ്പെടുത്താനും യോഗത്തില്‍ ധാരണയായി. സൗദി നിയമങ്ങള്‍ക്കും ഹജ്ജ് മാനദണ്ഡങ്ങള്‍ക്കും വിധേയമായി കരാര്‍ ഉണ്ടാക്കുന്നതിന് സൗദിയിലുള്ള കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ സേവനം പ്രയോജനകരമാവുമെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതിയിലെ അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ തേജസിനോടു പറഞ്ഞു. കെട്ടിട ഉടമകളുമായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കുമ്പോള്‍ സൗദിയിലെ നിയമവശങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും പിഴവുകളില്ലാത്ത കരാറാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാല കരാര്‍ എ, എ പ്ലസ് നിലവാരമുള്ള കെട്ടിടങ്ങള്‍ക്കു മാത്രം നല്‍കിയാല്‍ മതിയെന്നും യോഗത്തില്‍ ധാരണയായി. സുപ്രിംകോടതി സമിതി ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസയ്ന്‍, സമിതി അംഗങ്ങളായ ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് അബ്ദുല്‍ റാഷിദ് അന്‍സാരി, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ഷമീം, സുപ്രിംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക്ക്, കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ അതാവുര്‍ റഹ്മാന്‍, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it