ഇന്ത്യന്‍ മരുന്നുകള്‍ക്ക് വിലക്കുറവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 76 ഇനം ജീവന്‍രക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവയിലുള്ള ഇളവ് റദ്ദാക്കിയതിനു ന്യായീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരം മരുന്നുകള്‍ക്ക് ഇന്ത്യയില്‍ വില കുറാവണെന്നാണ് ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വാദം.
ഒരാഴ്ച മുമ്പാണ് അര്‍ബുദം, എയ്ഡ്‌സ്, ഹീമോഫീലിയ, തുടങ്ങി 76 ഇനം ജീവന്‍രക്ഷാ മരുന്നുകള്‍ക്കുള്ള തീരുവ ഇളവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. തീരുവ ഇളവ് പിന്‍വലിച്ചതിലൂടെ നാമ മാത്രമായ വര്‍ധന മാത്രമാണുണ്ടായതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തദ്ദേശീയ മരുന്നുല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയാണിത്. ഇത്തരം മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ പ്രാപ്തമാണ് ഇന്ത്യന്‍ കമ്പനികള്‍. രാജ്യത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമല്ല 200 രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയക്കാനും ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിയുന്നുണ്ട് മിക്ക മരുന്നുകളുടേയും വില വളരെ കുറവാണ് 95 ശതമാനം മരുന്നുകള്‍ക്കും 2.5 ശതമാനം മാത്രമാണ് കസ്റ്റംസ് തീരുവ. അതിനാല്‍ നാമമാത്രമാണ് വില വര്‍ദ്ധിച്ചത്-അദ്ദേഹം പറഞ്ഞു.
എയ്ഡ്‌സിനും ഹീമോഫീലിയക്കുമുള്ള ചികിത്സയെ സര്‍ക്കാരിന്റെ നടപടി ദോഷകരമായി ബാധിക്കുകയില്ലേ എന്ന ചോദ്യത്തിനും ഇത്തരം രോഗികള്‍ ചികിത്സ തേടുന്നത് സര്‍ക്കാര്‍ ആശുപത്രിയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തീരുവ ഇളവ് പിന്‍വലിച്ചുകൊണ്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ മരുന്നുല്‍പാദനത്തിനുപയോഗിക്കുന്ന ഘടകങ്ങളും ഉള്‍പ്പെടുന്നുണ്ട്. വൃക്കയിലെ കല്ലുകള്‍, ഹൃദയ മിടിപ്പിന്റെ താളവ്യത്യാസം, പ്രമേഹം, പാര്‍ക്കിന്‍സണ്‍സ് രോഗം, അലര്‍ജി, വാതം എന്നിവയ്ക്കുള്ള മരുന്നുകളുടെ തീരുവ ഇളവാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
Next Story

RELATED STORIES

Share it