Sports

ഇന്ത്യന്‍ ഫുട്‌ബോള്‍ ഉടച്ചുവാര്‍ക്കാന്‍ എഐഎഫ്എഫ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിനെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നു.
ദേ ശീയ ഫുട്‌ബോളിനു തന്നെ ഉണര്‍വേകിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) സഹകരണത്തോടെയാണ് എഐഎഫ്എഫ് പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നത്. 2017-18 സീസണ്‍ മുതല്‍ ദേശീയ ഫുട്‌ബോളിന്റെ പ്രാദേശികതലം അടിമുടി മാറ്റങ്ങള്‍ വരുത്താണ് ഫെഡറേഷന്റെ തീരുമാനം.
രാജ്യത്തെ പ്രധാന ലീഗായ ഐ ലീഗിനെ ഒഴിവാക്കി പകരം ഐഎസ്എല്ലിനെ മുന്‍നിര ടൂര്‍ണമെന്റാക്കുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഐഎസ്എല്ലിലെ എട്ടു ക്ലബ്ബുകളോടൊപ്പം നിലവില്‍ ഐ ലീഗിലുള്ള മൂന്നോ നാലോ ടീമുകള്‍ കൂടി ടൂര്‍ണമെന്റില്‍ പങ്കെടുക്കും.10 മുതല്‍ 12 വരെ ടീമുകള്‍ 2017ലെ ലീഗില്‍ മാറ്റുരയ്ക്കും. ഐ ലീഗിനെപ്പോലെ ഐഎസ്എല്ലില്‍ ആദ്യത്തെ കുറച്ചു വര്‍ഷത്തേക്കു തരംതാഴ്ത്തല്‍ ഉണ്ടാവില്ല.
അഞ്ചുമാസമായിരിക്കും ഐഎസ്എല്ലിന്റെ കാലദൈര്‍ഘ്യം. ഇതേ സമയത്തു തന്നെ ലീഗ് 1, ലീഗ് 2 ടൂര്‍ണമെന്റുകളും നടക്കും. രണ്ടു ടൂര്‍ണമെന്റുകളിലും പ്രൊമോഷനും തരംതാഴ്ത്തലുമുണ്ടാവും.
ഐഎസ്എല്ലിനു ശേഷം സൂപ്പര്‍ കപ്പാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഐ ലീഗിനു ശേഷം ഫെഡറേഷന്‍ കപ്പാണുള്ളത്. ഐഎസ്എല്‍, ലീഗ് 1, ലീഗ് 2 എന്നീ മൂന്നു ടൂര്‍ണമെന്റുകളിലെയും കൂടി 16 ക്ലബ്ബുകള്‍ സൂപ്പര്‍ കപ്പില്‍ പങ്കെടുക്കും. ഐഎസ്എല്ലിലെ ആദ്യ എട്ടു സ്ഥാനക്കാരും ലീഗ് 1ലെ ആദ്യ നാലു സ്ഥാനക്കാരും നേരിട്ടു യോഗ്യത നേടും. ഐഎസ്എല്ലിലും സൂപ്പര്‍ കപ്പിലും ചാംപ്യന്മാരാവുന്ന ടീമിന് എഎഫ്‌സി കപ്പിലേക്കു ടിക്കറ്റ് ലഭിക്കും.
ഇന്ത്യയിലെ ഏക അന്താരാഷ്ട്ര ടൂര്‍ണമെന്റായ നെഹ്‌റു കപ്പിനു പകരം ചാംപ്യന്‍സ് കപ്പ് വരും. നാല് രാജ്യങ്ങളാവും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it