Flash News

ഇന്ത്യന്‍ തുകല്‍ ഉല്‍പ്പന്ന പ്രദര്‍ശനം ആരംഭിച്ചു

ദുബയ്: ഇന്ത്യന്‍ തുകല്‍ ഉല്‍പന്നങ്ങളുടെയും പാദരക്ഷകളുടെയും ദ്വിദിന പ്രദര്‍ശനം ദേര ക്രീക്ക് റാഡിസണ്‍ ബ്‌ളൂ ഹോട്ടലില്‍ ആരംഭിച്ചു. ദുബയ്് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കൊമേഴ്‌സ് കോണ്‍സുല്‍ രാഹുല്‍ ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഇന്ത്യന്‍ ലെതര്‍ എക്‌സ്‌പോര്‍ട്‌സ് കൗണ്‍സില്‍ (സിഎല്‍ഇ) ആഭിമുഖ്യത്തിലുള്ള പ്രദര്‍ശനം ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും ഇന്ത്യാ ട്രേഡ് ആന്റ് എക്‌സിബിഷന്‍ സെന്ററിന്റെ(ഐടിഇസി)യും സഹകരണത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സിഎല്‍ഇ ചെയര്‍മാന്‍ പത്മശ്രീ റഫീഖ് അഹ്മദ്, ഐടിഇസി മിഡില്‍ ഈസ്റ്റ്-ഐബിപിസി ഷാര്‍ജ ചെയര്‍മാന്‍ സുദേഷ് കെ. അഗര്‍വാള്‍, ഡയറക്ടര്‍ ജനറല്‍ ശ്രീപ്രിയ കുമാരിയ, അല്‍സഫീര്‍ ഗ്രൂപ് ഫൂട്‌വെയര്‍ ഡിവിഷന്‍ സിഒഒ യോഗേഷ് മഖീജ ടോണി, ലാന്റ്മാര്‍ക് ഗ്രൂപ് ഷൂമാര്‍ട്ട് സിഇഒ മുഹമ്മദ് ഇഖ്ബാല്‍ യഅ്ഖൂബ് അലി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഹോള്‍സെയിലര്‍മാര്‍, റീടെയിലര്‍മാര്‍, ബയിംഗ് ഹൗസുകള്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ്, ചെയിന്‍ സ്‌റ്റോറുകള്‍, ഡിപാര്‍ട്‌മെന്റ് സ്‌റ്റോറുകള്‍, ഡീലര്‍മാര്‍ എന്നിവയടക്കം ഈ മേഖലയിലെ പ്രമുഖ വിഭാഗങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് പ്രദര്‍ശനം ഗുണകരമാകുമെന്ന് സംഘാടകര്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലെ പ്രാധാന്യമുള്ള മേഖലയായാണ് തുകല്‍ കയറ്റുമതിയെ പരിഗണിച്ചിരിക്കുന്നതെന്ന് പ്രദര്‍ശനം സംബന്ധിച്ച് കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പ്രസ്താവനയില്‍ പ്രതികരിച്ചു. 'ബ്രാന്റ് ഇന്ത്യ'യെ ഈ പ്രദര്‍ശനം ഏറെ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഏറെ ലാഭകരമായ ജിസിസി-മെനാ മേഖലയിലേക്ക് പ്രവേശിക്കാന്‍ ഇത് ഇന്ത്യന്‍ വ്യവസായികള്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1984-'85 കാലയളവിലെ ഇന്ത്യന്‍ ലെതര്‍ ഉല്‍പന്ന കയറ്റുമതി 0.50 ബില്യന്‍ ഡോളറായിരുന്നെങ്കില്‍, 2014-'15 കാലയളവില്‍ അത് 6.5 ബില്യന്‍ ഡോളറായി ഉയര്‍ന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ഇന്ത്യന്‍ ലെതര്‍ വ്യവസായ വളര്‍ച്ചയില്‍ യു.എ.ഇ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായി വളര്‍ന്നിരിക്കുന്നു. 55.68 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. രണ്ടാം തവണ ഇത്തരമൊരു പ്രദര്‍ശനം ദുബൈയില്‍ സംഘടിപ്പിക്കാന്‍ സിഎല്‍ഇക്ക് പ്രചോദനമായത് ഈ പശ്ചാത്തലമാണെന്ന് പത്മശ്രീ റഫീഖ് അഹ്മദ് പറഞ്ഞു. സമീപ ഭാവിയിലും ഇത്തരം പ്രദര്‍ശനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇയിലേക്കുള്ള ഇന്ത്യന്‍ ലെതര്‍, അനുബന്ധ ഉല്‍പന്നങ്ങളുടെ കയറ്റുമതി ശതമാന ഓഹരി 3 ശതമാനമാണെന്നും ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പാദരക്ഷാ-തുകല്‍ വസ്ത്ര നിര്‍മാതാക്കളായി ഇന്ത്യ വളര്‍ന്നു കഴിഞ്ഞിട്ടുണ്ടെന്നും ശ്രീപ്രിയ കുമാരിയ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it