ഇന്ത്യന്‍ ജുഡിഷ്യറിയെ അഴിമതി ഗ്രസിച്ചിരിക്കുകയാണെന്ന് കട്ജു

കൊച്ചി: അഴിമതി ഗ്രസിച്ചിരിക്കുന്ന ഇന്ത്യന്‍ ജുഡിഷ്യറിക്ക് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള ധാര്‍മികാവകാശം നഷ്ടമായിരിക്കുകയാണെന്ന് റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഇന്ത്യന്‍ ലോയേഴ്‌സ് യൂനിയന്‍ ഇന്നലെ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ ജി ബാലകൃഷ്ണന്റെ കാലത്താണ് കൊളീജിയം സംവിധാനം ഏറ്റവുമധികം ദുഷിച്ചത്. അഴിമതിക്കാരെയും അനര്‍ഹരെയും ബാലകൃഷ്ണന്‍ സുപ്രിംകോടതി ജഡ്ജിമാരാക്കി. കഴിവുകെട്ടവരെ സമുദായ പരിഗണനയുടെ പേരില്‍ അദ്ദേഹം ജഡ്ജിയായി ഉയര്‍ത്തി. അഴിമതിക്കാരനെന്ന് തനിക്ക് നേരിട്ടു ബോധ്യപ്പെടുകയും അക്കാര്യം കൊളീജിയം അംഗങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടും സുപ്രിംകോടതി ജഡ്ജിയാക്കാന്‍ കെ ജി ബാലകൃഷ്ണന്‍ ഏകപക്ഷീയമായി തീരുമാനിച്ചു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വഴങ്ങിയാണ് പലപ്പോഴും പരമോന്നത നീതിപീഠം ഇത്തരത്തില്‍ കൊളീജിയം സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നത്.
വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന കൊളീജിയം സംവിധാനത്തിനു പകരം ജനാധിപത്യ രീതിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷനോട് സുപ്രിംകോടതി സ്വീകരിച്ച സമീപനം ജുഡിഷ്യറിയുടെ അന്തസ്സത്തയ്ക്കു നിരക്കാത്തതാണ്. കമ്മീഷനില്‍ രണ്ടംഗങ്ങള്‍ പ്രമുഖ വ്യക്തിത്വങ്ങളാവണമെന്ന വ്യവസ്ഥയോടുള്ള എതിര്‍പ്പ് അടിസ്ഥാനമില്ലാത്തതാണ്. ഈ രണ്ടംഗങ്ങളെ വിരമിച്ച ജഡ്ജിമാരില്‍ നിന്നോ നിയമവിദഗ്ധരില്‍ നിന്നോ കണ്ടെത്താന്‍ കഴിയുമെന്നും ജസ്റ്റിസ് കട്ജു ചൂണ്ടിക്കാട്ടി.
ജുഡീഷ്യല്‍ നിയമനത്തിനുള്ള കൊളീജിയത്തിന്റെ നടപടികള്‍ തല്‍സമയം ജനങ്ങള്‍ക്കു കാണാനുള്ള സംവിധാനമൊരുക്കുകയും നിയമിതരാവേണ്ട ജഡ്ജിമാരെ കൊളീജിയം വിളിച്ചുവരുത്തി അഭിമുഖം നടത്തുകയും ചെയ്യണമെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നിര്‍ദേശിച്ചു. ഒന്നാംതരം ജഡ്ജിമാരാണ് ഉന്നത കോടതികളില്‍ നിയമിക്കപ്പെടുന്നതെന്ന് ഉറപ്പുവരുത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇന്ത്യന്‍ ജുഡിഷ്യറിയുടെ അകം പൊള്ളയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ലോയേഴ്‌സ് യൂനിയന്‍ ഹൈക്കോടതി യൂനിറ്റ് പ്രസിഡന്റ് കെ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി പി സുധാകര പ്രസാദ്, അഡ്വ. ബി രാജേന്ദ്രന്‍, അഡ്വ. മനോജ്കുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it