ഇന്ത്യക്ക് എന്‍എസ്ജി അംഗത്വമില്ല



സോള്‍: ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമം വിഫലമായി. അംഗത്വത്തിനുള്ള ഇന്ത്യയുടെ അപേക്ഷ 48 അംഗ ആണവ വിതരണ സംഘത്തിന്റെ പ്ലീനറി സമ്മേളനം തള്ളി. [related]
ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പുവയ്ക്കാത്ത രാഷ്ട്രങ്ങള്‍ക്ക് അംഗത്വം നല്‍കുന്നതു സംബന്ധിച്ച് എന്‍എസ്ജിയില്‍ ഉടലെടുത്ത ഭിന്നതയാണ് ഇന്ത്യക്കു വിനയായത്. കരാറില്‍ ഒപ്പുവയ്ക്കാത്തവരെ പരിഗണിക്കില്ലെന്നു ചൈനയുടെ നേതൃത്വത്തില്‍ 10ഓളം രാജ്യങ്ങള്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ചൈനയുടെ എതിര്‍പ്പ് മാത്രമായിരുന്നു ഇന്ത്യക്കു നേരിടേണ്ടിവന്നത്. എന്നാല്‍ ബ്രസീല്‍, ന്യൂസിലന്റ്, തുര്‍ക്കി, ഓസ്ട്രിയ, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ എതിര്‍പ്പുയര്‍ത്തി.
യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയടക്കം എന്‍എസ്ജിയിലെ ഭൂരിപക്ഷം രാഷ്ട്രങ്ങളുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
എന്‍പിടിയില്‍ ഒപ്പുവയ്ക്കാത്ത രാഷ്ട്രങ്ങള്‍ക്ക് അംഗത്വം നല്‍കുന്നതില്‍ സമവായമുണ്ടായില്ലെന്നു ചൈനയുടെ പ്രതിനിധി വാങ്ഖുന്‍ പറഞ്ഞു. എന്‍എസ്ജിയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ എന്‍പിടിയില്‍ ഒപ്പുവയ്ക്കണം. ഈ ചട്ടം അന്താരാഷ്ട്ര സമൂഹമാണു സൃഷ്ടിച്ചതെന്ന് ചൈനയുടെ ആയുധ നിയന്ത്രണ വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍കൂടിയായ വാങ്ഖുന്‍ വ്യക്തമാക്കി.
ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ലഭ്യമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മോദി, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങുമായി താഷ്‌കന്റില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് ഒരു രാഷ്ട്രമാണു തടസ്സംസൃഷ്ടിച്ചതെന്നു ചൈനയുടെ പേര് പരാമര്‍ശിക്കാതെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. അതേസമയം, പ്ലീനറി സമ്മേളനത്തില്‍ സ്വീകരിച്ച നിലപാടിനെ ചൈന ന്യായീകരിച്ചു. എന്‍പിടിയില്‍ ഒപ്പുവയ്ക്കാത്ത രാഷ്ട്രങ്ങളുടെ പ്രവേശനം അജണ്ടയില്‍ ഉണ്ടായിരുന്നില്ലെന്നും ഇന്ത്യയുടെ അപേക്ഷയെ ചൈന എതിര്‍ത്തുവെന്നു പറയുന്നത് ശരിയല്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുഷുന്‍യാങ് പറഞ്ഞു. ആണവ നിര്‍വ്യാപന കരാര്‍ പൂര്‍ണമായും ഫലപ്രദമായി നടപ്പാക്കുന്നതിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചാണു പ്ലീനറി സമ്മേളനം സമാപിച്ചത്.
Next Story

RELATED STORIES

Share it