ഇന്തോ-പാക് സെക്രട്ടറിതല ചര്‍ച്ച ത്രിശങ്കുവില്‍

ന്യൂഡല്‍ഹി/ ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടക്കില്ലെന്ന് ഇന്ത്യ സൂചന നല്‍കി. അക്രമികളെക്കുറിച്ച് ഇന്ത്യ പാകിസ്താനു തെളിവുകള്‍ കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടിയെ ആശ്രയിച്ചായിരിക്കും വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടക്കുകയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ഈ മാസം 15നു ചര്‍ച്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 15ന് എട്ടു ദിവസം ബാക്കിയുണ്ടെന്ന് സ്വരൂപ് ഓര്‍മിപ്പിച്ചു. അതിര്‍ത്തി കടന്നുള്ള ഭീഷണിക്കെതിരേ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പത്താന്‍കോട്ട് ആക്രമണം തെളിയിക്കുന്നത്. പന്ത് ഇപ്പോള്‍ പാകിസ്താന്റെ കളത്തിലാണ്. അക്രമികള്‍ക്കെതിരേ പാകിസ്താന്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ അക്രമികള്‍ക്കെതിരേ ഉടന്‍ കര്‍ശന നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫിനോട് ആവശ്യപ്പെട്ടിരുന്നു. നവാസ് ശരീഫ് നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. നടപടിയെടുക്കാന്‍ സമയപരിധി നിര്‍ദേശിച്ചിട്ടില്ലെന്നും എന്നാല്‍ അടിയന്തര നടപടി എന്ന വാക്കില്‍ അതടങ്ങിയിട്ടുണ്ടെന്നും വികാസ് സ്വരൂപ് പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച സംബന്ധിച്ച് പാകിസ്താനുമായി ബന്ധപ്പെട്ടിട്ടില്ല. വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയ്ക്കു മുന്നോടിയായാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച നിശ്ചയിച്ചിരുന്നത്.
അതേസമയം, പത്താന്‍കോട്ട് ആക്രമണം ചര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഉന്നതതല യോഗം വിളിച്ചു. പാക് ധനമന്ത്രി ഇസ്ഹാഖ് ദര്‍, ആഭ്യന്തരമന്ത്രി അലി ഖാന്‍, വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ (റിട്ട.) നാസര്‍ ഖാന്‍ ജനൂജ, വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരി, രഹസ്യാന്വേഷണ ബ്യൂറോ മേധാവി അഫ്താബ് സുല്‍ത്താന്‍ എന്നിവരും ഉന്നതോദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്.
ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ത്വരിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചതായാണ് അറിയുന്നത്. എന്നാല്‍, ഇന്ത്യ കൈമാറിയത് ചില ടെലിഫോണ്‍ നമ്പറുകള്‍ മാത്രമാണെന്നും കൂടുതല്‍ കൃത്യമായി തെളിവുകള്‍ നല്‍കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അക്രമിസംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിനായി ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷാ സംവിധാനങ്ങള്‍ പുനഃപരിശോധിക്കുമെന്നും കഴിഞ്ഞ ദിവസം പാകിസ്താന്‍ കരസേനാ മേധാവി ജനറല്‍ റഹീല്‍ ശരീഫും അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it