World

ഇന്തോനീസ്യ: ഇസ്‌ലാമിക സൈബര്‍ പ്രവര്‍ത്തകര്‍ ഐഎസിനെതിരേ പ്രചാരണത്തിന്

ജക്കാര്‍ത്ത: ഇസ്‌ലാമിക്് സ്‌റ്റേറ്റ്(ഐഎസ്) സംഘടനയ്‌ക്കെതിരേ പ്രചാരണവുമായി ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യം ഇന്തോനീസ്യയിലെ ഇസ്‌ലാമിക സൈബര്‍ സാമൂഹിക പ്രവര്‍ത്തകര്‍. 500ഓളം അംഗങ്ങളുള്ള നഹ്ദ്‌ലതുല്‍ ഉലമ(എന്‍യു)യാണ് ഇസ്‌ലാമിക ആശയങ്ങളിലൂന്നി ഐഎസ് വിരുദ്ധ പ്രചാരണം ശക്തമാക്കിയത്്. ഹൃദയത്തില്‍ വിദ്വേഷം വച്ചുപുലര്‍ത്തുന്ന അവിവേകികള്‍ ഇസ്‌ലാമിനെ ഏറ്റെടുക്കുന്നതിന് തങ്ങള്‍ അനുവദിക്കില്ലെന്ന് എന്‍യുവിന്റെ സൈബര്‍ സംഘാംഗം സൈഫി അലിയുടെ ട്വീറ്റില്‍ പറയുന്നു. ഐഎസിന്റെ ഇന്റര്‍നെറ്റ് അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ചെറുത്തുനില്‍പ്പു നടത്തുന്നതിലും എന്‍യു പ്രവര്‍ത്തകര്‍ പങ്കാളികളാവുന്നു.ഐഎസിന്റെ ഇന്റര്‍നെറ്റ് വഴിയുള്ള പ്രചാരണം ഇന്തോനീസ്യയില്‍ലെ ചെറുപ്പക്കാരില്‍ സ്വാധീനമുണ്ടാക്കിയിരുന്നതായി എന്‍യു പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തരത്തില്‍ 500ഓളം ചെറുപ്പക്കാര്‍ ഐഎസില്‍ ചേരുന്നതിന്പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് കടന്നിരുന്നു. ജക്കാര്‍ത്തയില്‍ ഈ വര്‍ഷം ജനുവരിയിലുണ്ടായ ബോംബാക്രമണമാണ് രാജ്യത്തെ ഐഎസ് സ്വാധീനം വ്യക്തമാക്കിയത്. ഇതിനെതിരേ സമാധാനത്തിന്റേതായ ഇസ്‌ലാമിക ആശയങ്ങളാണ് തങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് എന്‍യു പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നാലു കോടിയിലധികം ഫോളോവര്‍മാരാണ് എന്‍യുവിനുള്ളതെന്ന് സംഘാംഗമായ യഹ്യ ചോലില്‍ സ്താഖഫ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ക്കു പുറമേ വെബ്‌സൈറ്റുകളും മൊബൈല്‍ ആപുകളും എന്‍യു ആശയപ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it