Thiruvananthapuram

ഇനി തീപാറും പോരാട്ടം: അങ്കത്തട്ടില്‍ കൂടുതല്‍ വനിതകള്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ ജില്ലയില്‍ സ്ഥാനാര്‍ഥികള്‍ ശക്തമായ പ്രചരണവുമായി രംഗത്ത്. പഴിചാരലും പടലപ്പിണക്കങ്ങളുമെല്ലാം മാറ്റിവച്ച് അണികളെല്ലാം പ്രചരണത്തില്‍ സജീവമായി. ഇതോടെ തിരഞ്ഞെടുപ്പിന് ചൂടേറി. ജില്ലയില്‍ ആകെ മല്‍സരരംഗത്തുളള 6,507 സ്ഥാനാര്‍ഥികളാണ്. ഇവരില്‍ 3,308 പേര്‍ വനിതകളാണ്. അവസാന ചിത്രം പുറത്തുവന്നതോടെ കോര്‍പറേഷനില്‍ 503 പേരാണ് മല്‍സരരംഗത്തുള്ളത്. പോസ്റ്റര്‍ ഒട്ടിക്കല്‍ അടക്കമുള്ള ആദ്യഘട്ട തയാറെടുപ്പുകള്‍ക്കു ശേഷം എല്ലാവരും വോട്ടര്‍മാരെ നേരിട്ട് കാണാനുള്ള തിരക്കിലാണ്.

വിമതശല്യവും സൗഹൃദമല്‍സരങ്ങളും നടക്കുമെന്ന് ഉറപ്പായ സ്ഥലങ്ങളിലെല്ലാം ഊണും ഉറക്കുവുമില്ലാതെ സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തിലാണ്. കോര്‍പറേഷനില്‍ പേരൂര്‍ക്കട, വലിയതുറ, പുത്തന്‍പള്ളി വാര്‍ഡുകളിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. 11 വാര്‍ഡുകളില്‍ കുറവ് സ്ഥാനാര്‍ഥികളും മല്‍സരിക്കുന്നു. പേരൂര്‍ക്കട, വലിയതുറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ ഒമ്പത് പേര്‍ വീതമാണ് മല്‍സരിക്കുന്നത്. പേരൂര്‍ക്കടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എസ് അനില്‍ കുമാര്‍, ബിജെപിയുടെ എസ് ചന്ദ്രമോഹന്‍, യുഡിഎഫിന്റെ മണ്ണാംമൂല രാജന്‍ എന്നിവരാണ് മല്‍സരിക്കുന്നത്.

ഇവരെക്കൂ—ടാതെ ടി എസ് അനില്‍ കുമാര്‍, ജെ ജയന്തി, രാജേഷ് കുമാര്‍, രാജേഷ് മണ്ണാംമൂല, കെ കെ രവീന്ദ്രനാഥ്, പേരൂര്‍ക്കട ഡി സുകു എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. വനിതാ വാര്‍ഡായ വലിയതുറയില്‍ ഐറിന്‍ ദാസന്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയില്‍ നിന്ന് ത്രേസ്യാമ്മ, യുഡിഎഫില്‍ ഷീബ പാട്രിക് എന്നിവരാണ് മല്‍സരിക്കുന്നത്. അമല, ഗീത ബിജു, രഞ്ചു ആന്റണി, ഷീല ആന്‍േറാ, റജീന, റസിയ ഇര്‍ഷാദ് എന്നിവരാണ് മറ്റ് ചിഹ്നങ്ങളില്‍ മല്‍സരിക്കുന്നത്. പുത്തന്‍പള്ളി വാര്‍ഡില്‍ എസ് നൂര്‍ജഹാനാണ് എല്‍ഡിഎഫിനു വേണ്ടി മല്‍സരിക്കുന്നത്. ബിജെപിയില്‍ നിന്ന് നാസില എസ് എന്‍, യുഡിഎഫില്‍ നിന്ന് റജീന മാഹീന്‍ എന്നിവരുമാണ് മല്‍സരിക്കുന്നത്. നസീമ ടീച്ചര്‍, നൂര്‍ജഹാന്‍, ഫാത്തിമ ബീവി, ഷീജ, ഷൈനി. എസ്, സുഹൈന ജൗഹറ. എസ് എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന 11 വാര്‍ഡുകളിലും പ്രധാനമുന്നണികള്‍ക്ക് മാത്രമാണ് സ്ഥാനാര്‍ഥികളുള്ളത്. പാപ്പനംകോട്, നെടുങ്കാട്, മുല്ലൂര്‍, വെള്ളാര്‍, കുര്യാത്തി, പെരുന്താന്നി, പാല്‍ക്കുളങ്ങര, ആറ്റിപ്ര, പള്ളിത്തുറ, ആറന്നൂര്‍, പൊന്നുമംഗംലം എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനര്‍ഥികള്‍. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി എന്നീ മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇവിടെ മല്‍സരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 4,863 പേരും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 509 പേരും ജില്ലാ പഞ്ചായത്തിലേക്ക് 97 പേരും മുനിസിപ്പാലിറ്റികളിലേക്ക് 535 പേരുമാണ് മല്‍സരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലേക്ക് മല്‍സരിക്കുന്നതില്‍ 2,479 പേര്‍ സ്ത്രീകളാണ്. ബ്ലോക്ക് പഞ്ചായത്തിലേക്ക് 2,384 മല്‍സരിക്കുന്നതില്‍ 267 പേര്‍ വനിതകളും 242 പേര്‍ പുരുഷന്മാരുമാണ്. ജില്ലാപഞ്ചായത്തിലേക്ക് മല്‍സരിക്കുന്നവരില്‍ 43 പേര്‍ സ്ത്രീകളും 54 പേര്‍ പുരുഷന്മാരുമാണ്. മുനിസിപ്പാലിറ്റികളില്‍ അങ്കത്തിനുള്ളവരില്‍ 265 പേര്‍ സ്ത്രീകളും 270 പേര്‍ പുരുഷന്മാരുമാണ്.
Next Story

RELATED STORIES

Share it