Life Style

ഇനി ജീവിതം വെളിവോടെ


ടി. മുംതാസ്

കോഴിക്കോട്ട് ഈയിടെ നിസ്സാര കേസില്‍ പോലിസ് ജയിലിലടച്ച മദ്യപനെ ജാമ്യത്തിലിറക്കണമെന്നാവശ്യപ്പെട്ട് കൂട്ടുകാരിലൊരാള്‍, അയാളുടെ മക്കളെ സമീപിച്ചു. 'ബാപ്പയുടെ കാര്യം പറഞ്ഞ് ആരും ഇങ്ങോട്ടു വരരുതെ'ന്നായിരുന്നു മക്കളുടെ പ്രതികരണം. ജയിലില്‍ തന്നെ കിടന്നോട്ടെ, വീട്ടില്‍ അത്രയും സമാധാനം കിട്ടുമല്ലോ എന്നായിരുന്നു ഭാര്യയുടെ നിലപാട്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മദ്യപന്‍ പരിക്കേറ്റു വഴിയില്‍ കിടന്നാല്‍പോലും ആരും തിരിഞ്ഞുനോക്കില്ല. എന്തിന് ഹൃദയാഘാതം വന്ന് മദ്യഷാപ്പിനു സമീപം വീണുകിടന്നയാള്‍ ആശുപത്രിയിലെത്തിക്കാനാളില്ലാതെ മരണത്തിനു കീഴടങ്ങിയ സംഭവംവരെ നാട്ടിലുണ്ടായിട്ടുണ്ട്. മദ്യത്തോടു കൂട്ടുകൂടി സമൂഹത്തില്‍നിന്ന് ഇത്തരത്തിലുള്ള അവജ്ഞയും ഒറ്റപ്പെടുത്തലും ഏറ്റുവാങ്ങിയ പതിനായിരങ്ങള്‍ ഇന്ന് ആല്‍ക്കഹോളിക് അനോണിമസിലൂടെ മാന്യന്‍മാരായി ജീവിക്കുന്നു, മദ്യലഹരിയില്‍നിന്നു മുക്തി നേടി സുബോധം ആഘോഷിക്കുന്നവരുടെ കൂട്ടായ്മയിലൂടെ സ്വയം തിരുത്തിയും മറ്റുള്ളവരെ തിരുത്തിച്ചും.ശ്യാമിന്റെ അച്ഛന്‍മൂക്കറ്റം കുടിച്ച് വീട്ടില്‍ വന്ന് ബഹളമുണ്ടാക്കുകയും അമ്മയെ മര്‍ദ്ദിക്കുകയും ചെയ്യുന്ന അച്ഛനെ കാണുന്നതുപോലും വിദ്യാര്‍ഥിയായ ശ്യാമിന് വെറുപ്പായിരുന്നു. അവന്‍ വീട്ടില്‍ തന്നെ ചടഞ്ഞുകൂടിയിരിക്കും. മിഠായി വാങ്ങാന്‍ കടയില്‍ക്കയറാന്‍ പോലും മടിയായിരുന്നു. മദ്യപിച്ചു ലക്കുകെട്ട അച്ഛന്‍ ഉടുതുണിപോലുമില്ലാതെ ആ കടത്തിണ്ണയിലെങ്ങാന്‍ ഉണ്ടായാലോ? അയാളുടെ മകനാണു താനെന്ന് ആളുകള്‍ പറയില്ലേ, തുടങ്ങിയ ആശങ്കകളായിരുന്നു ശ്യാമിനെ വിഷാദരോഗിയാക്കിയത്. വീട്ടില്‍ അടുപ്പു പുകയ്ക്കാന്‍ ശ്യാമിന്റെ അമ്മ പാടുപെടുന്നതുകണ്ട് അവന്റെ ക്ലാസ് ടീച്ചറാണ് ആല്‍ക്കഹോളിക് അനോണിമസിനെക്കുറിച്ച് ഇവരോടു പറഞ്ഞത്. സിനിമയ്ക്കുപോവാമെന്നും ഫുള്‍ബോട്ടില്‍ വാങ്ങിത്തരാമെന്നും പറഞ്ഞാണ് അമ്മ, അച്ഛനെ കോഴിക്കോട്ടെ സുരക്ഷാ ആശുപത്രിയില്‍ എത്തിച്ചത്. അന്നുതൊട്ട് 12 വര്‍ഷമായി ശ്യാമിന്റെ അച്ഛന്‍ മദ്യം തൊട്ടിട്ടില്ല. മദ്യപാനം നിര്‍ത്തി രണ്ടു സഹോദരിമാരെ നല്ല നിലയില്‍ കെട്ടിച്ചയച്ച അച്ഛന്‍ ഇന്ന് ശ്യാമിന് അഭിമാനമാണ്. ഇങ്ങനെ ലഹരി നുകര്‍ന്ന് സര്‍വവും നഷ്ടപ്പെടുത്തി, ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ച്, തെറിവിളിച്ച്, അന്യരുടെ മുമ്പില്‍ അപമാനിച്ച അനേകംപേര്‍ ഇന്ന് ആല്‍ക്കഹോളിക് അനോണിമസ് (എ.എ) അഥവാ മദ്യപാനികളുടെ അജ്ഞാതസംഘത്തിലൂടെ എല്ലാം തിരിച്ചുപിടിക്കുന്നു. മദ്യാസക്തി ഒരു രോഗമാണെന്നു തിരിച്ചറിഞ്ഞ ഇവര്‍ സ്വയം നിയന്ത്രിച്ച് അതിനെ പ്രതിരോധിക്കുന്നു. തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച് മദ്യാസക്തരായ കൂടുതല്‍ പേരെ അതില്‍നിന്നു മേചിപ്പിക്കുകയാണിവര്‍. ബില്ലും ബോബുംഉയിര്‍ത്തെഴുന്നേല്‍പ്പിനായി മുഴുക്കുടിയന്‍മാര്‍ രൂപീകരിച്ച കൂട്ടായ്മയാണ് ആല്‍ക്കഹോളിക് അനോണിമസ്. മദ്യപാനത്തില്‍നിന്നു മുക്തിനേടി സുബോധാവസ്ഥ ആഘോഷിക്കുന്നവരുടെ കൂട്ടായ്മ.1935ല്‍ അമേരിക്കയിലെ ഓഹിയോയില്‍ മദ്യപരായ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ആല്‍ക്കഹോളിക് അനോണിമസ് രൂപീകരിച്ചത്. ബില്ലും ബോബും. ബിസിനസുകാരനായ ബില്ലും ഡോക്ടറായ ബോബും മുഴുക്കുടിയന്‍മാരായിരുന്നു. ബില്‍ അവിചാരിതമായി മദ്യപാനത്തില്‍നിന്നു മോചനം നേടി. ഇതോടെ ജീവിതത്തില്‍ നല്ല മാറ്റം വന്നുവെന്ന് ബോധ്യപ്പെട്ട ബില്‍ കൂട്ടുകാരനായ ബോബിനെയും മദ്യപാനത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമം തുടങ്ങി. അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ മദ്യാസക്തിയില്‍ നിന്നു മോചനം നേടാന്‍ കഴിയുമെന്നായിരുന്നു ഇവരുടെ നിഗമനം. മറ്റു സുഹൃത്തുക്കളില്‍ പരീക്ഷിച്ചപ്പോള്‍ ഇതു വിജയംകണ്ടു. തുടര്‍ന്ന് ഇവര്‍ തങ്ങളുടെ കൂട്ടായ്മ ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങി. കേരളത്തില്‍ കോഴിക്കോട്ടാണ് 1992ല്‍ ആദ്യത്തെ എ.എ. ഗ്രൂപ്പ് രൂപീകരിച്ചത്. സാഹിത്യകാരനും സാമൂഹികശാസ്ത്ര അധ്യാപകനുമായ എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ നേതൃത്വത്തില്‍. പ്രായവ്യത്യാസമില്ലാതെ ആര്‍ക്കും ഇതില്‍ അംഗങ്ങളാവാം. മദ്യപാനം നിര്‍ത്തണമെന്ന ആഗ്രഹം മാത്രമാണു യോഗ്യത. എല്ലാ ദിവസവും എ.എ. അംഗങ്ങള്‍ ഒത്തുകൂടും. മദ്യാസക്തി കൂടുതലാവുന്ന സായാഹ്നങ്ങളിലാണ് ഒത്തുചേരുക. (വൈകുന്നേരം എന്താണു പരിപാടി എന്ന മോഹന്‍ലാല്‍ വാക്യം ഓര്‍മിക്കുക). ആഴ്ചയില്‍ ഒരു ദിവസത്തെ യോഗത്തില്‍ കുടുംബാംഗങ്ങളും പങ്കെടുക്കും. കുടുംബാംഗങ്ങള്‍ക്കുണ്ടാക്കിയ മുറിവുകള്‍ക്കു പരിഹാരം കണ്ടെത്തലും അവരുടെ പിന്തുണ ഉറപ്പിക്കലുമാണ് ഇതിന്റെ ലക്ഷ്യം. ആദ്യമാദ്യം ആരുടെയോ നിര്‍ബന്ധത്തിനു വഴങ്ങി യോഗങ്ങളിലെത്തുന്നവര്‍ പിന്നീടു തികഞ്ഞ ആത്മാര്‍ഥതയോടെയാണു പങ്കെടുക്കുക. ''ദൈവമേ... മാറ്റാന്‍ പറ്റാത്തവയെ സ്വീകരിക്കാനുള്ള പ്രശാന്ത മനസ്ഥിതിയും മാറ്റാന്‍ പറ്റുന്നവയെ മാറ്റാനുള്ള ധൈര്യവും ഇവയെ തമ്മില്‍ തിരിച്ചറിയാനുള്ള വിവേകവും എനിക്കു നല്‍കണമേ...'' എന്ന പ്രാര്‍ഥനയോടുകൂടിയാണ് എ.എ. മീറ്റിങുകള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും. മദ്യാസക്തിയെന്ന രോഗം മൂക്കറ്റം കുടിച്ച് വീട്ടിലും നാട്ടിലും പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരാള്‍ രോഗിയാണെന്നു വിശ്വസിക്കുക നമുക്കു പ്രയാസമായിരിക്കും. ഇവരുണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ. കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ, ആഘോഷങ്ങളില്‍ അടിച്ചുപൊളിക്കാനോ തുടങ്ങുന്ന കുടി ക്രമേണ മദ്യാസക്തിയെന്ന ആജീവനാന്തരോഗമായി മാറുന്നു. മദ്യപാനം ഒരാളുടെ ശരീരത്തെയോ മനസ്സിനെയോ കുടുംബ, സാമൂഹിക ബന്ധങ്ങളെയോ ഗുരുതരമായി ബാധിക്കുമ്പോഴാണ് അത് മദ്യാസക്തി രോഗമാവുന്നത്. ഇതിനെ ലോകാരോഗ്യസംഘടനയും രോഗമായി അംഗീകരിച്ചിട്ടുണ്ട്. മദ്യാസക്തി ഇല്ലാതാക്കാന്‍ വൈദ്യലോകം ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. നിയന്ത്രിച്ചു നിര്‍ത്താമെന്നു മാത്രം. ആസക്തി മാനസികമായും സമൂഹികമായും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അതിഗുരുതരമായിരിക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇതുണ്ടാക്കിയ മുറിവുകള്‍ ഉണങ്ങില്ല. മദ്യാസക്തിയുടെ പ്രത്യാഘാതം കുടുംബത്തെയാണു കൂടുതല്‍ ബാധിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇതിനു പ്രതിവിധിയെന്ന വ്യാജേന ധാരാളം തട്ടിപ്പുകളും നടക്കുന്നുണ്ട്. മദ്യപന്‍ അറിയാതെ ഭക്ഷണത്തില്‍ മരുന്നു കലര്‍ത്തിയും മന്ത്രവാദത്തിലൂടെയും മദ്യാസക്തി ഇല്ലാതാക്കാം എന്ന അവകാശവാദങ്ങള്‍ ശുദ്ധതട്ടിപ്പാണെന്ന് എ.എ. ഗ്രൂപ്പുകള്‍ക്ക് കൗണ്‍സലിങ് നല്‍കുന്ന ഹാഫിസ് മുഹമ്മദ് പറയുന്നു. ഇവര്‍ക്കിത് പുനര്‍ജന്‍മം100 രൂപ നോട്ടെടുത്തു കാണിച്ച് മദ്യം വാങ്ങിത്തരാമെന്നു പറഞ്ഞ് ഭാര്യ തന്നെ എങ്ങോട്ടൊ കൊണ്ടുപോയ ദിവസം സജീന്ദ്രന് പുനര്‍ജന്‍മ നാളാണ്. പെഗ്ഗ് ആദ്യമായി കിട്ടാതിരുന്ന ആ ദിവസം. ലഹരിക്കടിമപ്പെട്ട് പേന പിടിക്കാന്‍പോലുമാവാത്ത അവസ്ഥയിലെത്തിയപ്പോഴാണു കണക്കെഴുത്തുകാരനായ സജീന്ദ്രനെ കമ്പനിയില്‍ നിന്നു പുറത്താക്കിയത്. പിന്നീടു മദ്യപിക്കാന്‍ പണം കിട്ടാതായതോടെ ഭാര്യയെ മര്‍ദ്ദിക്കലായി. രാപ്പകല്‍ ഭേദമില്ലാതെ കുടിച്ച് കടത്തിണ്ണയിലോ മറ്റോ വീണുകിടക്കും. കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ഭാരമായപ്പോഴാണു ഭാര്യ ഇദ്ദേഹത്തെ സുരക്ഷാ ആശുപത്രിയിലെത്തിച്ചത്. അന്ന് തനിക്കു രണ്ടാംജന്‍മം ലഭിക്കുകയായിരുന്നുവെന്ന് സജീന്ദ്രന്‍ പറയുന്നു.

17 വര്‍ഷത്തോളമായി ഇദ്ദേഹം എ.എയിലൂടെ സുബോധം ആഘോഷിക്കുകയാണ്. ഡീ അഡിക്ഷന്‍ ചികില്‍സാകേന്ദ്രങ്ങളിലെത്തിച്ച് ആദ്യമായി തങ്ങള്‍ക്കു മദ്യം കിട്ടാതിരുന്ന ദിവസം പുനര്‍ജന്‍മനാളായാണ് എ.എ. അംഗങ്ങള്‍ ആഘോഷിക്കുന്നത്. മദ്യം ജീവിതത്തെ പാടെ തകര്‍ത്തെറിഞ്ഞ ശേഷമായിരിക്കും ഓരോരുത്തരും എ.എയിലെത്തുക. ചിലര്‍ക്കു കുടുംബംതന്നെ നഷ്ടപ്പെട്ടുകാണും. സുബോധം തിരിച്ചുകിട്ടി, താന്‍ കുടിച്ചു മുടിപ്പിച്ചതിന്റെ വ്യാപ്തി തിരിച്ചറിയുമ്പോഴുണ്ടാവുന്ന കടുത്ത നിരാശ ഇവരെ വീണ്ടും കുടിക്കാന്‍ പ്രേരിപ്പിക്കും. ഈ പ്രേരണ ഇല്ലാതാക്കലാണ് എ.എ. യോഗങ്ങളിലെ പ്രധാന അജണ്ട. ഒരു സ്മാള്‍ ഒന്നിനും പരിഹാരമല്ലെന്നും അതു വേണ്ടെന്നുവച്ചാല്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാമെന്നുമുള്ള സന്ദേശമാണ് അംഗങ്ങള്‍ പരസ്പരം കൈമാറുന്നത്. പ്രശ്‌നം പങ്കുവച്ചും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചും ഇന്നു കുടിക്കില്ല എന്ന തീരുമാനത്തിലെത്തും. അത് ആഴ്ചകളായും മാസങ്ങളായും വര്‍ഷങ്ങളായും നീണ്ടുപോവുന്നു. അങ്ങനെ വര്‍ഷങ്ങളോളം മദ്യപിക്കാത്തവരാണ് ഈ കൂട്ടായ്മയിലെ ലക്ഷക്കണക്കിനു പേര്‍. ചികില്‍സമദ്യാസക്തി രോഗത്തിനു പലവിധത്തിലുള്ള ചികില്‍സകള്‍ ഇന്നു നിലവിലുണ്ട്. എന്നാല്‍, ഒന്നു കൊണ്ടും പൂര്‍ണ മുക്തി നേടാനാവില്ല. ഇതു വ്യക്തിയുടെ രോഗമാണെങ്കിലും കുടുംബത്തിലും സമൂഹത്തിലും അതു പ്രതിഫലിക്കുമെന്നതുകൊണ്ട് ഇതു പരിഗണിക്കാതെയുള്ള ചികില്‍സ ഫലപ്രദമാവില്ല. മദ്യാസക്തിക്കടിമപ്പെട്ടയാള്‍ ഒരിക്കലും സ്വയം ചികില്‍സാകേന്ദ്രത്തില്‍ എത്തില്ല. കുടുംബാംഗങ്ങള്‍ തന്ത്രപൂര്‍വം എത്തിക്കണം. മദ്യാസക്തി ഒരു രോഗമാണെന്നും അതില്‍നിന്നു മോചനം വേണമെന്നുമുളള ആഗ്രഹം മദ്യപാനിയിലുണ്ടാക്കുക എന്നതാണു ചികില്‍സയുടെ ആദ്യപടി. പിന്നീടു രോഗം നിര്‍ണയിച്ച് വൈദ്യ-മനശ്ശാസ്ത്ര ചികില്‍സകള്‍ നല്‍കും. മദ്യത്തിന്റെ ശാരീരിക-മാനസിക അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കാനാണിത്. കേരളത്തില്‍ ആദ്യമായി തുടങ്ങിയ ഡി-അഡിക്ഷന്‍ സെന്ററുകളിലൊന്നായ കോഴിക്കോട് സുരക്ഷയില്‍ 31 ദിവസത്തെ ചികില്‍സയാണു മദ്യാസക്തിയില്‍ നിന്നു മോചിതരാവാനെത്തുന്നവര്‍ക്കു നല്‍കുന്നത്. ചികില്‍സാ സമയത്ത് കുടുംബത്തിലെ ഏറ്റവും അടുത്ത വ്യക്തി (ഭാര്യ/മാതാവ്) അടുത്തുവേണം എന്നു നിര്‍ബന്ധമാണ്. മദ്യാസക്തിയില്‍ മുക്തിനേടുന്നയാളുടെ പ്രശ്‌നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാനും അയാളെ പുതിയ വ്യക്തി ആയി അംഗീകരിക്കാനും ഇത് അത്യാവശ്യമാണെന്നു സുരക്ഷാ ഡയറക്ടര്‍ നാസര്‍ പറയുന്നു.ശരീരത്തില്‍ മദ്യത്തിന്റെ അളവ് ഇല്ലാതാക്കലും പതിവായി കുടിക്കുന്നവനു മദ്യം ലഭിക്കാതിരി ക്കുമ്പോഴുണ്ടാവുന്ന പിന്‍മാറ്റ അസ്വസ്ഥതകള്‍ (വിഡ്രോവല്‍ സിന്‍ഡ്രംസ്) ഇല്ലാതാക്കുകയുമാണ് ആദ്യം ചെയ്യുക. നാലോ അഞ്ചോ ദിവസത്തെ ചികില്‍സയിലൂടെ ശരീരത്തെ പൂര്‍വസ്ഥിതിയിലെത്തിച്ച ശേഷമാണു മാനസിക അടിമത്തം മാറ്റാനുള്ള കൗണ്‍സലിങും ബോധവല്‍ക്കരണ ക്ലാസുകളും നല്‍കുന്നത്. കുടുംബത്തിലും സമൂഹത്തിലും മാന്യതയും അംഗീകാരവും ലഭിക്കല്‍ ഇത്തരക്കാര്‍ക്കു സുബോധാവസ്ഥ നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. അതിനായി വ്യക്തിഗത കൗണ്‍സലിങ്, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, തൊഴിലിടങ്ങളിലെ സഹപ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചു പ്രത്യേക കൗണ്‍സലിങുകളും നല്‍കുന്നു. ഒരുമാസത്തെ ചികില്‍സയ്ക്കുശേഷം പുനരധിവാസത്തിനായി എ.എ. സംഘങ്ങളുമായി ഇവരെ ബന്ധപ്പെടുത്തും. പിന്നീട് രണ്ടുവര്‍ഷത്തോളം ഇവരെ നിരന്തരം നിരീക്ഷിക്കും. കുടുംബമാണു ശക്തിസുബോധാവസ്ഥ നിലനിര്‍ത്തുന്നതില്‍ കുടുംബത്തിന്റെ പങ്ക് വളരെ വലുതാണ്. മദ്യപാനത്തില്‍ നിന്നു വിടുതല്‍ നേടിയയാളെ പുതിയ വ്യക്തിയായി വേണം കാണാന്‍. ഇതിനു കുടുംബാംഗങ്ങളുടെ സ്വഭാവത്തിലും സമീപനത്തിലും മാറ്റംവരുത്തണം. ഒരു പുതിയ ജീവിതാന്തരീക്ഷമായിരിക്കണം പിന്നീടു ലഭിക്കുന്നത്. രോഗിയെ എല്ലാവിധത്തിലും സഹായിക്കാനും അവരോടു ക്ഷമയോടെ പെരുമാറാനും കുടുംബാംഗങ്ങള്‍ സന്നദ്ധരാവണം. നിരാശയും കുറ്റബോധവും ഇല്ലാതാക്കി ഇവരില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്തം കുടുംബത്തിനാണ്. ലഹരിയോടു കൂട്ടുകൂടി ചെയ്ത കാര്യങ്ങള്‍ പറഞ്ഞ് കുറ്റപ്പെടുത്തിയാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയും. ഇതു പുനര്‍പതനത്തിലേക്കായിരിക്കും നയിക്കുക. ഇതു തടയാന്‍ ഇത്തരക്കാരോടു ചെറിയ കുട്ടികളോടെന്നപോലെ സംയമനത്തോടെ പെരുമാറണമെന്ന് എ.എ. അംഗങ്ങളുടെ ഭാര്യമാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. ി
Next Story

RELATED STORIES

Share it