ഇനി കുമ്മനം മോഡല്‍ ബിജെപി

ഇനി കുമ്മനം മോഡല്‍ ബിജെപി
X
slug--rashtreeya-keralamകേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാനുള്ള ലാസ്റ്റ് ബസ് എന്ന നിലയിലാണ് ഏപ്രില്‍ അവസാനത്തിലോ മെയ് ആദ്യമോ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ ബിജെപി നേതൃത്വം കാണുന്നത്. അണിയത്തും അമരത്തും പല തവണ ആളുകളെ മാറ്റി പരീക്ഷിച്ചിട്ടും വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെയെന്നതാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ അവസ്ഥ. ഒരിഞ്ചു മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണയും തല്‍സ്ഥിതി തുടരുകയാണെങ്കില്‍ കട്ടയും പടവും മടക്കി കച്ചവടം മതിയാക്കുന്നതാണ് നല്ലതെന്നു ബിജെപിക്കു മാത്രമല്ല, സാക്ഷാല്‍ ആര്‍എസ്എസിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്കുതന്നെ ബോധ്യപ്പെട്ടുകഴിഞ്ഞു. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായുള്ള കുമ്മനം രാജശേഖരന്റെ നിയമനവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ഇതിന്റെ വ്യക്തമായ സൂചനയാണ്.
ബിജെപി നേതൃത്വം ഇക്കാലമത്രയും പറയുകയും നടത്തുകയും ചെയ്ത രാഷ്ട്രീയ പ്രവര്‍ത്തനം ആര്‍എസ്എസിന് എത്രത്തോളം ബോധിച്ചിട്ടുണ്ടെന്നത് പുതിയ തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. ഇനി നേതാക്കളാരും കൂടുതല്‍ വര്‍ത്തമാനം പറയേണ്ടെന്നും ചെയ്യാനുള്ളത് തങ്ങള്‍ നേരിട്ടങ്ങ് ചെയ്‌തോളാമെന്നുമാണ് ലക്ഷണമൊത്ത സംഘപരിവാരക്കാരനായ കുമ്മനത്തെ അധ്യക്ഷസ്ഥാനത്തേക്ക് അവരോധിച്ചുകൊണ്ട് ബിജെപി സംസ്ഥാന ഘടകത്തിന് ആര്‍എസ്എസ് നല്‍കുന്നത്.
അപ്പോള്‍ ഇതിനു മുമ്പ് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഇരുന്നവരാരും ആര്‍എസ്എസ് ബന്ധമില്ലാത്തവരായിരുന്നോ എന്ന ചോദ്യം സ്വാഭാവികം. സാക്ഷാല്‍ കെ ജി മാരാര്‍ മുതല്‍ വി മുരളീധരന്‍ വരെയുള്ള സംസ്ഥാന പ്രസിഡന്റുമാരില്‍ ഏറക്കുറേ എല്ലാവരുംതന്നെ കാക്കി നിക്കറുമിട്ട് കുറുവടിയും കറക്കി ആര്‍എസ്എസ് ശാഖയില്‍ പയറ്റിത്തെളിഞ്ഞ പത്തര മാറ്റ് സ്വയംസേവകര്‍ തന്നെയായിരുന്നു. പക്ഷേ, ഇവരൊക്കെ ബിജെപിയുടെ പല ഘടകങ്ങളില്‍ എവിടെയെങ്കിലുമൊക്കെ പ്രവര്‍ത്തിച്ച് പാര്‍ട്ടിക്കാരന്‍ എന്ന ലേബലോടെയാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്.
എന്നാല്‍, ആര്‍എസ്എസ് പ്രചാരകന്‍ മുതല്‍ ആറന്മുള വിമാനത്താവള വിരുദ്ധ സമരം വരെയുള്ള കുമ്മനം രാജശേഖരന്റെ സംഘടനാ പ്രവര്‍ത്തന പശ്ചാത്തലം പരിശോധിച്ചാല്‍ ബിജെപി എന്ന മൂന്നക്ഷരം മഷിയിട്ടുനോക്കിയാല്‍ പോലും കാണാന്‍ കിട്ടില്ല. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന അന്നുവരെ ബിജെപിയുടെ ഏതെങ്കിലും ബൂത്ത് കമ്മിറ്റിയുടെ ഹാജര്‍ബുക്കില്‍ കുമ്മനത്തിന്റെ പേരുണ്ടായിരുന്നോ എന്നു സത്യസന്ധമായി വ്യക്തമാക്കാനുള്ള ബാധ്യത ആ പാര്‍ട്ടിക്കുണ്ട്.
സ്വന്തം സംസ്ഥാന പ്രസിഡന്റിന്റെ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യം എന്തെന്നു നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ രാജ്യം ഭരിക്കുന്ന കക്ഷിയുടെ സംസ്ഥാന ഘടകത്തിനുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു തള്ളിക്കളയാനാവില്ല. ഇനി അങ്ങനെയൊന്നു ചൂണ്ടിക്കാട്ടാന്‍ ഇല്ലെങ്കില്‍, കുമ്മനം രാജശേഖരന്‍ ഇതുവരെ പാര്‍ട്ടിക്കാരന്‍ അല്ലായിരുന്നുവെന്നും ഒരു കറകളഞ്ഞ ഹിന്ദുത്വവാദി പാര്‍ട്ടിനേതൃത്വത്തിലേക്ക് കടന്നുവരുകയെന്ന ആര്‍എസ്എസിന്റെ താല്‍പര്യത്തിന്റെ സാക്ഷാല്‍ക്കാരമാണ് കുമ്മനത്തിന്റെ പ്രസിഡന്റ്പദമെന്നും വിലയിരുത്താന്‍ ബിജെപിയിതര പൊതുസമൂഹത്തിന് അവകാശമുണ്ട്.
ആര്‍എസ്എസുകാരന്‍ നേരിട്ട് ബിജെപിയുടെ തലപ്പത്തേക്ക് എത്തുന്നത് സ്വാഭാവികമാണെന്നും രണ്ടു കൂട്ടരും തമ്മിലുള്ള ബന്ധം അറിയാത്തവരാണ് വിമര്‍ശകര്‍ എന്നുമാണ് പുതിയ പ്രസിഡന്റ് അടക്കമുള്ളവരുടെ വാദം. ബിജെപിയും ആര്‍എസ്എസും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്നും എവിടെയോ കണ്ടുമറന്ന പരിചയം മാത്രമേയുള്ളൂവെന്നും നാട്ടുകാര്‍ അപ്പടി തെറ്റിദ്ധരിച്ചുവച്ചിരിക്കുന്നുവെന്നുമാണ് സംഘപരിവാര നേതാക്കളുടെയും വക്താക്കളുടെയും പ്രസ്താവനകള്‍ കേട്ടാല്‍ തോന്നുക.
ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള ബന്ധം അമ്മയും കുഞ്ഞും പോലെയാണെന്നും ആര്‍എസ്എസ് പറയുകയും ബിജെപി അനുസരിക്കുകയുമാണ് രീതിയെന്നും അടിസ്ഥാന രാഷ്ട്രീയം അറിയാവുന്ന ശരാശരി ഇന്ത്യക്കാരനു നന്നായി ബോധ്യമുള്ള കാര്യമാണ്. എന്നാല്‍, അത് അങ്ങനെയല്ലെന്നും സ്വന്തമായ നയനിലപാടുകളും രാഷ്ട്രീയമായ അസ്തിത്വവും സംഘടനാശേഷിയുമൊക്കെയുള്ള ഒരു സ്വതന്ത്ര കക്ഷിയാണ് ബിജെപിയെന്നു പറഞ്ഞു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ബിജെപി നേതാക്കള്‍ തന്നെയാണ്.
ബിജെപി ഇല്ലാതെ മതസൗഹാര്‍ദ സമ്മേളനങ്ങള്‍ സമ്പൂര്‍ണമാവില്ലെന്നു ധരിച്ചുവച്ചിരിക്കുന്ന പാവം ചില സമുദായ സംഘടനാ നേതാക്കളും ചില ഇഫ്താര്‍ കമ്മിറ്റിക്കാരുമല്ലാതെ രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ആരും ഇന്നേവരെ ഇതു വിശ്വസിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
വി മുരളീധരനു ശേഷം ആര് കേരള ബിജെപിയെ നയിക്കുമെന്ന ചര്‍ച്ചയില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പ്രസിഡന്റ് കുപ്പായത്തിന് അളവെടുത്തു കാത്തിരുന്നവര്‍ക്ക് അതേക്കുറിച്ച് സ്വപ്‌നം കാണാനുള്ള അവസരം പോലും ഇക്കുറി ആര്‍എസ്എസ് നല്‍കിയില്ല. സംഘപരിവാര പ്രസിദ്ധീകരണങ്ങളുടെ ചുമതലയുള്ള ബാലശങ്കറിന്റെ പേരാണ് ആദ്യം കേട്ടിരുന്നതെങ്കില്‍ പിന്നീട് അത് കുമ്മനത്തിലേക്കു വഴിമാറുകയായിരുന്നു.
മൃഗീയ ഭൂരിപക്ഷത്തോടെ കേന്ദ്രഭരണം കൈയില്‍ ലഭിച്ചതു മുതല്‍ ബിജെപി കേരള ഘടകത്തില്‍ ആര്‍എസ്എസ് പിടിമുറുക്കിത്തുടങ്ങിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും ചില മേഖലകളില്‍ ഉണ്ടായ മുന്നേറ്റം ഇതിന് ആക്കംകൂട്ടി. രാജ്യമെമ്പാടും ശരവേഗത്തില്‍ നടക്കുന്ന തീവ്രഹിന്ദുത്വ പ്രചാരണം ശക്തമാക്കാന്‍ അനുകൂലമായ സാഹചര്യം വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റയാത്രയിലൂടെ കേരളത്തിലും കൈവന്നുവെന്ന വിലയിരുത്തല്‍ കൂടിയായതോടെ ആര്‍എസ്എസിന്റെ നേരിട്ടുള്ള ഇടപെടലിനു കളമൊരുങ്ങുകയായിരുന്നു. ബിജെപി സംസ്ഥാന ഘടകത്തിലെ ചേരിപ്പോര് ബാക്കിയുള്ള കാര്യങ്ങള്‍ എളുപ്പമാക്കി.
ഇപ്പോഴിതാ ആര്‍എസ്എസ് മേധാവി നേരിട്ട് കേരളത്തിലെത്തി തുടര്‍പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. പുതിയ സാഹചര്യത്തില്‍ സംഘപരിവാരം ലക്ഷ്യമിടുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേരളത്തിലെ മുന്നോട്ടുപോക്ക് തന്നെയായിരുന്നു ആര്‍എസ്എസ് മേധാവി നടത്തിയ ചര്‍ച്ചകളുടെ ഉള്ളടക്കം. കാര്യങ്ങള്‍ ഇത്രയൊക്കെയായ സ്ഥിതിക്ക്, ചില സാക്ഷിമാരും സാധ്വിമാരും ഠാക്കൂറുമാരുമെല്ലാംകൂടി ഹിന്ദിബെല്‍റ്റില്‍ കാട്ടിക്കൂട്ടുന്ന തീവ്രഹിന്ദുത്വ പ്രവര്‍ത്തനങ്ങളുടെ പാപഭാരം മുഴുവന്‍ സംഘപരിവാരത്തിന്റെ തലയില്‍ കെട്ടിവച്ച്, തങ്ങള്‍ ഇക്കൂട്ടത്തില്‍ പെടില്ലെന്നു പറഞ്ഞു ഞെളിഞ്ഞുനടക്കുന്ന മാന്യഭാവം കേരളത്തിലെ ബിജെപി നേതാക്കള്‍ ഉപേക്ഷിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
തങ്ങള്‍ ആര്‍എസ്എസിന്റെ ഉപദേശനിര്‍ദേശങ്ങള്‍ ശിരസാവഹിച്ചു പ്രവര്‍ത്തിക്കുന്ന തനി പത്തര മാറ്റ് ഹിന്ദുത്വ പാര്‍ട്ടിയാണെന്നു തുറന്ന മനസ്സോടെ സമ്മതിക്കാന്‍ ബിജെപി നേതൃത്വം തയ്യാറാവണം. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കൂടുതല്‍ ആര്‍എസ്എസ് പ്രചാരകരെ രംഗത്തിറക്കുമെന്ന് പുതിയ സംസ്ഥാന പ്രസിഡന്റ് തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനിയും ഇക്കാര്യത്തില്‍ മടിച്ചുനിന്നിട്ട് കാര്യവുമില്ല. $
Next Story

RELATED STORIES

Share it