malappuram local

ഇനി കണക്കുകൂട്ടലിന്റെ മണിക്കൂറുകള്‍

മലപ്പുറം: വോട്ടുകള്‍ പെട്ടിയിലായതോടെ പോരിനിറങ്ങിയവര്‍ക്ക് ഇനി കണക്കുകൂട്ടലുകളുടെ മണിക്കൂറുകള്‍. പതിവുപോലെ ഓരോ മുന്നണികളും ശുഭപ്രതീക്ഷയിലാണിപ്പോള്‍. യുഡിഎഫ് കേരളത്തിലുടനീളം വിജയപ്രതീക്ഷയിലാണെന്നും മുമ്പത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്നും പാണക്കാട് എല്‍പി സ്‌കൂളില്‍നിന്നും വോട്ടു ചെയ്തിറങ്ങിയ ഹൈദരലി ശിഹാബ്തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മലപ്പുറം നഗരസഭയില്‍ ഇപ്രാവശ്യം കടുത്ത മല്‍സരം നടക്കുന്ന സ്ഥലമാണ് പാണക്കാട് 37ാം വാര്‍ഡ്. ലീഗ് റിബല്‍ പൊരുതുന്ന ഇവിടേയ്ക്ക് ജില്ല മുഴുവന്‍ ഉറ്റുനോക്കുകയാണ.് യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുക മലപ്പുറത്താവുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദും വമ്പിച്ച വിജയ സാധ്യതയാണ് യുഡിഎഫിനുള്ളതെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ജില്ലയില്‍ എസ്ഡിപിഐ വന്‍ മുന്നേറ്റം നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി ജി ഉണ്ണി പറഞ്ഞു.
'വോട്ട് രാവായ' ബുധനാഴ്ച രാത്രി ഏറെ വൈകിയ ശേഷം ചില സ്ഥാനാര്‍ഥികളും പാര്‍ട്ടികളും നടത്തിയ അറ്റകൈപ്രയോഗങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് പാരയായി.
എതിരാളി പിന്‍വാങ്ങിയെന്നു പറഞ്ഞ് നോട്ടിസ് ഇറക്കുകയായിരുന്നു അതിലൊന്ന്. ഇല്ലാത്ത നുണക്കഥകള്‍ നിരത്തി ഊരും പേരുമില്ലാതെ നോട്ടിസിറക്കുന്നത് മറ്റൊരു തന്ത്രമായിരുന്നു. ഓരോ സ്ഥലങ്ങളിലേയും പ്രാദേശിക വിഷയങ്ങള്‍ എടുത്തുകാട്ടി എതിരാളികള്‍ക്കു മറുപടി പറയാന്‍ കഴിയാത്ത വിധം വൈകിയായിരുന്നു നോട്ടിസ് വിതരണം. വിജയപ്രതീക്ഷകളുള്ളവര്‍ പടക്കങ്ങള്‍ പൊട്ടിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. അതിനൊപ്പം വാതുവെപ്പുകളും നടക്കുന്നുണ്ട്.
ജില്ലയില്‍ സാമ്പാര്‍ മുന്നണിയുള്ള സ്ഥലങ്ങളിലെ ഫലപ്രഖ്യാപനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുഡിഎഫ് ഐക്യത്തിനുവേണ്ടി മുന്നിട്ടിറങ്ങിയ പ്രമുഖ നേതാക്കളും മന്ത്രിമാരുമായ പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി തുടങ്ങിയവരുടെയൊക്കെ തട്ടകങ്ങളില്‍ 'സാമ്പാറാണ് വിളമ്പിയതെന്ന പ്രത്യേകതയുമുണ്ട്'.
Next Story

RELATED STORIES

Share it