ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റല്ല

ഹര്‍ഷ് മന്ദര്‍

ഉത്തര ബംഗാളിലെ തേയിലത്തോട്ടങ്ങളിലെ ആയിരക്കണക്കിനു തൊഴിലാളികളുടെ മേല്‍ പെരുകുന്ന പട്ടിണിയുടെ അദൃശ്യമായ, ഇരുണ്ട പ്രതിസന്ധികള്‍ തൂങ്ങിനില്‍ക്കുകയാണ്. ഡാര്‍ജിലിങിലും ഹിമാലയന്‍ മലഞ്ചരിവുകളിലുമായി 15 തേയിലത്തോട്ടങ്ങളുള്ള പ്രമുഖ കമ്പനിയാണ് ഡങ്കന്‍സ്. ഈ കമ്പനി തങ്ങള്‍ക്കു കീഴിലുള്ള തൊഴിലാളികളെ അപകടകരമാംവണ്ണം രണ്ടുമല്ലാത്ത അവസ്ഥയില്‍ നിര്‍ത്തിയിരിക്കുകയാണ്. കമ്പനി ഔപചാരികമായി തോട്ടങ്ങള്‍ അടച്ചുപൂട്ടിയിട്ടില്ല; എന്നാല്‍, സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുമില്ല. ഏതാണ്ട് പതിനയ്യായിരം തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും അതിജീവനവും ഭാവിയുമാണ് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇരയായിട്ടുള്ളത്.
1857ലാണ് കമ്പനി ഇന്ത്യയില്‍ തേയിലത്തോട്ടങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. ഉത്തര ബംഗാളിലെ നിബിഡ വനങ്ങള്‍ വെട്ടിത്തെളിച്ച് കമ്പനി വ്യാപകമായി തേയിലത്തോട്ടങ്ങള്‍ ഉണ്ടാക്കി. ഇതര ബ്രിട്ടിഷ് കമ്പനികളോടൊപ്പം അവരും ഛോട്ടാ നാഗ്പൂരില്‍ നിന്നും സംഗാള്‍ പര്‍ഗാനകളില്‍ നിന്നുമുള്ള അധ്വാനശീലരായ ആദിവാസികളെ കൊണ്ടുവന്നു പണിയെടുപ്പിച്ചു. ഏതാണ്ട് അടിമപ്പണിയായിരുന്നു അത്.
സ്വാതന്ത്ര്യത്തിനു ശേഷം ഈ കമ്പനികളുടെ ഉടമാവകാശം കാലക്രമേണ ഇന്ത്യക്കാരുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. പേരിനു സ്വതന്ത്രരാണെന്നു പറയാമായിരുന്നുവെങ്കിലും അപ്പോഴും ഏതാണ്ട് കോളനിവാഴ്ചക്കാലത്തെ സാഹചര്യങ്ങളില്‍ തന്നെയായിരുന്നു തൊഴിലാളികള്‍ പണിയെടുത്തത്. തൊഴിലാളികളുടെ ആശ്രിതത്വവും വിധേയത്വവും നിലനിന്നത് ഭക്ഷണം, വീട്, ആരോഗ്യ പരിപാലനം തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് അവരുടെ കൂലി ഭാഗികമായി നല്‍കിയിരുന്നത് എന്നതുമൂലമാണ്. അടുത്ത കാലം വരെ മിക്ക തേയിലത്തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡുകള്‍ നല്‍കിയിരുന്നില്ല. അതിനു പകരം സംസ്ഥാന ഗവണ്‍മെന്റുകള്‍ പൊതുവിതരണ പദ്ധതിയിലൂടെ നല്‍കേണ്ട ഭക്ഷ്യധാന്യങ്ങള്‍ കമ്പനികള്‍ക്കു നല്‍കുകയും കമ്പനി അതു തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുകയുമായിരുന്നു.
ഈ സാഹചര്യത്തില്‍ തേയിലത്തോട്ടം ഉടമകള്‍ പൊടുന്നനെ പ്രസ്തുത റേഷന്‍ വിതരണം നിര്‍ത്തിവയ്ക്കുമ്പോള്‍ തൊഴിലാളികള്‍ ഒറ്റപ്പെട്ടുപോവുകയും അവര്‍ക്ക് പിടിച്ചുനില്‍ക്കാനാവാതെ വരുകയും ചെയ്യുന്നു. ഈ പ്രതിസന്ധി ആദ്യമായി 2003-04 കാലത്താണ് ഉത്തര ബംഗാളിലെ 30 തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ മേല്‍ പതിച്ചത്. തോട്ടം ഉടമകള്‍ പൊടുന്നനെ തേയിലത്തോട്ടങ്ങള്‍ ലാഭകരമല്ലെന്നു പറഞ്ഞ് നിയമപ്രകാരമല്ലാതെ അവ അടച്ചുപൂട്ടി. തൊഴിലാളികളുടെയും തോട്ടങ്ങളുടെയും താല്‍പര്യങ്ങള്‍ ആദ്യം സംരക്ഷിക്കുന്നതിനു പകരം അവരങ്ങ് അപ്രത്യക്ഷരായി. ആ സമയത്ത് തോട്ടങ്ങള്‍ സന്ദര്‍ശിച്ച ഞാന്‍ നിരവധി തൊഴിലാളികള്‍ ശരിക്കും പട്ടിണി കിടക്കുന്ന അവസ്ഥയെ അഭിമുഖീകരിക്കുന്നതു കാണുകയുണ്ടായി.
സമാനമായ അവസ്ഥയാണ് ഡങ്കന്‍സ് കമ്മിറ്റി 15 ചായത്തോട്ടങ്ങള്‍ നിയമവിരുദ്ധമായി പാതിയടച്ചുകളഞ്ഞതോടെ സംജാതമായിട്ടുള്ളത്. 2015 ആദ്യത്തില്‍ മാനേജ്‌മെന്റ് ഒരു മുന്നറിയിപ്പുമില്ലാതെ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്നത് നിര്‍ത്തി. ഭക്ഷണ റേഷന്‍ അവസാനിപ്പിക്കുകയും ചെയ്തു. തൊഴിലാളികളുടെ കോളനികളിലേക്കുള്ള വൈദ്യുതിയും ജലവിതരണവും കമ്പനി വിച്ഛേദിച്ചു. നിരവധി വര്‍ഷങ്ങളായി പെന്‍ഷനും പ്രോവിഡന്റ് ഫണ്ടും നല്‍കിയിട്ടില്ല. തോട്ടങ്ങള്‍ ശരിയായ രീതിയില്‍ പരിപാലിക്കുന്നില്ല. ഏതാണ്ട് നൂറു കൊല്ലം പ്രായമുള്ള ഉല്‍പാദനക്ഷമതയില്ലാത്ത വയസ്സന്‍ ചെടികള്‍ മാറ്റി വേറെ തൈകള്‍ വച്ചുപിടിപ്പിച്ചിട്ടില്ല. വര്‍ഷങ്ങളായി തൊഴിലാളികളുടെ വീടുകളിലും അറ്റകുറ്റപ്പണികള്‍ നടത്താറില്ല. മാനേജ്‌മെന്റ് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും അവര്‍ തൊഴിലാളികളോട് വിരോധം വച്ചുപുലര്‍ത്തുന്നു എന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.
നിയമവിരുദ്ധമായ ഇത്തരം പാതിയടയ്ക്കലുകള്‍ ഏതു വ്യവസായത്തിലും തൊഴിലാളികളുടെ ഭാവി നിര്‍ണായകമായ തരത്തില്‍ തകിടംമറിക്കും. എന്നാല്‍, തേയിലത്തോട്ടങ്ങളിലെ തൊഴിലാളിസമൂഹം തലമുറകളായി ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, പാര്‍പ്പിടം, ആരോഗ്യപരിപാലനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും മാനേജ്‌മെന്റുകളെ നേരിട്ട് ആശ്രയിക്കാന്‍ നിര്‍ബന്ധിതരാണ്. അവരെ സംബന്ധിച്ചിടത്തോളം മാനേജ്‌മെന്റുകള്‍ പൊടുന്നനെ പിന്‍വലിയുന്നത് സ്ഥിരംജോലി നഷ്ടപ്പെടുന്നതിന്റെ മാത്രം പ്രശ്‌നമല്ല. അവരെ ജീവിക്കാന്‍ പര്യാപ്തമാക്കുന്ന ഉപാധികള്‍ ഇല്ലാതാക്കുന്ന അവസ്ഥയാണ് അതു സംജാതമാക്കുക. അത് ദുരന്തത്തില്‍ കുറഞ്ഞ യാതൊന്നുമല്ല.
അവശേഷിച്ച തൊഴിലാളികള്‍ തൊട്ടടുത്തുള്ള തോട്ടങ്ങളിലേക്കു പോകുന്നത് ഞാന്‍ കണ്ടു. അവിടെ അവര്‍ക്ക് കുറഞ്ഞ കൂലിയേ ലഭിക്കുകയുള്ളൂ. എടുക്കുന്ന ചില്ലറ ജോലികള്‍ക്കു മാത്രമേ കൂലി കിട്ടുകയുമുള്ളൂ. ഈ തോട്ടം മാനേജ്‌മെന്റുകള്‍ തൊഴിലാളികളുടെ ദുരവസ്ഥയില്‍ നിന്നു നേട്ടമുണ്ടാക്കുകയാണ് ചെയ്യുന്നത്. തോട്ടമുടമകളുടെ ആളുകള്‍ അവരെ ബസ്സില്‍ കയറ്റിക്കൊണ്ടുപോകുന്നു. അതിന് അവര്‍ പണം കൊടുക്കണം. നേരത്തേ കിട്ടിയിരുന്നതിനേക്കാള്‍ വളരെ കുറഞ്ഞ കൂലിയാണ് അവര്‍ക്കു ലഭിക്കുക. അതിന് കൂടുതല്‍ സമയം പണിയെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാണ്.
അനിശ്ചിതത്വം നിറഞ്ഞ നിത്യക്കൂലിക്കു വേണ്ടിയുള്ള ജോലിയാണ് അവരുടേത്. തൊഴില്‍ സുരക്ഷിതത്വമില്ല. അധിക ആനുകൂല്യങ്ങളില്ല. മറ്റു ചിലര്‍ നദീതടങ്ങളില്‍ പാറ പൊട്ടിക്കാന്‍ പോകുന്നു. യുവാക്കളായ നിരവധി തൊഴിലാളികള്‍ ഭൂട്ടാന്‍, കേരളം, ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കു കുടിയേറി. കുട്ടികള്‍ സ്‌കൂള്‍ ഉപേക്ഷിച്ച് പണിയെടുക്കാന്‍ പോകുന്നവര്‍ക്കൊപ്പം ചേരുകയാണ്. ആഹാരത്തിനുള്ള വകയുണ്ടാക്കുന്നതിലേക്ക് വീട്ടുകാര്‍ക്ക് എന്തെങ്കിലുമൊക്കെ കൊടുക്കാമല്ലോ. പലരും കുടിക്കാന്‍ ശുദ്ധീകരിച്ചിട്ടില്ലാത്ത നീര്‍ച്ചോലകളിലൂടെ ഒഴുകുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. അതു തൊഴിലാളികളുടെ ദുരിതം വര്‍ധിപ്പിക്കുന്നു. 2000 മുതല്‍ ഡങ്കന്‍സ് കമ്പനിയുടെ ചായത്തോട്ടത്തിലെ ആശുപത്രി ശരിക്കു പ്രവര്‍ത്തിക്കാറില്ല. ഡോക്ടര്‍മാരോ മരുന്നോ ഇല്ല. പലപ്പോഴും നഴ്‌സുമില്ല.
ഞങ്ങള്‍ കണ്ട, പട്ടിണി കിടക്കാന്‍ ഏറ്റവുമധികം നിര്‍ബന്ധിതരായ ആളുകള്‍ ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളാണ്; രോഗികളും പ്രായംചെന്നവരും. 57 വയസ്സു പ്രായമുള്ള ഫുലോമുണ്ട എന്ന വിധവ ഒരു ഉദാഹരണമാണ്. സ്ഥിരം തൊഴിലാളിയെന്ന നിലയില്‍ ഒരു മാസം ഏതാണ്ട് 1600 രൂപ അവര്‍ക്കു കിട്ടിയിരുന്നു. എന്നാല്‍, അപ്രഖ്യാപിത അടച്ചുപൂട്ടലിനു ശേഷം അവര്‍ക്ക് കൂലി ലഭിച്ചിട്ടില്ല. ദിവസം ഒരു നേരം മാത്രമാണ് അവര്‍ ആഹാരം കഴിക്കുന്നത്. മതിയായ ശാരീരിക ശേഷിയുള്ള സമയത്ത് അവര്‍ പുഴയോരങ്ങളില്‍ കല്ലു പൊട്ടിക്കാന്‍ പോകും. അതിന് അവര്‍ക്ക് ആഴ്ചയില്‍ 70 രൂപ കിട്ടും. 2015 ആഗസ്തില്‍ അവര്‍ക്കു വെറും 150 രൂപയായിരുന്നു സമ്പാദ്യം.
അവരുടെ വീടിന്റെ സ്ഥിതി ദയനീയമാണ്. ചുവരുകള്‍ ഇല്ലെന്നുതന്നെ പറയാം. തകര മേഞ്ഞ മേല്‍പ്പുരയെ താങ്ങിനിര്‍ത്തുന്ന മരത്തൂണുകള്‍ അവര്‍ വില കൊടുത്തു വാങ്ങിയതാണ്. മഴ പെയ്യുമ്പോള്‍ അവര്‍ വീട്ടിനകത്ത് ഒരു കുട ചൂടി രാത്രി മുഴുവനും ഉറങ്ങാതെയിരിക്കും. എല്ലാ ദിവസവും അവര്‍ കുടിവെള്ളം കൊണ്ടുവരാനും തൊട്ടടുത്തുള്ള കാട്ടില്‍ നിന്നു വിറകു കൊണ്ടുവരാനും വേണ്ടി മൂന്നു കിലോമീറ്റര്‍ നടക്കണം. എന്നാല്‍ ഭക്ഷണം, ഇന്ധനം, പാര്‍പ്പിടം എന്നിവയെല്ലാം കിട്ടുമെന്ന് പണ്ട് മാനേജ്‌മെന്റ് ഉറപ്പുവരുത്തിയിരുന്നു.
തോട്ടം ഉടമകളെയും മാനേജ്‌മെന്റുകളെയും മതിയായ തൊഴില്‍ സുരക്ഷിതത്വം ഉറപ്പു നല്‍കാന്‍ ബാധ്യസ്ഥരാക്കുന്ന കാര്യത്തില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും ട്രേഡ് യൂനിയനുകളും ഒന്നും ചെയ്യാറില്ല. സംസ്ഥാന ഗവണ്‍മെന്റും അവിടെ തൊഴിലാളികള്‍ക്കു വേണ്ടി കൂലി കിട്ടുന്ന പണിയൊന്നും ആരംഭിച്ചിട്ടില്ല. തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രങ്ങളില്‍ ആരോഗ്യ പരിപാലനമോ കുടിവെള്ളമോ വിദ്യുച്ഛക്തിയോ പുനസ്ഥാപിച്ചിട്ടുമില്ല. മറിച്ച്, സമ്പന്നരായ തോട്ടം ഉടമകളും, അഴിമതിക്കാരും കാര്യശേഷി ഇല്ലാത്തവരുമായ അവരുടെ ഉദ്യോഗസ്ഥരുടെയും കുറ്റകരമായ വീഴ്ചകളെ ധാര്‍മികമായും നിയമപരമായും പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിജീവനത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കു വലിച്ചെറിയപ്പെട്ട തൊഴിലാളികളെ സഹായിക്കാന്‍ ആരുമില്ല തന്നെ.
Next Story

RELATED STORIES

Share it