ഇത് കുന്നത്ത് വീട്ടിലെ കുട്ടികള്‍; ഇവര്‍ ട്രാക്കിനു വെളിയിലെ താരങ്ങള്‍

എം എം സലാം

കോഴിക്കോട്: ട്രാക്കിലും ഫീ ല്‍ഡിലും പുത്തന്‍ പ്രതീക്ഷകളുമായി കൗമാര പ്രതിഭകള്‍ കുതിച്ചുയരുമ്പോള്‍ അവര്‍ക്കു സഹായികളായി കഴിഞ്ഞ ഏതാനും വര്‍ഷമായി കുന്നത്ത് വീട്ടിലെ ആരെങ്കിലുമുണ്ടാവും. ഈ വര്‍ഷം സ്വന്തം നാട്ടില്‍ വിരുന്നെത്തിയ ദേശീയ സ്‌കൂള്‍ കായികമേളയില്‍ യാദൃച്ഛികമായാണ് മൂന്നു പേരും ഒരുമിച്ചു നിയോഗിക്കപ്പെടുന്നത്. കോടഞ്ചേരി കുന്നത്ത് വീട്ടില്‍ പരേതരായ മാമ്മന്‍-ത്രേസ്യാ ദമ്പതികളുടെ മക്കളും വിവിധ സ്‌കൂളുകളിലെ കായികാധ്യാപകരുമായ റോസയും ജോസഫും നിര്‍മലയുമാണ് ഓഫീഷ്യലുകളുടെ കുപ്പായത്തില്‍ കായികമേളയില്‍ സജീവമാവുന്നത്.
ചെറുപ്പത്തില്‍ത്തന്നെ കായിക മേഖലയോടു തോന്നിയ ഇഷ്ടവും കഠിനാധ്വാനവുമാണ് മൂവരേയും സര്‍ക്കാര്‍ സ്‌കൂളുകളിലെ കായികാധ്യാപകരാക്കി മാറ്റിയത്. മലയോരമേഖലയായ കോടഞ്ചേരിയില്‍ നിന്ന് അക്കാലത്ത് കായികമേഖലയില്‍ താരങ്ങള്‍ സജീവമായിരുന്നു. മാതാപിതാക്കളുടെ പ്രോല്‍സാഹനം കൂടിയായപ്പോള്‍ അഞ്ചു മക്കളില്‍ ഇവര്‍ മൂവരും വ്യത്യസ്ത കായിക മേഖലകളില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കുകയും ചെയ്തു.
മൂത്ത സഹോദരിയായ റോസയ്ക്ക് 100, 200, ലോങ് ജംപ് ഇനങ്ങളിലായിരുന്നു കമ്പം. ഈയിനങ്ങളോടൊപ്പം ഷോട്ട്പുട്ട്, ഹൈജംപ് എന്നിവ കൂടി ഉള്‍പ്പെടുത്തി അക്കാലത്ത് ത്രീസ്റ്റാര്‍ എന്ന പേരിലായിരുന്നു മല്‍സരങ്ങള്‍ നടന്നിരുന്നത്. വയനാട് ജില്ല കോഴിക്കോടിന്റെ ഭാഗമായിരുന്ന അക്കാലത്ത് കോഴിക്കോട് ജില്ലയിലെ ഈയിനങ്ങളിലെ വ്യക്തിഗത ചാംപ്യനായിരുന്നു റോസ. 1974, 75 കാലഘട്ടങ്ങളില്‍ ദേശീയ തലത്തില്‍ വരെ പങ്കെടുത്ത് റോസ സമ്മാനങ്ങള്‍ വാരിക്കൂട്ടി. 1985ല്‍ ജോലിയില്‍ പ്രവേശിച്ച് ഇപ്പോള്‍ ചാലപ്പുറം ഗണപത് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപികയാണ്.
ജോസഫാവട്ടെ ദീര്‍ഘദൂര ഇനങ്ങളിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. 1500 മീറ്റര്‍ ഓട്ടത്തില്‍ ഇദ്ദേഹം യൂനിവേഴ്‌സിറ്റിയിലെ വെള്ളിമെഡല്‍ ജേതാവും സംസ്ഥാന ജേതാവുമായിരുന്നു. താമരശ്ശേരി കോരങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് ജോസഫ്. വോളിബോളില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ താരമായി വളര്‍ന്ന് ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞ ആളാണ് ഇവരില്‍ ഇളയ സഹോദരി നിര്‍മല. കാസര്‍കോട് കാറടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് നിര്‍മല ഇപ്പോള്‍ കായിക വിദ്യാഭ്യാസം നല്‍കിവരുന്നത്.
Next Story

RELATED STORIES

Share it