Wayanad

ഇത്തവണ 1,394 കുട്ടികള്‍ പഠനം ഉപേക്ഷിച്ചു

കല്‍പ്പറ്റ: ജില്ലയിലെ വിദ്യാലയങ്ങളില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇത്തവണ കൊഴിഞ്ഞുപോയത് 1,394 കുട്ടികള്‍. എസ്.എസ്.എയും പട്ടികവര്‍ഗ വകുപ്പും സംയുക്തമായി നടത്തിയ സര്‍വേയിലാണ് പഠനം പാതിവഴിയിലുപേക്ഷിച്ച കുട്ടികളുടെ കണക്കുകള്‍ വ്യക്തമായത്. ഇതിനു പുറമെ സ്‌കൂളില്‍ പോവാത്ത 69 കുട്ടികളെയും കണ്ടെത്തി. ഇവരെ വീണ്ടും സ്‌കൂളുകളില്‍ എത്തിക്കുന്നതിന് എസ്.എസ്.എയുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കും.കലക്ടറുടെ നിര്‍ദേശപ്രകാരമാണ് സര്‍വേ നടത്തിയത്. കോളനികളിലെ മദ്യത്തിന്റെ അതിപ്രസരം, രക്ഷിതാക്കളുടെ അജ്ഞത, സ്‌കൂളുകളിലെ പൊതുഭാഷയുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ആദിവാസി കുട്ടികളെ സ്‌കൂളുകളില്‍ നിന്ന് അകറ്റുന്നതെന്നു സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങളെ ആ രീതിയില്‍ സഹായിക്കാന്‍ തയ്യാറായിട്ടും കുട്ടികള്‍ സ്‌കൂളില്‍ പോവാത്ത സംഭവങ്ങളുമുണ്ട്. ഇവരെ 2016 ജൂണ്‍ ഒന്നികം തിരികെ സ്‌കൂളുകളിലെത്തിക്കും. കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ഓരോ പഞ്ചായത്തിലും ഒന്നു വീതം എജ്യുക്കേഷനല്‍ വോളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഒരു മാസം 4,000 രൂപ പ്രതിഫലമായി എസ്.എസ്.എ. നല്‍കും.സ്‌കൂളില്‍ പോവാന്‍ വിമുഖത കാട്ടുന്ന കുട്ടികളെ ആകര്‍ഷിക്കാനായി ഓരോ പഞ്ചായത്തിലും ഒരു ശിശു സൗഹൃദ സെന്റര്‍ സ്ഥാപിക്കും. വിനോദ ഉപാധികളടക്കം ഒരുക്കിയും രക്ഷിതാക്കളെ ബോധവല്‍ക്കരിച്ചും കുട്ടികളെ സ്‌കൂളിലേക്കാകര്‍ഷിക്കാനുള്ള ചുമതലയാണ് എജ്യുക്കേഷനല്‍ വോളന്റിയര്‍ നിര്‍വഹിക്കേണ്ടത്.

25 വോളന്റിയര്‍മാര്‍ക്കും എസ്.എസ്.എ. പരിശീലനം നല്‍കി. പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ സ്‌കൂളുകളിലും ഓരോ നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.നോഡല്‍ ഓഫിസര്‍, എജ്യുക്കേഷനല്‍ വോളന്റിയര്‍, വിവിധ വകുപ്പ്, തദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘം ഏഴിന് ജില്ലയിലെ വിവിധ കോളനികള്‍ സന്ദര്‍ശിക്കും.പൊതുഭാഷ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ അഞ്ച് ആദിവാസി ഭാഷകളുടെ കൈപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകം അധ്യാപകര്‍ക്കു കൈമാറി പരിശീലനം നല്‍കും.

ആദിവാസി കുട്ടികളുമായുള്ള അധ്യാപകരുടെ ആശയ വിനിമയം അവരുടെ ഭാഷയിലൂടെയായാല്‍ അത് സ്‌കൂളിലെത്താന്‍ കുട്ടികളെ പ്രേരിപ്പിക്കുകയും ഭാഷാപരമായ ബുദ്ധിമുട്ട് ഒഴിവാകുകയും ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം നാലിന് നല്ലൂര്‍നാട് അംബേദ്കര്‍ സ്‌കൂളില്‍ നടക്കുമെന്നു ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ്ബഷീര്‍, എസ്.എസ്.എ. പ്രോഗ്രാം ഓഫിസര്‍മാരായ എം ഒ സജി, പ്രമോദ് മൂടാടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it