Kerala

ഇത്തവണ വിതരണം വൈകില്ല; പാഠപുസ്തക അച്ചടി പൂര്‍ത്തിയായി: കെബിപിഎസ്

ഇത്തവണ വിതരണം വൈകില്ല; പാഠപുസ്തക അച്ചടി പൂര്‍ത്തിയായി: കെബിപിഎസ്
X
kbps-final

കൊച്ചി: അധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ പാഠപുസ്തക അച്ചടി പൂര്‍ത്തിയായതായി കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെബിപിഎസ്). കഴിഞ്ഞവര്‍ഷം അധ്യയനവര്‍ഷം പകുതിയായിട്ടും പല സ്‌കൂളുകളിലും പാഠപുസ്തകങ്ങള്‍ ലഭിക്കാതിരുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
സര്‍ക്കാര്‍ സ്ഥാപനമായ കാക്കനാട് കെബിപിഎസിനെ മറികടന്ന് പാഠപുസ്തക അച്ചടി സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പിക്കാനുള്ള സര്‍ക്കാര്‍ നീക്കവും വിവാദമായിരുന്നു. ഇത് മറികടക്കാനായി ഇത്തവണ ആദ്യം തന്നെ പാഠപുസ്തകങ്ങള്‍ അച്ചടിക്കാനുള്ള അനുമതി സര്‍ക്കാര്‍ കെബിപിഎസിനെ ഏല്‍പിച്ചിരുന്നു. എന്നാല്‍, അച്ചടിക്കാനുള്ള കടലാസ് വാങ്ങാനുള്ള പണം ധനവകുപ്പ് അനുവദിക്കാതിരുന്നത് പാഠപുസ്തക അച്ചടിയെ ആദ്യം ബാധിച്ചെങ്കിലും ഇത് മറികടക്കാന്‍ കെബിപിഎസിന് കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു.
ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ രണ്ടു കോടി 88 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കുവാനാണ് സര്‍ക്കാര്‍ കെബിപിഎസിനെ ചുമതലപ്പെടുത്തിയിരുന്നത്. ഇതില്‍ മുക്കാല്‍ ഭാഗവും അച്ചടി പൂര്‍ത്തിയായി. 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ തന്നെ വിതരണം ചെയ്തു കഴിഞ്ഞു. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ 30 ലക്ഷം പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. ഈ മാസം 30നകം ഇതും പൂര്‍ത്തിയാക്കാനാണ് കെബിപിഎസിന്റെ ശ്രമം. പുസ്തകങ്ങളുടെ അച്ചടിക്കായി 60 കോടി രൂപയാണ് സര്‍ക്കാര്‍ ഫണ്ട് നല്‍കേണ്ടത്. എന്നാല്‍, രണ്ട് തവണയായി 35 ലക്ഷം രൂപമാത്രമാണ് നല്‍കിയത്. കെബിപിഎസ് സ്വന്തം ഫണ്ടില്‍ നിന്നാണ് ബാക്കി തുക എടുത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വരെ സ്റ്റോര്‍ ആന്‍ഡ് പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റാണ് അച്ചടിക്കുള്ള കടലാസ് വാങ്ങാനുള്ള ടെന്‍ഡര്‍ ഉറപ്പിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഇതിനുള്ള അവകാശം സര്‍ക്കാര്‍ കെബിപിഎസിന് നല്‍കി. മുന്‍വര്‍ഷത്തേക്കാള്‍ 3 കോടി രൂപ കുറച്ചാണ് ഇത്തവണ തങ്ങള്‍ ടെന്‍ഡര്‍ ഉറപ്പിച്ചതെന്നും കെബിപിഎസ് അധികൃതര്‍ പറയുന്നു. കൂടാതെ പുസ്തകങ്ങളുടെ വിതരണം ഇത്തവണ കെബിപിഎസ് തന്നെയാണ് നടത്തുന്നത്. കഴിഞ്ഞതവണ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴി പുസ്തകങ്ങള്‍ വിതരണം ചെയ്തതിനേക്കാള്‍ ഒരുലക്ഷം രൂപയുടെ കുറവ് വിതരണത്തിലും വന്നിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം പാഠപുസ്തകങ്ങളുടെ കൃത്യമായ കണക്ക് നല്‍കാതിരുന്നതിനാല്‍ തെറ്റായ കണക്കിന്റെ അടിസ്ഥാനത്തില്‍ 45 ലക്ഷം പാഠപുസ്തകങ്ങളാണ് അധികമായി അച്ചടിച്ചത്. ഈ അധ്യയന വര്‍ഷം ഇവ മാറിയതിനാല്‍ ഇതത്രയും പാഴായി പോയിരുന്നു. ഈ സാഹചര്യത്തില്‍ പാഠപുസ്തകങ്ങളുടെ എണ്ണം സംബന്ധിച്ച് ഇന്‍ഡന്റ് ശേഖരിക്കാനുള്ള അനുമതിയും കെബിപിഎസ് തേടിയിരുന്നു.
Next Story

RELATED STORIES

Share it