Editorial

ഇത്തരം ദേശസ്‌നേഹികളെ ദേശം തന്നെ നേരിടണം

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ദേശീയതലത്തിലുണ്ടായ പ്രക്ഷോഭങ്ങളും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അധികൃതര്‍ കാണിച്ച അതിക്രമങ്ങളും ദേശസ്‌നേഹം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ എപ്പോഴും എടുത്തുപയോഗിക്കുന്ന മുച്ചാണ്‍ വടിയാണ് ദേശസ്‌നേഹം, ദേശീയവംശം തുടങ്ങിയ പ്രയോഗങ്ങള്‍. ബിജെപി പ്രസിഡന്റ് അമിത് ഷാ തന്നെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ദേശവിരുദ്ധന്‍ എന്നു വിളിച്ച് ആക്ഷേപിച്ചതായി കേട്ടു. സംഘപരിവാരത്തിലെ ചെറുകിട നേതാക്കള്‍ വായ തുറന്നാല്‍ ദേശവിരുദ്ധരെക്കുറിച്ചു രണ്ടു വാക്കു പറയാതെ പൂട്ടാറില്ല. സിപിഎമ്മിന് വേണ്ടത്ര ദേശസ്‌നേഹമില്ലാത്തതിനാല്‍ ഡല്‍ഹിയിലെ അവരുടെ ഓഫിസിനു നേരെ കുരച്ചുചാടിയാണ് ചില യുവാക്കള്‍ അമര്‍ഷം പ്രകടിപ്പിച്ചത്. പട്യാല ഹൗസ് കോടതിയില്‍ കയറി ദേശസ്‌നേഹമില്ലാത്തവരെ ശാരീരികമായി ഭേദ്യം ചെയ്തത് ഒരു ബിജെപി എംപിയും സംഘവുമായിരുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചു എന്ന വെള്ളം കൂട്ടാത്ത നുണ ഛര്‍ദ്ദിച്ചുകൊണ്ട് ടിയാന്‍ പിന്നീട് തന്റെ നിയമലംഘനത്തിനു ന്യായീകരണം കണ്ടെത്തുകയും ചെയ്തു.
സംഘപരിവാരത്തിന്റെ നിര്‍വചനപ്രകാരം 120 കോടി ഇന്ത്യക്കാരില്‍ പൂര്‍ണ ദേശസ്‌നേഹമുള്ളവര്‍ നന്നെ കുറവാണ്. ആദിവാസികളും ദലിതുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും മാംസാഹാരികളും ദിനംപ്രതി രാവിലെ പാകിസ്താനെതിരായി രണ്ടു മുദ്രാവാക്യം വിളിക്കാത്തവരും തൊഴിലാളി നേതാക്കളുമൊന്നും അവരുടെ ഗണത്തില്‍ പെടില്ല. ഗുണ്ടാ ദേശീയത എന്നു വിളിക്കാവുന്ന ഈ സമീപനത്തിന്റെ കടുംകൈകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗത്തും നാം കണ്ടത്. രാഷ്ട്രവും ഗുണ്ടാപ്പടയും ഒന്നാവുമ്പോള്‍ പൂര്‍ണതയെത്തിയ ഫാഷിസത്തിലേക്കുള്ള യാത്ര എളുപ്പമാണ്.
ശരാശരിക്കാരായ വൈസ് ചാന്‍സലര്‍മാര്‍ ഹൈദരാബാദ് സര്‍വകലാശാലയിലും ജെഎന്‍യുവിലും സംഘത്തലവന്മാരില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നടപടിയെടുക്കുമ്പോള്‍ അവര്‍ക്കു ധൈര്യം പകരുന്നത് എബിവിപിയിലും പലതരം സേനകളിലുമുള്ള അക്രമികളാണ്. ജെഎന്‍യുവിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ചര്‍ച്ചകളും സംവാദങ്ങളും കൊണ്ടു സമ്പന്നമായ കാംപസിലേക്ക് ഒരു വിസി പോലിസിനെ വിളിച്ചുവരുത്തുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തൂക്കുമരം കയറേണ്ടിവന്ന ഒരു ഹതഭാഗ്യനെക്കുറിച്ചോര്‍ക്കുന്നത് രാജ്യദ്രോഹമാണെന്നു കണ്ട വിസിയും മാനവികശേഷി മന്ത്രിണിയും അവരുടെ കിങ്ങിണിക്കുട്ടന്മാരും ഇന്ത്യ എന്ന ആശയത്തിനെതിരാണ്.
രോഹിത് വെമുലയും ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവായ കനയ്യ കുമാറും കൊബാദ് ഗാന്ധിയും സയിദ് അബ്ദുല്‍ റഹ്മാന്‍ ഗീലാനിയും ഇറോം ശര്‍മിളയും അബ്ദുന്നാസിര്‍ മഅ്ദനിയുമൊക്കെയാണ് ഇന്ത്യ എന്ന ആശയമുണ്ടാക്കുന്നത്. ഇതിനെതിരേ യഹൂദരുടെ വീടും കടകളും തച്ചുതകര്‍ക്കാനിറങ്ങിയ ഹിറ്റ്‌ലറുടെ ഗുണ്ടാപ്പടയെ അനുകരിച്ചുകൊണ്ട് ആരു തെരുവിലിറങ്ങിയാലും അവരെ നേരിടാന്‍ രാജ്യത്തിനു ശേഷിയുണ്ട് എന്ന് നാം തന്നെയാണു പ്രഖ്യാപിക്കേണ്ടത്. ഇത്തരം രാഷ്ട്രവാദികളെ അടക്കിനിര്‍ത്തുമ്പോഴാണ് ഇന്ത്യ ഇന്ത്യയാവുന്നത്.
Next Story

RELATED STORIES

Share it