Articles

ഇതെന്താ മോദിയുടെ കേരളമോ?

ഇതെന്താ മോദിയുടെ കേരളമോ?
X
slug-avkshngl-nishdnglഅംബിക

നരേന്ദ്രമോദിയുടെ ഭരണത്തിന്‍കീഴില്‍ കേരളത്തിലും വര്‍ഗീയ ഫാഷിസ്റ്റുകള്‍ അഴിഞ്ഞാടുന്ന സ്ഥിതിവിശേഷമാണുള്ളത്. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമവും സംഘപരിവാരശക്തികളില്‍നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ഇത്തരം വര്‍ഗീയ അജണ്ടകളെ കര്‍ശനമായി നേരിടുന്നതില്‍ സംസ്ഥാന ഭരണകൂടം ഉദാസീനത പുലര്‍ത്തുന്നു. വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്കു മുന്നില്‍ അധികൃതര്‍ തലകുനിക്കുന്ന സംഭവങ്ങള്‍ കേരളത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുണ്ടായത്.
ഹൈസ്‌കൂളില്‍ അറബിയില്‍ ഉന്നത മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് അധ്യാപകന്‍ അബ്ദുര്‍റഹ്മാന്‍ ഫാറൂഖി സ്വന്തം നിലയ്ക്ക് സ്വര്‍ണമെഡല്‍ വിതരണം ചെയ്യുന്ന ചടങ്ങിനെതിരേയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രശ്‌നങ്ങളുണ്ടാക്കിയത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കാരണവശാലും അവാര്‍ഡ് വിതരണം അനുവദിക്കില്ലെന്ന യുവമോര്‍ച്ച നിലപാടിനു മുന്നില്‍ സ്‌കൂളധികൃതര്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കും കീഴടങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പെരുമ്പടപ്പ് പോലിസ് രഹസ്യാന്വേഷണവിഭാഗം സ്‌കൂളില്‍ സംഘര്‍ഷാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചതോടെ അവാര്‍ഡ് വിതരണ ചടങ്ങില്‍നിന്ന് അറബി ഭാഷയിലെ ഉന്നത വിജയികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വര്‍ണമെഡല്‍ വിതരണം മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍, പോലിസിന്റെ സാന്നിധ്യത്തില്‍ മറ്റു വിഷയങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം തടസ്സമില്ലാതെ നടക്കുകയും ചെയ്തു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍, അതും അദ്ദേഹത്തിന്റെ സ്വന്തം തട്ടകത്തില്‍ തന്നെയാണു ചടങ്ങ് നടന്നത്. ശ്രീരാമകൃഷ്ണനായിരുന്നു അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത് എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം സ്‌കൂളില്‍നിന്ന് അറബി പഠിച്ച രണ്ടുപേര്‍ക്കായിരുന്നു സ്വര്‍ണമെഡല്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനോടൊപ്പം മറ്റു വിഷയങ്ങളില്‍ ഉന്നത മാര്‍ക്ക് നേടിയ കുട്ടികളെ അനുമോദിക്കുന്നതും ട്രോഫി നല്‍കുന്നതുമായ ചടങ്ങും പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം മുടക്കമില്ലാതെ നടന്നു. ഇതോടൊപ്പം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഇ-ടോയ്‌ലറ്റിന്റെ ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു. സ്പീക്കര്‍ വിഷയത്തില്‍ കൈക്കൊണ്ട നിലപാട് വിമര്‍ശനവിധേയമാക്കേണ്ടതുണ്ട്.
എല്ലാ വര്‍ഷവും അറബി അധ്യാപകന്‍ സ്വന്തം നിലയ്ക്ക് അറബിയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിക്ക് സ്വര്‍ണമെഡല്‍ സമ്മാനിക്കാറുണ്ട്. ഇത്തവണ മാത്രം ഇതു വിവാദമായത് എന്തുകൊണ്ടെന്നത് അന്വേഷണവിഷയമാക്കേണ്ടതുണ്ട്. സ്‌കൂളിലെ അനുമോദനച്ചടങ്ങുകളില്‍ ഭാഷാവിവേചനം കാണിക്കുന്നതില്‍ രക്ഷിതാക്കള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തില്‍ സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സിലും പ്രതിഷേധിച്ചു. എന്നാല്‍, ഈ പ്രശ്‌നത്തില്‍ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നില്ലെന്നത് ഖേദകരമാണ്. നിസ്സാര കാര്യങ്ങള്‍പോലും വലിയ വാര്‍ത്തയാക്കുന്ന മാധ്യമലോകം ഈ വിഷയത്തെ അവഗണിക്കുകയായിരുന്നു. ഒന്നോ രണ്ടോ പത്രങ്ങളിലെ പ്രാദേശിക പേജുകളിലെ വാര്‍ത്ത മാത്രമായി ഒതുങ്ങിപ്പോയത് എന്തുകൊണ്ടെന്നറിയില്ല.
മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും വര്‍ഗീയശക്തികളുടെ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു എന്നത് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെയും പത്രസ്വാതന്ത്ര്യത്തെയും ഹനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ദിവസമാണ് പാലക്കാട് ഒറ്റപ്പാലം കോടതിവളപ്പില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ സംഘപരിവാര ശക്തികളുടെ ആക്രമണത്തിനിരയായത്. മാറഞ്ചേരി സ്‌കൂളില്‍ നടന്നതുപോലുള്ള ഫാഷിസ്റ്റ് നടപടികള്‍ പൊതുസമൂഹത്തിന്റെ മുന്നിലെത്തേണ്ടതുണ്ട്. ഇത്തരം വര്‍ഗീയ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനുണ്ട്. നിയമസഭാ സ്പീക്കറുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു സംഭവമുണ്ടായത് സര്‍ക്കാരും ആഭ്യന്തരവകുപ്പും ഗൗരവപൂര്‍വം കണ്ടില്ല. മാത്രമല്ല, പരിപാടിയുടെ സുഗമമായ നടത്തിപ്പിന് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുത്തില്ലെന്നതിന്റെ ഉത്തരവാദിത്തം ആഭ്യന്തരവകുപ്പിനു തന്നെയാണ്. പൊതുസമൂഹത്തില്‍ അരക്ഷിതാവസ്ഥയും അരാജകത്വവും സൃഷ്ടിക്കുന്ന സംഘപരിവാര ശക്തികളുടെ ദുഷ്‌ചെയ്തികള്‍ക്ക് അറുതിവരുത്താന്‍ സംസ്ഥാന ഭരണകൂടം ഇനിയും അമാന്തിച്ചുകൂടാ.
Next Story

RELATED STORIES

Share it