ഇതു തിരശ്ശീലയ്ക്കു പിന്നിലെ കഥ; വ്യത്യസ്ത പ്രമേയവുമായി സുമേഷ്

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: സുമേഷ്, പേരു കേട്ടിട്ട് നാടകത്തിനെത്തിയ വിദ്യാര്‍ഥിയാണെന്നു ധരിക്കേണ്ട. കണ്ണൂരിലെ കിടുക്കന്‍ പിള്ളേര്‍ അവതരിപ്പിച്ച നാടകത്തിന്റെ പേരാണ്. പേരുപോലെ തന്നെ സുമേഷിന്റെ കഥയാണ് നാടകം. അല്ല നിരവധി സുമേഷുമാരുടെ കഥ. തിരശീലയ്ക്കു മുന്നില്‍ മിന്നിത്തിളങ്ങുന്നവര്‍ മാത്രമാണ് നാടകത്തിലെ താരങ്ങള്‍.
എന്നാല്‍ നാടകത്തിന്റെ പ്രധാന ചരടുവലി നടത്തുന്നത് തിരശീലയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന കര്‍ട്ടന്‍വലിക്കാരന്‍ തന്നെയാണ്. സുമേഷന്‍ കര്‍ട്ടന്‍വലിക്കാരനാണ്. നിസാരക്കാരെന്നു പറഞ്ഞ് നമ്മള്‍ വിട്ടു കളയുന്ന പലര്‍ക്കും ജീവിതത്തില്‍ സുപ്രധാന റോളുകളുണ്ടെന്ന് ഓര്‍മപ്പെടുത്തിയാണ് കണ്ണൂര്‍ ഏടൂര്‍ സെന്റ്‌മേരീസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ സുമേഷ് എന്ന നാടകത്തില്‍ തകര്‍ത്ത് അഭിനയിച്ചത്. കര്‍ട്ടണ്‍വലിക്കാരന്റെ ജീവിതത്തിലൂടെ നാടകത്തിന്റെ അതിജീവനത്തിന്റെ കഥപറയുകയായിരുന്നു അവര്‍. അണിയറയിലെ നിസാര ജോലിയാണെങ്കിലും അതിലൂടെ നാടകത്തെ അകമഴിഞ്ഞ് സ്‌നേഹിക്കുകയായിരുന്നു സുമേഷ്. നാടകത്തിന്റെ തിരശീല ഉയരുമ്പോള്‍ ജീവിതത്തിന്റെ തിരശീല വീഴുകയായിരുന്നു സുമേഷിന്. ഒടുവില്‍ നല്ലൊരു നാടകത്തിന്റെ ഭാഗമാവുന്നതിനിടയില്‍ വേദിയില്‍ തന്നെ പൊലിഞ്ഞുവീഴുന്ന സുമേഷിന്റെ ജീവിതം കാണികളെ നൊമ്പരപ്പെടുത്തി.
ഒരു സിനിമ കാണുന്ന പ്രതീതിയിലാരുന്നു നാടകം ഒരുക്കിയത്. രംഗസജീകരണത്തിലും കലാസംവിധാനത്തിലും അഭിനയത്തിലും സംവിധാനത്തിലുമൊക്കെ ഒരു പോലെ മികവ് പുലര്‍ത്തിയ സുമേഷ് അര മണിക്കൂര്‍ നേരത്തേക്ക് കാണികളെ കൈയ്യിലെടുത്തു. ശ്വാസം വിടാതെ കാണികള്‍ കണ്ടിരുന്ന ഒരു നാടകവും ഇതു തന്നെയാണ്. പതിവ് സ്‌കൂള്‍ നാടക രീതിയില്‍ നിന്നും വ്യത്യസ്തമായി സ്റ്റേജ് ഉപയോഗിക്കുന്നതില്‍ പുതിയ രീതി അവലംബിച്ചതും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കാനായി. രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി യവനികയില്‍ നിന്നും മാഞ്ഞുതുടങ്ങിയ നാടകത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതിനൊപ്പം സവര്‍ണമേധാവിത്വത്തിനെതിരെയും കീഴാളരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി മാറി നാടകം. രണ്ടു തവണ സ്‌കൂള്‍ കലോല്‍സവത്തില്‍ മികച്ച നടനായ ഹരിഗോവിന്ദാണ് സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ജിനോ ജോസഫ് ആണ് നാടകത്തിന്റെ സംവിധായകന്‍. ജിനോയുടെ തന്നെ മത്തി, മാങ്ങാണ്ടി എന്നീ നാടകങ്ങള്‍ക്ക് കഴിഞ്ഞ കലോല്‍സവങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. മത്തിക്ക് ദേശീയ- സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിരുന്നു. നാടകം അന്യം നിന്നുപോകുമെന്ന അഭിപ്രായം തനിക്കില്ല. പുതിയ പരീക്ഷണങ്ങള്‍ ഉണ്ടാവണം, പഴഞ്ചന്‍ രീതി മാറണം. കാഴ്ചക്കാരനെ പിടിച്ചിരുത്താന്‍ ചില ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കണം.
ഈ നാടകത്തില്‍ തന്നെ സാങ്കേതികപരമായ വലിയ ശ്രമങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. പുതിയ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഇത്തരം ശ്രമങ്ങള്‍ കൂടിയേ തീരൂവെന്ന് സംവിധായകന്‍ പറഞ്ഞു. ഹരിഗോവിന്ദ്, ചഞ്ചല്‍, ജെറിന്‍, ഡാനിയല്‍, ആകാശ്, സാഹില്‍, ആന്‍ മരിയ, ഐശ്വര്യ, ശ്യാം എന്നിവരാണ് അഭിനേതാക്കള്‍. സംസ്ഥാന തല നാടക മല്‍സരത്തില്‍ രണ്ടു തവണ ഒന്നാമതെത്തിയിട്ടുള്ള സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ക്ക് വിജയത്തിലും സംശയമില്ല.
Next Story

RELATED STORIES

Share it