Religion

ഇതാണ് സ്‌നേഹം

ഇതാണ് സ്‌നേഹം
X
hridaya

റ്റെന്നെത്തേക്കാളുമുപരിയായി ഇന്നു മനുഷ്യബന്ധങ്ങളില്‍ വിള്ളലുകളുണ്ടായിരിക്കുന്നു എന്ന കാര്യത്തില്‍ യോജിക്കുന്നവരായിരിക്കും അധികപേരും. പരസ്പരബന്ധങ്ങളെ ഊഷ്മളവും പുഷ്‌കലവുമാക്കുന്ന വൈകാരികഘടകങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കുടുംബമായാലും സംഘടനകളായാലും രാഷ്ട്രീയമായാലും സാംസ്‌കാരികരംഗമായാലും വൈദ്യമേഖലയായാലും സാഹിത്യമായാലും 'നീയോ ഞാനോ' എന്ന കിടമല്‍സരത്തിന്റെ വേദികളായിത്തീര്‍ന്നിരിക്കുന്നു.
അവിടങ്ങളൊക്കെ 'ഈഗോ ക്ലാഷി'ന്റെ വിളനിലങ്ങളാണ്. അതിര്‍ത്തിതര്‍ക്കങ്ങളില്ലാത്ത ബന്ധുക്കള്‍ വളരെ കുറവാകും. വഴിത്തര്‍ക്കങ്ങളില്ലാത്ത അയല്‍ക്കാരും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കാത്ത പങ്കുകച്ചവടക്കാരും കുറയുകയാണ്. താമസസ്ഥലങ്ങളിലും തൊഴില്‍സ്ഥലങ്ങളിലും ശിഥിലമായ ബന്ധങ്ങളുമായാണ് കഴിഞ്ഞുകൂടുന്നത്. തന്‍കാര്യം മാത്രം പൊന്‍കാര്യമാക്കുക എന്നതിലാണ് സകലരുടെയും ശ്രദ്ധ. സ്‌നേഹാദരവുകള്‍ക്കൊന്നും ഒരുവിധ പരിഗണനയുമില്ല.
അഥീനയില്‍ പണ്ട് നാടകമല്‍സരത്തില്‍ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അഗഥന്‍ തന്റെ വിജയം ആഘോഷിക്കാന്‍ ഗ്രീക്ക് തിയേറ്ററില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടവര്‍ക്കൊക്കെ പ്രസംഗിക്കാന്‍ അവസരം നല്‍കി. പ്രഭാഷണം നടത്തിയവര്‍ക്കൊക്കെ ആഹ്ലാദപൂര്‍വം പറയാനുണ്ടായിരുന്നത് സ്‌നേഹത്തെ കുറിച്ചായിരുന്നു. ഫെയു ഡ്രസ് എന്ന ചിന്തകന്റെ ഊഴമെത്തിയപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ''പണേ്ടക്കു പണേ്ട പുകഴ്ത്തപ്പെടുന്ന ദൈവികഭാവമാണ് സ്‌നേഹം. സാധാരണ ജനങ്ങളെ അത് പടക്കുതിരകളാക്കുന്നു. പരസ്പരം സ്‌നേഹിച്ചവരെ സംഘടിപ്പിച്ചുകൊണ്ടുള്ള ഒരു പട്ടാളത്തെ എനിക്കു തരൂ. ഞാന്‍ നിങ്ങള്‍ക്ക് ലോകത്തെ നിങ്ങളുടെ കൈവെള്ളയില്‍ വച്ചുതരാം.''
അന്ത്യനാളില്‍ ദൈവം വിളിച്ചുചോദിക്കും. എന്റെ പേരില്‍ പരസ്പരം സ്‌നേഹിച്ചവരെവിടെ? മറ്റൊരു തണലുമില്ലാത്ത ഇന്നേ ദിവസം ഞാനവര്‍ക്ക് എന്റെ തണല്‍ വിരിച്ചുകൊടുക്കാം. മുഹമ്മദ് നബിയെയും സഖാക്കളെയും കുറിച്ച് ഒരു വിശേഷണം പരസ്പരം സ്‌നേഹത്തില്‍ കഴിഞ്ഞുകൂടുന്നവര്‍ എന്നാണ്. സ്‌നേഹം പകര്‍ന്നും സ്‌നേഹം നുകര്‍ന്നും സ്‌നേഹസമുദ്രത്തില്‍ അവര്‍ നീന്തിത്തുടിച്ചു. പലായനത്തെ തുടര്‍ന്ന് മക്കയില്‍നിന്നു മുന്നൂറോളം പേര്‍ പ്രവാസികളായി മദീനയില്‍ എത്തി. അവരുടെ പ്രശ്‌നങ്ങള്‍ നിരവധിയായിരുന്നു. അവര്‍ക്കായി നബി മാനവികസാഹോദര്യത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു സഹകരണപ്രസ്ഥാനത്തിനു തുടക്കമിട്ടു. മദീനക്കാരുടെ സമ്പത്തുകളിലും വിഭവങ്ങളിലും സൗകര്യങ്ങളിലും മക്കയില്‍ നിന്നെത്തിയവരെയും അവകാശികളും പങ്കാളികളുമാക്കുകയെന്നതായിരുന്നു ആ പദ്ധതിയുടെ തത്ത്വം. മദീനക്കാര്‍ സ്വന്തം ആവശ്യങ്ങള്‍ പരിഗണിക്കാതെ സഹോദരന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുത്തു.
നബിയുടെ മൂന്ന് അനുചരന്മാര്‍ യര്‍മൂഖ് യുദ്ധമുഖത്ത് കാഴ്ചവച്ച സഹോദരസ്‌നേഹത്തിന് ഉദാഹരണങ്ങള്‍ അധികമുണ്ടാവുകയില്ല. മരണാസന്നരായിരുന്നു മൂന്നുപേരും, ദാഹാര്‍ത്തരുമായിരുന്നു. വെള്ളം ലഭ്യമായിട്ടും ആദ്യത്തെയാള്‍ ദാഹശമനം വരുത്താതെ രണ്ടാമനു കൊടുക്കുന്നു. രണ്ടാമന്‍ മൂന്നാമനെ പരിഗണിക്കുന്നു. ഒടുവില്‍ മൂന്നുപേരും വെള്ളം കുടിക്കാതെ മരിച്ചു എന്നു ചരിത്രം.
ശഹീദ് സയ്യിദ് ഖുത്തുബിനെ കുറിച്ച് പരാമര്‍ശിക്കവെ പ്രമുഖ പണ്ഡിതനായ അഹമ്മദ് അബ്ദുല്‍ ഗഫൂര്‍ അതാര്‍ ഒരു സംഭവം പറയുന്നുണ്ട്. സാമ്പത്തികപരാധീനത കാരണം സയ്യിദ് ഖുത്തുബിന്റെ സ്വീകരണമുറിയില്‍ ഭേദപ്പെട്ട ഫര്‍ണിച്ചറുകള്‍ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ചെന്നപ്പോള്‍ അതാറിന് അവിടെ പുതിയ ഫര്‍ണിച്ചറുകള്‍ കാണാന്‍ കഴിഞ്ഞു. വീണ്ടുമൊരിക്കല്‍ ചെന്നപ്പോള്‍ സ്വീകരണമുറിയില്‍നിന്നു പുതിയ ഫര്‍ണിച്ചറുകള്‍ അപ്രത്യക്ഷമായിരുന്നു. വിവാഹത്തിനു പണമില്ലാതെ ഞെരുങ്ങുന്ന ഒരു സുഹൃത്തിനെ സഹായിക്കാനായി സയ്യിദ് ഖുത്തുബ് ഫര്‍ണിച്ചറുകള്‍ വിറ്റതായിരുന്നു.
ഈ കഥകളൊന്നും പുതുതായി നാം കേള്‍ക്കുന്നതല്ല. നാം ആശയപരമായി അവരുടെ പിന്‍ഗാമികള്‍ എന്ന് അഭിമാനിക്കുന്നവരാണ.് പക്ഷേ, നമുക്കെവിടെയോ വഴിതെറ്റിപ്പോയോ? മനുഷ്യഭാവങ്ങള്‍ നമുക്കന്യമാവുന്നുവെന്നോ? ഉപഭോക്താക്കളെ കണെ്ടത്താനുള്ള മാനേജ്‌മെന്റ് സ്ട്രാറ്റജിയായി സമ്മതിദായകരെ ആകര്‍ഷിക്കാനുള്ള മാസ്സ് പുള്ളിങ് ടെക്‌നിക്കായി, മുഖം മിനുക്കലായിത്തീരുന്നുണേ്ടാ നമ്മുടെ വ്യക്തിത്വവികസനം. പ്രഭാതത്തിലും പ്രദോഷത്തിലും ദൈവമുഖം കാംക്ഷിച്ചു പ്രാര്‍ഥനാനിരതരായി കഴിയുന്നവരുമായി നിന്റെ മനസ്സ് ദൃഢമായി ബന്ധിപ്പിക്കുക. ദരിദ്രരാണെന്ന പേരില്‍, കുലമഹിമയില്ലാത്തവരാണെന്ന പേരില്‍, വലിയ പഠിപ്പോ ഉദ്യോഗമോ ഇല്ലാത്തതിന്റെ പേരില്‍ ആരെയും ആട്ടിയോടിക്കാതിരിക്കുക.
Next Story

RELATED STORIES

Share it