ഇതര സംസ്ഥാന വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി;  എന്‍ഐടി കശ്മീരില്‍ നിന്നു മാറ്റില്ല

ശ്രീനഗര്‍: എന്‍ഐടി കശ്മീരില്‍ നിന്നു മാറ്റണമെന്ന സ്ഥാപനത്തിലെ ഇതര സംസ്ഥാന വിദ്യാര്‍ഥികളുടെ ആവശ്യം മാനവശേഷി വികസന മന്ത്രാലയം തള്ളി. എന്നാല്‍, അവര്‍ ഉന്നയിക്കുന്ന 'യഥാര്‍ഥ' പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രാലയം ഉറപ്പുനല്‍കി. എന്‍ഐടിയിലെ സാഹചര്യം ഇതര സംസ്ഥാന വിദ്യാര്‍ഥികളുടെ പ്രതിനിധിസംഘം ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍സിങ്, വിദ്യാഭ്യാസമന്ത്രി നയാം അക്തര്‍, മാനവശേഷി വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചചെയ്തു.
എന്‍ഐടി കശ്മീരില്‍ നിന്നു മാറ്റണമെന്ന ആവശ്യം മാനവശേഷി വികസന മന്ത്രാലയം തള്ളിയെന്നും ഇക്കാര്യം വിദ്യാര്‍ഥികളെ അറിയിച്ചെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, കാംപസിലെ അടിസ്ഥാന സൗകര്യവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തണമെന്ന വിദ്യാര്‍ഥികളുടെ യഥാര്‍ഥ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയെന്നും അവര്‍ പറഞ്ഞു.
എന്‍ഐടിയില്‍ സുരക്ഷ ഒരിക്കലും പ്രശ്‌നമായിരുന്നില്ലെന്നും എന്നാല്‍, ഇക്കാര്യത്തിലെ ആശങ്കകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കാമെന്നും മന്ത്രിമാര്‍ വിദ്യാര്‍ഥികള്‍ക്കു ഉറപ്പു നല്‍കിയിട്ടുണ്ട്.
സ്ഥാപനത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച പ്രതിഷേധമൊന്നുമുണ്ടായില്ലെന്നും ശ്രീനഗര്‍ എന്‍ഐടി രജിസ്ട്രാര്‍ ഫയാസ് അഹ്മദ് മിര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ചില വിദ്യാര്‍ഥികള്‍ വീട്ടിലേക്കു മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാംപസില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് സഹായിക്കാന്‍ എന്‍ഐടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ എം ജെ സറാബി വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it