ernakulam local

ഇതര സംസ്ഥാന തൊഴിലാളിക്ക് കെട്ടിടത്തില്‍നിന്ന് വീണു പരിക്ക്

മരട്: ബഹുനില കെട്ടിടത്തില്‍നിന്ന് തെന്നി താഴേക്ക് വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.
കുണ്ടന്നൂര്‍ ജങ്ഷനില്‍ പോലിസ് എയ്ഡ് പോസ്റ്റിനു സമീപം പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വീണാണ് തൊഴിലാളിക്ക് പരിക്കേറ്റത്. കെട്ടിടത്തില്‍ സിമന്റു തേച്ചു പിടിപ്പിക്കുന്നതിനിടയില്‍ നില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന അലൂമിനിയം ഷീറ്റ് തെന്നി പണി ഉപകരണങ്ങളുമായി നിലംപതിക്കുകയായിരുന്നു.
പരിക്കേറ്റ ബംഗാള്‍ സ്വദേശി ഇദിലീഷ് (20) നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. അപകട നില തരണംചെയ്ത ഇയാള്‍ക്ക് കൈക്കും മൂക്കിനും സര്‍ജറി വേണ്ടിവന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇയാള്‍ ജോലിയില്‍ പ്രവേശിച്ചിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ.
കെട്ടിട നിര്‍മാണത്തിനു വേണ്ടത്ര സുരക്ഷാ സംവിധാനം ഇല്ലാതെ പോയതാണ് അപകടത്തിനു കാരണമെന്ന് സംഭവത്തിന് സാക്ഷിയായവര്‍ പറഞ്ഞു. യാതൊരു സുരക്ഷയുമില്ലാതെ നടക്കുന്ന കെട്ടിട നിര്‍മാണത്തിനെതിരേ ജങ്ഷനിലെ ഓട്ടോ തൊഴിലാളികള്‍ മരട് നഗരസഭയില്‍ കൊടുത്ത പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ കുറെ ദിവസമായി യൂനിയന്‍ തൊഴിലാളികളും പണിക്കുണ്ടായിരുന്നു. എന്നാല്‍ പണികുറവാണ് എന്നും പറഞ്ഞു യൂനിയന്‍ തൊഴിലാളികളെ ഒഴിവാക്കുകയും കോണ്‍ട്രാക്ടറുടെ തൊഴിലാളികളെ വച്ചാണ് പണി നടത്തുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു.
ജോലി ചെയ്യുന്നത് സുരക്ഷ സംവിധാനമില്ലാതെ

മരട്: സംസ്ഥാനമൊട്ടാകെ വന്‍ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നത് സുരക്ഷ സംവിധാനങ്ങളില്ലാതെ. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളില്‍ ജീവന്‍ പണയപ്പെടുത്തിയാണ് തൊഴിലാളികളില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത്.
കേരളത്തിലേക്കെത്തുവരില്‍ ചുരുക്കം ചിലര്‍ തന്റെ നാട്ടിലേക്ക് തിരിച്ചെത്തുന്നത് ചേതനയറ്റ ശരീരവുമായിട്ടാണ്. വന്‍ കെട്ടിടങ്ങളും മറ്റും പണിയുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളൊന്നും പാലിക്കപ്പെടുന്നില്ല.
എന്നാല്‍ ഇതൊന്നും പരിശോധിക്കാനും അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളാനും അധികൃതര്‍ തയ്യാറാവുന്നുമില്ല. നിരവധി ജീവനുകളാണ് സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാത്തത് മൂലം പൊലിഞ്ഞത്.
എന്തെങ്കിലും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം എടുക്കുന്ന നടപടികള്‍ കടലാസുകളില്‍ മാത്രം ഒതുങ്ങുന്നതാണ് ഈ അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നത്.
Next Story

RELATED STORIES

Share it