Idukki local

ഇതര സംസ്ഥാന തൊഴിലാളികള്‍ വഴി വ്യാജലോട്ടറി വില്‍പന വ്യാപകം

എ ജയകുമാര്‍

ചെങ്ങന്നൂര്‍: മധ്യ കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വഴി വ്യാജ ലോട്ടറി വില്‍പ്പന പെരുകുന്നു. സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകളുടേതിന് സമാനമായ വ്യാജ ലോട്ടറികള്‍ അച്ചടിച്ച് വിറ്റ് പണം തട്ടുന്ന ലോബികള്‍ ചെങ്ങന്നൂരില്‍ സജീവമാവുന്നു. വീടുകള്‍ വാടകയ്‌ക്കെടുത്ത് തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികളെ എത്തിച്ച് ഇവിടെ താമസിപ്പിച്ച് ഇവര്‍ വഴിയാണ് വില്‍പ്പന നടത്തുന്നത്. കള്ള നോട്ട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന സംഘങ്ങളുടെ പിന്‍ബലത്തോടെയാണോ വ്യാജ ലോട്ടറി വ്യാപകമാവുന്നതെന്നും സംശയിക്കുന്നു.
ശനിയാഴ്ച തോറും കാരുണ്യ ലോട്ടറിയുടെ അമ്പത് രൂപാ ടിക്കറ്റുകളാണ് കൂടുതലായും ഇത്തരത്തില്‍ വില്‍പനക്കായി എത്തിക്കുന്നത്.
അടുത്ത കാലത്തായി ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലുമായി ചില ഏജന്റുമാര്‍ വിതരണം ചെയ്യുന്ന ടിക്കറ്റുകളില്‍ ഏജന്‍സിയുടെ വിലാസമോ രജിസ്റ്റര്‍ നമ്പറോ ഇല്ലാത്തതും ചില ടിക്കറ്റുകളില്‍ വിലാസം പതിപ്പിച്ചിരിക്കുന്ന സീലുകള്‍ വ്യക്തമല്ലാത്തതും ശ്രദ്ധയില്‍പെട്ടതോടെ രഹസ്യമായി വില്‍പ്പനക്കാരെ ചോദ്യം ചെയ്തതാണ് വ്യാജടിക്കറ്റുകള്‍ മൊത്തമായി വിതരണം ചെയ്യുന്ന വിവരം മനസ്സിലായത്.
ഇത്തരത്തില്‍ എത്തിക്കുന്ന ടിക്കറ്റുകള്‍ ചില ഏജന്റുമാര്‍ മുഖേന തന്നെ ചെറുകിട വില്‍പനക്കാര്‍ക്ക് നല്‍കുകയും 50 രൂപാ ടിക്കറ്റിന് 30 രൂപാ കമ്മീഷന്‍ നല്‍കിയുമാണ് വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.
സാധാരണ ടിക്കറ്റുകളുടെ കമ്മീഷനെക്കാള്‍ കൂടുതല്‍ ലഭിക്കുന്നതു മൂലം വ്യാജ ടിക്കറ്റ് വില്‍ക്കാന്‍ ആളുകള്‍ തയ്യാറാവുന്നു. ആയിരം രൂപാ കൊടുത്താല്‍ ഇത്തരം അന്‍പത് വ്യാജ ടിക്കറ്റുകള്‍ ലഭിക്കുകയും ഇത് വില്‍പന നടത്തിയാല്‍ 2500രൂപ കിട്ടുകയും ചെയ്യും. ഇത്തരത്തില്‍ മുന്‍കൂര്‍ പണം വാങ്ങിയശേഷമാണ് വില്‍പനക്കാര്‍ക്ക് നല്‍കുന്നത്.
ഖജനാവിനും നികുതി വകുപ്പിനും കോടികളുടെ നഷ്ടമുണ്ടാക്കുന്ന വ്യാജ ലോട്ടറി മാഫിയയെക്കുറിച്ച് അന്വേഷിക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല.
Next Story

RELATED STORIES

Share it