Pathanamthitta local

ഇതര സംസ്ഥാനത്ത് നിന്നുള്ള കഞ്ചാവ് കടത്ത് വ്യാപകമാവുന്നു

പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവ് വേട്ട തകൃതിയായി നടക്കുമ്പോഴും ഇതിന്റെ ഉറവിടം തടയാന്‍ കഴിയാതെ നിയമപാലകര്‍ ഇരുട്ടില്‍ തപ്പുന്നു. ഇത്തരം കേസുകളില്‍ പലപ്പോഴും പിടിയിലാവുന്നത് വന്‍മാഫിയയിലെ ചെറിയ കണ്ണികള്‍ മാത്രമാണ്.
അതിനപ്പുറത്തേക്കുള്ള അന്വേഷണം പലപ്പോഴും വഴിമുട്ടി നില്‍ക്കുകയാണ്. കഴിഞ്ഞദിവസം കോന്നിയില്‍ അറസ്റ്റിലായ തമിഴ്ബാലനില്‍ നിന്നുമാത്രം കണ്ടെടുത്തത് രണ്ടരകിലോ കഞ്ചാവാണ്. തമിഴ്‌നാട്ടിലെ കമ്പം, തേനി ഭാഗങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് കഞ്ചാവ് പ്രധാനമായും എത്തുന്നത്. ചെക്ക് പോസ്റ്റുകളിലെ പരിശോധനയില്‍പ്പെടാതെയാണ് ഇത് അതിര്‍ത്തി കടന്നെത്തുന്നത്.
അതിനു ശേഷം അവ ഇടനിലക്കാരിലേക്കും ചില്ലറ വില്‍പ്പനക്കാരിലേക്കും കൃത്യമായി എത്തുന്ന വഴി ഇപ്പോഴും എക്‌സൈസ്, പോലിസ് ഏജന്‍സികളുടെ അന്വേഷണ വലയത്തിനു പുറത്താണ്. റെയ്ഡുകളും അറസ്റ്റുകളും മുറയ്ക്ക് നടക്കുമ്പോഴും ആവശ്യക്കാര്‍ക്ക് സാധാനം ഇപ്പോഴും സുലഭമാണ്. പത്തനംതിട്ട നഗരത്തില്‍, പുതിയ ബസ്റ്റാന്‍ഡിന് പിന്‍വശം, ഇടത്താവളം, നഗരസഭാ ശ്മശാനം, പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റ്, കണ്ണങ്കര, ആനപ്പാറ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ചെറുകിട വില്‍പ്പന സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സാധനം എത്തിക്കുന്നതിനും കൃത്യമായ സംവിധാനം നിലവിലുണ്ട്.
പോലിസ്, എക്‌സൈസ് സംഘങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍, സ്ത്രീകളെയും ചെറിയ കുട്ടികളെയും ഉപയോഗിച്ചാണ് ഇടനിലക്കാര്‍ കഞ്ചാവ് വിറ്റഴിക്കുന്നത്. ഒരിക്കല്‍ പിടിലകപ്പെടുന്നവര്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ഇതേ തൊഴിലില്‍ സജീവമാകുന്നതാണ് കണ്ടുവരുന്നത്. പിടിയലകപ്പെടുന്നവര്‍ക്ക് നിയമസഹായം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൃത്യമായി ലഭ്യമാവുന്നുണ്ട്. ഇതില്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കണ്ണികളെ കുറിച്ച് അന്വേഷണം നടക്കാത്തതും ശ്രദ്ധേയമാണ്. കഞ്ചാവ് വില്‍പ്പനയ്‌ക്കൊപ്പം അനധികൃത വിദേശമദ്യവില്‍പ്പനയും നഗരത്തില്‍ വ്യാപകമായിട്ടുണ്ട്.
ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിവന്ന പരിശോധന മന്ദഗതിയിലായതോടെയാണ് പെട്ടികടകള്‍ കേന്ദ്രീകരിച്ചും ഒറ്റപ്പെട്ട വീടുകള്‍ കേന്ദ്രീകരിച്ചുമുള്ള അനധികൃത മദ്യവില്‍പ്പന സജീവമായിരിക്കുന്നത്.
Next Story

RELATED STORIES

Share it