ഇതര സംസ്ഥാനക്കാര്‍ക്ക് വോട്ട്; തീരുമാനമെടുക്കാന്‍ മൂന്നു മാസം കൂടി

ന്യൂഡല്‍ഹി: ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടന്നുതന്നെ സ്വന്തം സംസ്ഥാനത്തെ മണ്ഡലത്തിലെ വോട്ടു ചെയ്യാന്‍ അനുവദിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷനു സുപ്രിംകോടതി മൂന്നു മാസം കൂടി സമയം അനുവദിച്ചു. ഇതുസംബന്ധിച്ച് പഠനം നടത്താന്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം തിരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ച ഡെപ്യൂട്ടി തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഉമേഷ് സിന്‍ഹ അധ്യക്ഷനായ സമിതി ഡിസംബര്‍ 31നകം മാത്രമേ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കൂ. ഈ സാഹചര്യത്തിലാണ് ചീഫ്ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് കൂടുതല്‍ സമയം അനുവദിച്ചത്.
അതേസമയം, ഇക്കാര്യം നടപ്പാക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്നു വ്യക്തമാക്കുന്ന ഇടക്കാല റിപോര്‍ട്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. തപാല്‍വോട്ട് അനുവദിക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്നും പ്രോക്‌സിവോട്ട് അനുവദിച്ചാല്‍ അതു ദുരുപയോഗം ചെയ്യപ്പെടാമെന്നും റിപോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ആഭ്യന്തര കുടിയേറ്റക്കാരുടെ എണ്ണം തിട്ടപ്പെടുത്താന്‍ രജിസ്ട്രാര്‍ ജനറലോ തൊഴില്‍ മന്ത്രാലയമോ പഠനം നടത്തണം.
ഇതര സംസ്ഥാന കുടിയേറ്റക്കാരുടെ പ്രശ്‌നം സമഗ്രമായി പഠിക്കേണ്ടതുണ്ട്. മറ്റു രാജ്യങ്ങളിലുള്ള സംവിധാനങ്ങളും വ്യക്തമായി പഠിക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്നു കുടിയേറ്റം നടത്തിയ വോട്ടര്‍മാരുടെ വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍, ബന്ധപ്പെട്ട മറ്റു കക്ഷികള്‍ എന്നിവരുടെ നിലപാട് അറിയണം. കുടിയേറ്റ വോട്ടര്‍മാര്‍ക്കായി പ്രത്യേക വ്യവസ്ഥയുണ്ടാക്കിയാല്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം, നിലവിലെ സംവിധാനങ്ങള്‍ മാറ്റാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യണം എന്നിവയാണ് സമിതി തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്ന പ്രധാന ശുപാര്‍ശകള്‍.
Next Story

RELATED STORIES

Share it