ഇതരസംസ്ഥാനക്കാരായ 14 വയസ്സു തികയാത്ത കുട്ടികള്‍ക്കും പാന്‍കാര്‍ഡ്

കൊച്ചി: പതിനാല് വയസ്സു പോലും തികയാത്ത അന്യസംസ്ഥാനക്കാരായ കുട്ടികള്‍ക്കും പാന്‍കാര്‍ഡ്. ആദായനികുതി വകുപ്പ് നിക്ഷേപം ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കു നിഷ്‌കര്‍ഷിച്ചിട്ടുള്ള പാന്‍കാര്‍ഡുകളാണ് ഇപ്പോള്‍ അന്യസംസ്ഥാനക്കാരായ കുട്ടികള്‍ പ്രായം തെളിയിക്കാനുള്ള രേഖയായി കൊണ്ടുനടക്കുന്നതെന്ന് പോലിസും പറയുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ജില്ലാ കലക്ടറേറ്റ് സമ്മേളന ഹാളില്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ട വകുപ്പുകളുടെ യോഗത്തിലാണ് ജില്ലാ റൂറല്‍ പോലിസ് ഇക്കാര്യം അറിയിച്ചത്.
കുട്ടികള്‍ പാന്‍കാര്‍ഡ് എങ്ങനെ സംഘടിപ്പിക്കുന്നുഎന്ന് കണ്ടെത്തുക പ്രയാസമേറിയ കാര്യമായിരിക്കുകയാണ്. കൊച്ചുകുട്ടികള്‍ വരെ ഈ കാര്‍ഡ് കാണിച്ചാണു ജോലിക്ക് കയറുന്നത്. ബാലവേല നിരോധനത്തെ ഈ രീതിയില്‍ സുഗമമായി മറികടക്കുന്നു. വ്യാപകമായി ഇത്തരത്തില്‍ ബാലവേല നടക്കുന്നുണ്ടെന്നാണു വിവരം. ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി വ്യക്തമാക്കി. കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത വകുപ്പുതല പ്രതിനിധികളുടെ യോഗത്തില്‍ എല്ലാ വകുപ്പ് പ്രതിനിധികളും സന്നദ്ധസംഘടനാ പ്രതിനിധികളും സ്‌കൂള്‍ അധികൃതരും പങ്കെടുത്തു.
കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരാക്കുന്ന പ്രതികള്‍ക്കു പലപ്പോഴും ജാമ്യം ലഭിക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് പോലിസ് അറിയിച്ചു. വൈപ്പിന്‍ പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുണ്ടായ ഒരു പീഡനക്കേസില്‍ പ്രതിക്കു ജാമ്യം ലഭിക്കാനിടയായ സംഭവം വളരെ നിര്‍ഭാഗ്യകരമായിപ്പോയെന്നു ഒരു ശിശുക്ഷേമ പ്രവര്‍ത്തക പരാതിപ്പെട്ടു. കുട്ടിയുടെ അയല്‍വാസിയാണ് പ്രതി. ഇപ്പോള്‍ കുട്ടിയും കുടുംബവും ഭീതിയോടെയാണു കഴിയുന്നതെന്ന് അവര്‍ പരാതിപ്പെട്ടു. ഇക്കാര്യത്തില്‍ ജാമ്യവ്യവസ്ഥ പരിശോധിച്ച് പോരായ്മ കണ്ടെത്തിയാല്‍ അതു റദ്ദാക്കാന്‍ കഴിയുമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
പീഡന കേസുകളില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പ് നടത്തുന്നത് നിയമവിരുദ്ധമാണ്. ഒത്തുതീര്‍പ്പ്, മുന്‍കൂര്‍ ജാമ്യം, കേസ് വൈകിപ്പിക്കല്‍ ഇതൊന്നും അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നു പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it