ഇടുക്കി സ്ത്രീകാന്‍സര്‍ മുക്ത ജില്ലയാക്കാന്‍ വനിത കമ്മീഷന്‍ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം കാന്‍സര്‍ രോഗികളുള്ള ഇടുക്കി ജില്ലയിലെ സ്ത്രീകളെ കാന്‍സറില്‍നിന്ന് സമ്പൂര്‍ണമായി മോചിപ്പിക്കാനുള്ള പദ്ധതിക്ക് കേരള വനിതാകമ്മീഷന്‍ തുടക്കം കുറിക്കുന്നു. മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഈമാസം 24ന് ചലച്ചിത്രനടി മീര ജാസ്മിന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലയില്‍ കമ്മീഷന്‍ നടപ്പാക്കിവരുന്ന പദ്ധതിയുടെ മാതൃകയിലാണ് ഇതു നടപ്പാക്കുകയെന്ന് ജില്ലയുടെ ചുമതലയുള്ള കമ്മീഷന്‍ അംഗം ഡോ. ജെ പ്രമീളാദേവി അറിയിച്ചു.
സ്ത്രീകളുടെ മരണത്തിനുള്ള പ്രധാനകാരണമായി കാന്‍സര്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ ഇത്തരമൊരു പരിപാടിക്കു രൂപം നല്‍കിയത്. തുടക്കത്തില്‍ത്തന്നെ രോഗം കണ്ടെത്താനായാല്‍ കാ ന്‍സര്‍ മരണങ്ങളില്‍ 65-70 ശതമാനവും ഒഴിവാക്കാന്‍ കഴിയും. ഈ സാധ്യത പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. കീടനാശിനിയുടെയും മറ്റും അമിതോപയോഗമുള്ള ജില്ലയില്‍ വര്‍ധിച്ചുവരുന്ന കാന്‍സര്‍വിപത്തിന് ആവര്‍ത്തനസ്വഭാവത്തോടെ തുടരുന്ന ദീര്‍ഘകാലപദ്ധതി പരിഹാരമാവും. ജില്ലയിലെ ആശാവര്‍ക്കര്‍മാരുടെയും പാലിയേറ്റീവ് നഴ്‌സുമാരുടെയും സേവനം പ്രയോജനപ്പെടുത്തി മൂന്നു ഘട്ടമായാണ് പരിപാടി നടപ്പാക്കുക.
പ്രവര്‍ത്തകര്‍ക്കുള്ള ബോധവല്‍ക്കരണമാണ് ആദ്യഘട്ടം. കാന്‍സറിന്റെ പ്രാഥമികലക്ഷണങ്ങള്‍ അധാരമാക്കി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചുള്ള വിവരശേഖരണമാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടമായി രോഗസാധ്യത ഉള്ളവരെ സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാംപുകളില്‍ എത്തിച്ച് വിശദപരിശോധനയും രോഗമുള്ളവര്‍ക്കു ചികില്‍സയും ലഭ്യമാക്കും. താലൂക്കുതലത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുക.
എല്ലാ താലൂക്കിലും സമാന്തരമായി നടപ്പാക്കുന്ന പദ്ധതിക്ക് ദേവികുളം താലൂക്കില്‍ തുടക്കം കുറിക്കും. സ്ത്രീകളെ ഉദ്ദേശിച്ചാണ് പരിപാടി നടപ്പാക്കുന്നതെങ്കിലും ക്യാംപില്‍ പങ്കെടുക്കാന്‍ പുരുഷന്മാരും താല്‍പര്യം കാണിച്ചതായി പ്രമീളാദേവി പറഞ്ഞു.
Next Story

RELATED STORIES

Share it