Idukki local

ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി സമരം പിന്‍വലിച്ചു

ചെറുതോണി:പഠന സൗകര്യമില്ലെന്നാരോപിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയ സമരം പിന്‍വലിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളെ സംസ്ഥാനത്തെ മറ്റ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചതോടെയാണ് തിങ്കഴാഴ്ച വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരം അവസാനിപ്പിച്ചത്.
മൂന്നാം വര്‍ഷക്കാര്‍ക്കുള്ള പഠന സൗകര്യം ഒരുക്കാത്തതുമൂലം ഇവരുടെ പഠനം പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് കോളജ് യൂനിയന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് 49 വിദ്യാര്‍ഥികളെ മറ്റിടങ്ങളിലേയ്ക്ക് മാറ്റാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി.ഇതു പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 18 വിദ്യാര്‍ഥികളേയും കോഴിക്കോട് 10, തൃശൂര്‍ ഏഴ്, ആലപ്പുഴ ആറ്, കോട്ടയം എട്ട് എന്നീ ക്രമത്തിലാണ് മാറ്റാന്‍ നിശ്ചയിച്ചത്. ഇവര്‍ക്ക് പഠനം തുടരാനാണ് പുതിയ ക്രമീകരണങ്ങള്‍ എന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ തല്‍ക്കാലം ഇവിടെ പഠനം തുടരും. പുതിയ നടപടികള്‍ ഭാവിക്ക് പ്രയോജനകരമാകുമെന്നും അതിനാല്‍ യോജിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.എങ്കിലും ഇതോടെ ഇടുക്കി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അനിശ്ചിതത്വത്തിലാവാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മൂന്നാം വര്‍ഷ പഠനത്തിനാവശ്യമായ അധ്യാപകരും മറ്റ് ജീവനക്കാരുമുള്‍പ്പടെയുള്ള 75% സൗകര്യങ്ങളും ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ല.
വിദ്യാര്‍ഥികളെ മാറ്റുന്നതോടെ ഇവിടേയ്ക്ക് ഡോക്ടര്‍മാരുടെ നിയമനം ആവശ്യമില്ലാത്ത സ്ഥിതിയാകും.
മുമ്പ് നിയമിച്ച പ്രഫസര്‍മാരും ജീവനക്കാരും നിയമനോത്തരവ് മാറ്റി വാങ്ങി പോയിരുന്നു. കഴിഞ്ഞ ഗവണ്‍മെന്റ് 2015ല്‍ 59 കോടി രൂപ കെട്ടിട നിര്‍മ്മാണത്തിനായി വകയിരുത്തിയെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല.അതേസമയം കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ഥികളുടെ സമരത്തിനു പിന്നില്‍ ചില പ്രത്യേക അജണ്ടകളുള്ളതായി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട ചിലര്‍ സംശയം പ്രകടിപ്പിച്ചു.
ജൂണ്‍ ആദ്യവാരത്തില്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയേയും സംസ്ഥാന ആരോഗ്യ മന്ത്രിയേയും കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ഉടന്‍ പരിഹാരമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചതായും പുതിയ സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കഴിഞ്ഞ ദിവസം വിദ്യാര്‍ഥി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നിട്ടും വളരെ പെട്ടന്ന് ഒരു സമരം എന്തിനെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ വിദ്യാര്‍ഥി നേതാക്കള്‍ക്ക് കഴിഞ്ഞില്ല. സമരം ആരംഭിക്കും മുമ്പു തന്നെ വിദ്യാര്‍ഥികളെ മാറ്റാന്‍ തീരുമാനമായിരുന്നുവെന്നും വിവരമുണ്ട്.
മൂന്നാം വര്‍ഷ വിദ്യാര്‍ഥികളെ മാറ്റുന്നതോടൊപ്പം രണ്ടാം വര്‍ഷ വിദ്യാര്‍ഥികളേയും കാലക്രമേണ മാറ്റാനാണ് സാധ്യത.ഇത്തരത്തില്‍ പ്രതിസന്ധിയിലായ മെഡിക്കല്‍ കോളജിലേയ്ക്ക് പുതിയ ബാച്ചില്‍ പ്രവേശനം നേടാന്‍ ആരും മുന്നോട്ടു വരാത്ത സാഹചര്യമുണ്ടാകുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it