Idukki local

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴുന്നു

തൊടുപുഴ: കടുത്ത വേനലില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് താഴുന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 2341.30 ആണ്. മുന്‍ വര്‍ഷത്തേക്കാള്‍ 19.46 അടി കുറവാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇടുക്കി ഡാമിലെ ജലനിരപ്പ് 2360.76 ആയിരുന്നു. വേനല്‍ കടുത്തതോടെ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് അതിവേഗം താഴുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ ചെറിയ തോതില്‍ വേനല്‍ മഴ ലഭിച്ചെങ്കിലും രണ്ടു ദിവസമായി പദ്ധതി പ്രദേശത്ത് മഴ പെയ്തിട്ടില്ല. കാലവര്‍ഷവും തുലാവര്‍ഷവും പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണമായത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വൈദ്യുതി ഉല്‍പാദന കേന്ദ്രത്തിലെ ജലനിരപ്പ് താഴുന്നത് ആശങ്ക ഉണര്‍ത്തുകയാണ്.
ഇന്നലെ 9.155 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് മൂലമറ്റം പവര്‍ ഹൗസില്‍ ഉല്‍പ്പാദിപ്പിച്ചത്. സംഭരണ ശേഷിയുടെ 38.54 ശതമാനം ജലമാണ് ഇപ്പോള്‍ ഡാമിലുള്ളത്. വൈദ്യുതി ഉല്‍പാദനം സര്‍വകാല റെക്കോര്‍ഡും ഭേദിച്ച് മുന്നോട്ട് പോകുകയാണ്. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഡാമിലെ വൈദ്യുതി ഉല്‍പാദനം കുറയ്‌ക്കേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
അതേസമയം വൈദ്യുതി ഉല്‍പ്പാദനം ഇതേ നിലയില്‍ തുടര്‍ന്നാല്‍ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് ഡാമില്‍ അവശേഷിക്കുന്നത്. ഇതോടൊപ്പം ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന മഴക്കാലം എത്താന്‍ വൈകിയാല്‍ ഡാമിലെ വൈദ്യുതി ഉല്‍പ്പാദനം തടസ്സപ്പെടും. ജില്ലയിലെ ഒരു ഡസണിലധികം വരുന്ന ഡാമുകളിലെ ജലനിരപ്പു താഴുന്നത് വരും മാസങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദനത്തെ സാരമായി തന്നെ ബാധിക്കും.
Next Story

RELATED STORIES

Share it