Idukki local

ഇടുക്കിയില്‍ ബോട്ടിങ് 19 മുതല്‍; സജ്ജീകരിച്ചിരിക്കുന്നത് 29 പേര്‍ക്കുള്ള ബോട്ട്

ഇടുക്കി: ഇടുക്കി ഡാമിലെ ബോട്ട് സര്‍വീസ് 19ന് തുടങ്ങും. ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തിലാണ് ബോട്ടിങ് ആരംഭിച്ചിരിക്കുന്നത്. 20 പേര്‍ക്ക് ഒരേസമയം യാത്രചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ബോട്ടാണ് ക്രമീകരിച്ചിട്ടുളളത്. 200 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ഇടുക്കി ചെറുതോണി ഡാമുകളും വനത്തിന്റെ ഉള്‍ഭാഗങ്ങളും ബോട്ടിങില്‍ ദര്‍ശിക്കാനാവും.
ബോട്ടിങിനായി ഒരുമണിക്കൂറാണ് ക്രമീകരിച്ചിട്ടുള്ളത്. എല്ലാദിവസങ്ങളിലും ബോട്ടിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടിനാരംഭിക്കുന്ന ബോട്ടു സര്‍വീസ് വൈകീട്ട് അഞ്ചുവരെ തുടരും. ഒരു ട്രിപ്പ് പോയി വന്നാലുടന്‍ അടുത്ത ട്രിപ്പ് ആരംഭിക്കും. അവധി ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഡാമുകള്‍ കാണാന്‍ എത്തുമെന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് ഈ സമയം ബോട്ടിങ് നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നുള്ള കാലങ്ങളുടെ ആവശ്യമാണ് ഇതോടെ നിറവേറുന്നത്. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ചാണ് ബോട്ടിങ് ആരംഭിക്കുന്നത്.
സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് എടുക്കുന്നതിന് സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചെറുതോണി വെള്ളാപ്പാറയില്‍ ടിക്കറ്റ് കൗണ്ടറിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
അന്യ ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സന്ദര്‍ശകള്‍ക്ക് വന്യ ജീവികളെ അടുത്തു കാണാന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ബോട്ടിങ് ക്രമീകരിച്ചിട്ടുള്ളത്.വനം-സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൈകിട്ട് നാലിന് ഇടുക്കി ജലാശയത്തില്‍ വിനോദ സ്ഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന ബോട്ടിങ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്യും.
വെള്ളാപ്പാറ പോര്‍ച്ച് ഡോര്‍മെറ്ററിയില്‍ നടക്കുന്ന ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. അഡ്വ. ജോയിസ് ജോര്‍ജ് എംപി വിശിഷ്ടാതിഥിയായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, വാഴത്തോപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ബ്ലോക്കു പഞ്ചായത്തംഗം ടിന്റു സുഭാഷ്, ഗ്രാമപ്പഞ്ചായത്തംഗം പ്രഭ തങ്കച്ചന്‍ സംസാരിക്കും.
Next Story

RELATED STORIES

Share it