ഇടുക്കിയില്‍ പോളിങില്‍ നേരിയ വര്‍ധന: ആശങ്ക യോടെ മുന്നണികള്‍

സി എ സജീവന്‍

തൊടുപുഴ: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും വിജയം അവകാശപ്പെടുമ്പോഴും ഇരുമുന്നണികളും ആശങ്കയിലാണ്. കഴിഞ്ഞ തവണത്തെ മേല്‍ക്കൈ നഷ്ടപ്പെടുമോയെന്ന സംശയം ഇടതുമുന്നണിയെ വലയ്ക്കുമ്പോള്‍ ഇത്തവണയും കൂടി നഷ്ടമായാല്‍ പിന്നെയെന്ത് എന്ന ദൈന്യതയാണ് യുഡിഎഫില്‍. അതേസമയം സീറ്റുപിടിക്കുമെന്നൊക്കെ വീമ്പുപറഞ്ഞ എന്‍ഡിഎ ആകട്ടെ വോട്ടുകളുടെ വര്‍ധനയേ സാധ്യമാവൂ എന്ന നിലയിലേക്ക് ആഗ്രഹം ചുരുക്കിയിട്ടുണ്ട്.
ജില്ലയിലെ വിജയം സംബന്ധിച്ച് ഇരുമുന്നണികളും അവകാശവാദവുമായി അരങ്ങിലെത്തി. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും തിരിച്ചുപിടിക്കുമെന്ന അവകാശവാദമാണ് ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് പങ്കുവച്ചത്. കോണ്‍ഗ്രസ് മല്‍സരിച്ച മൂന്നു സീറ്റും ജയിക്കും. പിന്നെ കേരളാ കോണ്‍ഗ്രസ്സിന്റെ തൊടുപുഴയും ഇടുക്കിയും നേരത്തേ ഉറപ്പിച്ചതാണ് എന്നായിരുന്നു വിശദീകരണം. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. ഓരോ മണ്ഡലത്തെക്കുറിച്ചും അവിടുത്തെ പ്രശ്‌നങ്ങളെയും കൂട്ടിയിണക്കി ചോദിച്ചപ്പോള്‍ മൂന്ന് സീറ്റ് ഉറപ്പും രണ്ട് സീറ്റ് സംശയത്തിലുമായി. അതേസമയം എല്‍ഡിഎഫ് മുന്‍ വര്‍ഷത്തേക്കാള്‍ നില മെച്ചപ്പെടുത്തുമെന്ന നിലപാടാണ് അറിയിച്ചത്. കഴിഞ്ഞ തവണ മൂന്ന് സീറ്റായിരുന്നു ഇടതിന്. ഇക്കുറി ഇടുക്കി പിടിക്കുമെന്നും ഉറപ്പിച്ചു പറയുന്നു. പീരുമേട്, ദേവികുളം മണ്ഡലത്തിലെ പ്രതികൂല ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതില്‍ ഏതെങ്കിലുമൊന്നു നഷ്ടപ്പെട്ടാനുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞില്ല. ഫലത്തില്‍ വിജയം സംബന്ധിച്ച് ഇരുമുന്നണികളും ആശങ്കയിലാണ് എന്നാണു സൂചന.
ദേവികുളത്ത് പൊമ്പിളൈ ഒരുമ, അണ്ണാഡിഎംകെ സ്ഥാനാര്‍ഥികളുടെ വോട്ടുപിടിത്തവും തോട്ടം മേഖലയിലെ പോളിങിലുണ്ടായ കുറവും സിപിഎമ്മിലെ എസ് രാജേന്ദ്രന്റെ വിജയസാധ്യതയ്ക്കു മങ്ങലേല്‍പ്പിച്ചതായാണ് എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നത്. പീരുമേട്ടില്‍ അവസാന ദിവസത്തെ ചില അണിയറനീക്കങ്ങളിലൂടെ ഇ എസ് ബിജിമോളുടെ വിജയത്തിനു തടയിടാനായെന്നും ഇവര്‍ അവകാശപ്പെടുന്നു. അതേസമയം ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിലെ ഓളം വോട്ടിങില്‍ പ്രതിഫലിച്ചില്ലെന്ന നിരാശ ആ ക്യാംപില്‍ കാണാനുണ്ട്. തൊടുപുഴയില്‍ പി ജെ ജോസഫിനെ തളയ്ക്കുമെന്നും അതല്ലെങ്കില്‍ എല്‍ഡിഎഫിനെ മൂന്നാം സ്ഥാനത്താക്കുമെന്നൊക്കെയായിരുന്നു എന്‍ഡിഎ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, സവര്‍ണ വിഭാഗം വോട്ടുകള്‍ കാര്യമായി പോള്‍ ചെയ്തില്ലെന്ന റിപോര്‍ട്ട് ചെയ്യപ്പെട്ടതിലൂടെ ആ മോഹവും പൊലിഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്.
അന്തിമ വിശകലനത്തില്‍ ജില്ലയിലെ പോളിങ് ശതമാനം 73.59 ശതമാനമായി. കഴിഞ്ഞ തവണ(71.13)ത്തേക്കാള്‍ 2. 46 ശതമാനമാണു വര്‍ധന.
തൊടുപുഴ, ദേവികുളം മണ്ഡലമൊഴികെ മണ്ഡലങ്ങളില്‍ ഇതു ദൃശ്യമാണ്. ഉടുമ്പന്‍ചോല-75.35, തൊടുപുഴ-71.93, പീരുമേട്-73.22, ഇടുക്കി-76.35, ദേവികുളം-71.08 എന്നിങ്ങനെയാണ് പോളിങ് നില. 2011ല്‍ ഇത് ഉടുമ്പന്‍ചോല-72.08, തൊടുപുഴ-72.02, പീരുമേട്-69.74, ഇടുക്കി-70.57, ദേവികുളം-72.45 ശതമാനം എന്നിങ്ങനെയായിരുന്നു.
ഇടുക്കിയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 5.78 ശതമാനം കൂടുതല്‍ പേര്‍ വോട്ടുചെയ്തു. തൊടുപുഴയിലും ദേവികുളത്തും വോട്ടുചെയ്തവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി.
Next Story

RELATED STORIES

Share it