Idukki local

ഇടുക്കിയിലെ 47 വില്ലേജുകളും പരിസ്ഥിതി ലോല പട്ടികയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

ചെറുതോണി: ഇടുക്കി ജില്ലയിലെ 47 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 123 വില്ലേജുകളും പരിസ്ഥിതി ലോല പട്ടികയില്‍ തന്നെയാണ് വിജ്ഞാപനം ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജവദേക്കര്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിയെ രേഖാമൂലം അറിയിച്ചു. ആശങ്കവേണ്ട എന്ന സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തലെന്നു എംപി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
കേരളം ഉള്‍പ്പെടെ പശ്ചിമ ഘട്ടത്തിലെ 4156 വില്ലേജുകളും ഇപ്പോഴും പരിസ്ഥിതി ലോല പ്രദേശങ്ങളായി തുടരുകയാണെന്നും എംപി യുടെ പാര്‍ലമെന്റിലെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
കേന്ദ്രം പലതവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യഥാസമയം കേരളത്തിന്റെ റിപോര്‍ട്ട് കൃത്യതയോടെ കേന്ദ്രത്തിനു സമര്‍പ്പിക്കാത്തതിനാലാണ് തീവ്ര ജനവാസ മേഖല ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഇപ്പോഴും പരിസ്ഥിതിലോല പട്ടികയില്‍ തുടരുന്നത്.
2014 മാര്‍ച്ച് 10ന് പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളത്രയും 4156 വില്ലേജുകളിലായി 56685 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014 മാര്‍ച്ച് 10ന് പുറത്തിറങ്ങിയ കരട് വിജ്ഞാപനം അതേപടി ഇപ്പോഴും നിലനില്‍ക്കുകയാണ്.
2015 സെപ്തംബര്‍ നാലിന് പുറത്തിറങ്ങിയ വിജ്ഞാപനത്തിലും പരിസ്ഥിതി ലോല പട്ടികയില്‍ മാറ്റമുണ്ടായില്ല.
Next Story

RELATED STORIES

Share it