ഇടിക്കൂട്ടിലെ ഗര്‍ജനം നിലച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അരിസോണയിലെ ഫിനിക്‌സിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അലിയുടെ കുടുംബവക്താവാണു മരണവാര്‍ത്ത പുറത്തുവിട്ടത്. മുമ്പ് അണുബാധയും ന്യൂമോണിയയും ബാധിച്ചതിനെത്തുടര്‍ന്നു പലതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
30 വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗബാധിതനാണ്. ദി ഗ്രേറ്റസ്റ്റ്, ദി പീപ്പിള്‍സ് ചാംപ്യന്‍ തുടങ്ങിയ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന താരമാണ് അദ്ദേഹം. കെന്റകിയിലെ ലൂയിസ് വില്ലയില്‍ 1942 ജനുവരി 17നാണു മുഹമ്മദ് അലി എന്ന കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയറുടെ ജനനം. 26ാം വയസ്സില്‍ ഇസ്‌ലാംമതം സ്വീകരിച്ചതോടെ പേര് മുഹമ്മദ് അലി എന്നാക്കി. 18ാം വയസ്സിലായിരുന്നു അമച്വര്‍ ബോക്‌സിങ് മല്‍സരരംഗത്തേക്കുള്ള പ്രവേശനം. 1960ലെ റോം ഒളിംപിക്‌സില്‍ സ്വര്‍ണമണിഞ്ഞ അലി പിന്നീട് ഇതിഹാസതാരങ്ങളുടെ പട്ടികയിലേക്ക് അതിവേഗം ഇടിച്ചുകയറുകയായിരുന്നു. 19ാം വയസ്സില്‍ ലൈറ്റ് ഹെവിവെയ്റ്റ് (81 കിലോ) ഇനത്തിലാണ് ഒളിംപിക് സ്വര്‍ണം നേടിയത്. ഇത് അലിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി.
അലിയുടെ ഉരുക്കുമുഷ്ടിയുടെ പ്രഹരത്തില്‍ ജോ ഫ്രെയ്‌സര്‍, ജോര്‍ജ് ഫോര്‍മാന്‍, ലിയോണ്‍ സ്പിങ്ക്‌സ് തുടങ്ങിയ പ്രമുഖ ബോക്‌സര്‍മാരെല്ലാം റിങില്‍ മുട്ടുകുത്തിയിട്ടുണ്ട്. 1964, 1974, 1978 വര്‍ഷങ്ങളില്‍ ലോക ഹെവിവെയ്റ്റ് ചാംപ്യനായി. അലിയുടെ മകള്‍ ലൈല പിതാവിന്റെ പാത പിന്തുടര്‍ന്ന് ബോക്‌സറായി മാറി.
അമേരിക്കയില്‍ വര്‍ണവിവേചനം രൂക്ഷമായ കാലഘട്ടത്തിലാണ് അലിയെന്ന ബോക്‌സിങ് ഇതിഹാസത്തിന്റെ പിറവി. രാജ്യത്തിനുവേണ്ടി ഗെയിംസില്‍ മെഡല്‍ നേടിയിട്ടും കറുത്തവര്‍ഗക്കാരനായതുമൂലം നേരിടേണ്ടിവന്ന വിവേചനം അലിയെ നിരാശനാക്കി. വര്‍ണവിവേചനത്തിനെതിരേ നിരന്തരം പോരാട്ടം നയിച്ച കായിക ഇതിഹാസമായിരുന്നു അദ്ദേഹം. തനിക്കു നേരിടേണ്ടിവന്ന വിവേചനമാണ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ലോകം അറിയപ്പെടുന്ന ഇതിഹാസ ബോക്‌സറായി വളര്‍ത്തിയെടുത്തത്.
1964ല്‍ നേടിയ ലോകകിരീടം 1967ല്‍ അലിയില്‍ നിന്നു തിരിച്ചെടുക്കപ്പെട്ടു. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.
Next Story

RELATED STORIES

Share it