ഇടമലയാര്‍ കനാലില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

അങ്കമാലി: ഇടമലയാര്‍ കനാലില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. അയ്യമ്പുഴ പാണ്ടുപാറ കാച്ചപ്പിള്ളി വര്‍ഗീസിന്റെ മകന്‍ ഡോണ്‍ (18), മൂക്കന്നുര്‍ ആഴകം കല്ലാട്ട് വീട്ടില്‍ രാജീവിന്റെ മകന്‍ ജിഷ്ണു (18) എന്നിവരാണ് മരിച്ചത്. അങ്കമാലി നിര്‍മല്‍ ജ്യോതിയിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും. വേനലവധി ആഘോഷിക്കാന്‍ അയ്യംമ്പുഴ പാണ്ടുപാറയിലെ ഇടമലയാര്‍ കനാലിനോട് ചേര്‍ന്ന സ്ഥലത്ത് ഒത്തുകൂടിയതായിരുന്നു ഇവര്‍. ഡോണിനും ജിഷ്ണുവിനുമൊപ്പം സുഹൃത്തുക്കളായ അനഘ്, അശ്വിന്‍, ജോസഫ്, എഡ്വിന്‍ എന്നിവരാണുണ്ടായിരുന്നത്. അയ്യമ്പുഴ പാണ്ടുപാറയിന്‍ ഇടമലയാര്‍ കനാലിന്റെ ഷട്ടറിലൂടെ വെള്ളമൊഴുകുന്നത് കാണാനെത്തിയതാണ്. തുടര്‍ന്ന് ഡോണും ജിഷ്ണുവും കനാലില്‍ കുളിക്കാനിറങ്ങി. ഒഴുക്കില്‍പ്പെട്ട ജിഷ്ണുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡോണും മുങ്ങുകയായിരുന്നു. ഇതുകണ്ട എഡ്വിനും ജോസഫും കനാലില്‍ ചാടിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. ഡോണും ജിഷ്ണുവും കനാലിന്റെ 200 മീറ്ററോളം നീളമുള്ള കോണ്‍ക്രീറ്റ് മൂടിയുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മലയാറ്റൂര്‍ ഭാഗത്ത് ഷട്ടര്‍ അടച്ച് കനാലില്‍ വെള്ളം കുറച്ചശേഷമാണ് തിരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ ഇന്ന് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തുടര്‍ന്ന് വീടുകളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
മൂക്കന്നൂര്‍ അഴകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമാണ് ജിഷ്ണുവും കുടുംബവും താമസിക്കുന്നത്. മാതാവ്: ഓമന. സഹോദരന്‍: വിഷ്ണു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പില്‍.
കാലടി പ്ലാന്റേഷനില്‍ ജോലി ചെയ്യുന്ന മേരികുഞ്ഞാണ് ഡോണിന്റെ മാതാവ്. സഹോദരി: ഡോണ മരിയ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പാണ്ടുപ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
Next Story

RELATED STORIES

Share it