ഇടമലയാര്‍ ആനവേട്ടക്കേസ്; ഈ മാസം 31നു മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും

കോതമംഗലം: ഇടമലയാര്‍ ആനവേട്ടക്കേസില്‍ ഈ മാസം 31ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം മലയാറ്റൂര്‍ ഡി എഫ്ഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ആദ്യഘട്ടത്തില്‍ അന്വേഷണം പൂര്‍ത്തിയായ 10 കേസുകളിലും ബാക്കിയുള്ള കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാവുന്ന മുറയ്ക്കും കുറ്റപത്രം സമര്‍പ്പിക്കുന്നതിനാണ് അധികൃതര്‍ ലക്ഷ്യമിട്ടിട്ടുള്ളത്.
പതിനഞ്ചോളം കേസുകളിലായി 60ല്‍പരം പ്രതികളുള്ള കേസില്‍ കുറ്റപത്രം നല്‍കാത്തത് പരക്കേ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്നാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് അന്വേഷകസംഘം തയ്യാറായതെന്നാണ് സൂചന. കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരേ മലയാറ്റൂര്‍ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘത്തിന്റെ മുഖ്യ ചുമതലക്കാര്‍ക്കെതിരേ ഉന്നത ഉദ്യോഗസ്ഥരില്‍നിന്നു കടുത്ത വിമര്‍ശനം ഉണ്ടായതായും അറിയുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതുസംന്ധിച്ച ആദ്യകേസ് ഇടമലയാര്‍ തുണ്ടം ഫോറസ്റ്റ് റെയിഞ്ച ്ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
കുട്ടംപുഴ ഐക്കരക്കുടി വാസുവിന്റെ നേതൃത്വത്തില്‍ ഇടമലയാര്‍ വനമേഖലയില്‍ ആനവേട്ട നടത്തിയിരുന്നതായി മുന്‍ ഫോറസ്റ്റുവാച്ചറും ആനവേട്ട സംഘത്തിന്റെ സഹായിയുമായിരുന്ന വടാട്ടുപാറ സ്വദേശി കുഞ്ഞുമോന്റെ വെളിപ്പെടുത്തലില്‍നിന്നാണ് കേസിന്റെ തുടക്കം. വാസുവിന്റെ നേതൃത്വത്തിലുള്ള ആനവേട്ട സംഘത്തിന് ഭക്ഷണം തയ്യാറാക്കുന്ന ജോലി ചെയ്തിരുന്ന താന്‍ ആനയെ വാസു വെടിവച്ചിടുന്നതു നേരില്‍ കണ്ടിട്ടുണ്ടെന്നായിരുന്നു കുഞ്ഞുമോന്റെ വെളിപ്പെടുത്തല്‍.
ഇതുപ്രകാരം വാസുവിനെ ഒന്നാംപ്രതിയാക്കിയും മുഖ്യസഹായി ആണ്ടിക്കുഞ്ഞ് ഉള്‍പ്പെടെയുള്ള ഏതാനും പേരെ കൂട്ടുപ്രതികളാക്കിയും കേസെടുത്ത് തുണ്ടം ഫോറസ്റ്റ് റെയിഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
കേസ് അന്വേഷണം മുറുകിയ ഘട്ടത്തില്‍ മഹാരാഷ്ട്ര ഡോഡമര്‍ഗ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കേസിലെ മറ്റൊരു പ്രതി പെരുമ്പാവൂര്‍ സ്വദേശി മനോജിന്റെ ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍ വാസുവിന്റെ ജഡം കണ്ടെത്തിയിരുന്നു. വാസുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നുള്ള ബന്ധുക്കളുടെ പരാതിയില്‍ പോലിസ് അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം കുട്ടമ്പുഴയിലെത്തി വാസുവിന്റെ ബന്ധുക്കളില്‍നിന്നു മഹാരാഷ്ട്ര പോലിസ് മൊഴിയെടുത്തിരുന്നു. ഓപറേഷന്‍ ശിക്കാര്‍ എന്ന പേരിലുള്ള ഈ കേസന്വേഷണം വഴി രാജ്യാന്തര കള്ളക്കടത്ത്‌സംഘങ്ങളുമായും ഹവാല ഇടപാടുകാരുമായും ബന്ധമുള്ള ആനക്കൊമ്പ് കടത്തല്‍ സംഘത്തിലെ പ്രമുഖരായ തിരുവനന്തപുരം സ്വദേശികളായ ഈഗിള്‍ രാജന്‍, അജി െ്രെബറ്റ്, ഡല്‍ഹി സ്വദേശി ഉമേഷ് അഗര്‍വാള്‍ എന്നിവര്‍ ജയിലിലാണ്. ഉമേഷ് അഗര്‍വാള്‍ ഡല്‍ഹിയില്‍ രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചിരുന്ന 500ല്‍പരം കിലോ ആനക്കൊമ്പ് അന്വേഷണസംഘം കണ്ടെടുത്തിരുന്നു. ഇതില്‍ കൂടുതലും കേരളത്തില്‍നിന്നു കടത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it