ഇടമലക്കുടിയില്‍ നിന്ന് വാര്‍ത്തകള്‍ തല്‍സമയം....

ഇടുക്കി: ഇടമലക്കുടിയില്‍ നിന്ന് തിരഞ്ഞെടുപ്പു വിവരങ്ങള്‍ തല്‍സമയം സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും കൈമാറാന്‍ ഇടുക്കി ഹാംറേഡിയോ ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള 30 അംഗസംഘം ഇടമലക്കുടിയിലെത്തും.
ഇടമലക്കുടി തിരഞ്ഞെടുപ്പ് ഏകോപിപ്പിക്കുന്നതിനായി പെട്ടിമുടിക്ക് അടുത്തുള്ള പുല്ലുമേട്ടിലാണ് വയര്‍ലെസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത്. വന്യമൃഗങ്ങള്‍ ധാരാളമുള്ള സ്ഥലമായതിനാല്‍ ഉപകരണങ്ങള്‍ മണ്ണില്‍ കുഴിച്ചിട്ട് മരങ്ങള്‍ക്കു മുകളില്‍ ആന്റിന സ്ഥാപിച്ചാണ് സ്‌റ്റേഷന്‍ നിര്‍മിക്കുക.
13 കുടികളിലെ പോളിങ് സ്‌റ്റേഷനുകളില്‍ നിന്ന് റിപ്പീറ്റര്‍ വഴി ഇടുക്കി കലക്ടറേറ്റ്, ദേവികുളം ആര്‍ഡിഒ ഓഫിസ് എന്നിവിടങ്ങളിലേക്ക് വിവരങ്ങള്‍ കൈമാറും. ഏതു സാഹചര്യത്തിലും ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് ഇടമലക്കുടിയിലെ പോളിങ് ഓഫിസര്‍മാരുമായി സംസാരിക്കാനുമാവും. തിരഞ്ഞെടുപ്പു ജോലിക്കായി ഉദ്യോഗസ്ഥര്‍ ഇടമലക്കുടിക്കു പോവുന്നതു മുതല്‍ തിരികെ എത്തുന്നതു വരെയുള്ള എല്ലാ വിവരങ്ങളും ജില്ലാ ഭരണകൂടത്തിനു കൈമാറിക്കൊണ്ടിരിക്കും. തിരഞ്ഞെടുപ്പു ജോലിക്കായി ഇടമലക്കുടിയിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്കു കുടുംബങ്ങളുമായി ബന്ധപ്പെടുന്നതിനും ഇതു സൗകര്യമൊരുക്കും.
ഇതിന്റെ ഭാഗമായി വാഴത്തോപ്പില്‍ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം തുറന്നു. യാതൊരുവിധ വാര്‍ത്താവിനിമയ സൗകര്യവുമില്ലാത്ത കുടികളില്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഹാം റേഡിയോയുടെ സഹായം ഏറെ ഗുണകരമാവും. 5 വര്‍ഷം മുമ്പ് ഇടമലക്കുടി പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ ഹാം റേഡിയോയുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും നല്‍കിയത്. കഴിഞ്ഞ തവണ കാട്ടാന ഇറങ്ങി ഉപദ്രവമുണ്ടായതിനെ തുടര്‍ന്ന് പോളിങ് സാമഗ്രികളുമായി കാട്ടില്‍പ്പെട്ടു പോയ ഉദ്യോഗസ്ഥര്‍ക്ക് അന്നത്തെ കലക്ടര്‍ അശോക്കുമാര്‍ സിങ് കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നായിരുന്നു വിവരങ്ങള്‍ അറിഞ്ഞതും നിര്‍ദേശം നല്കിയതും.
Next Story

RELATED STORIES

Share it