Idukki local

ഇടമലക്കുടിയില്‍ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം ഊര്‍ജിതമാക്കുന്നു

തൊടുപുഴ: തിരഞ്ഞെടുപ്പു ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ദേവികുളം ആര്‍.ഡി.ഒ.സബിന്‍ സമീദിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുദിവസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടി ഇടമലക്കുടിയില്‍ സംഘടിപ്പിച്ചു.58 പേര്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു. കൂടാതെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ ഉപയോഗവും സംഘം വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തി. പരിപാടിയുടെ ഭാഗമായി ജില്ല അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയില്‍ സ്‌പെഷ്യല്‍ ആധാര്‍ ക്യാംപും സംഘടിപ്പിച്ചിരുന്നു. ക്യാമ്പില്‍ 178 പേര്‍ ആധാര്‍ എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പില്‍ അര്‍ഹരായ ഒരാള്‍ക്കുപോലും വോട്ടവകാശം നിഷേധിക്കാന്‍ പാടില്ലെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നുമുള്ള ജില്ലാ കലക്ടറുടെ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് സംഘം ഇടമലക്കുടിയില്‍ സ്‌പെഷ്യല്‍ കാംപെയിന്‍ സംഘടിപ്പിച്ചത്. ഇഡലിപ്പാറക്കുടി, ഷെഡ്കുടി, ആണ്ടവന്‍കുടി, അമ്പലപ്പാറക്കുടി എന്നിവിടങ്ങളിലും സംഘം ഇലക്ഷന്‍ ബോധവത്ക്കരണം നടത്തി. ഈ കുടികളിലെ കിടപ്പുരോഗികളുടേയും, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെയും ആധാര്‍, വോട്ടേഴ്‌സ് ഐ.ഡി എന്നിവയ്ക്കുള്ള അപേക്ഷകളും സംഘം സ്വീകരിച്ചു. ദേവികുളം താലൂക്ക് അക്ഷയ സംരംഭകരായ അനില്‍കുമാര്‍ കെ എന്‍, നിഷാന്ത് സി.വൈ, ജഗദീഷ് എം, ആധാര്‍ വെരിഫെയര്‍ വി കെ സോമന്‍ എന്നിവര്‍ ഭവന സന്ദര്‍ശനം നടത്തിയാണ് എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Next Story

RELATED STORIES

Share it