ഇടനിലക്കാര്‍ കൊള്ളലാഭം കൊയ്യുന്നു; സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് പൊള്ളുന്ന വില

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് പൊള്ളുന്ന വില. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും ഒരുപോലെ വിലവര്‍ധന അനുഭവപ്പെടുന്നു എന്നത് ജനങ്ങളെ വലയ്ക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ക്രമാനുഗതമായി ഉയര്‍ന്ന സാധനവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിത്തുടങ്ങുന്നതേയുള്ളൂ. ഇതു മുതലാക്കി ഇടനിലക്കാര്‍ കൊള്ളലാഭം കൊയ്യുന്നുവെന്നതാണ് കച്ചവടക്കാരുടെ നിലപാട്.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അരിയുടെ വില അഞ്ചുരൂപ വരെ കൂടിയിട്ടുണ്ട്. റമദാന്‍ കാലമായതോടെ സാധനങ്ങളുടെ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബിരിയാണി അരിയുടെ വില കഴിഞ്ഞ രണ്ടുദിവസത്തിനിടെ അഞ്ചുരൂപ വരെ വര്‍ധിച്ച് 75ല്‍ എത്തിനില്‍ക്കുന്നു. അരിക്കു പുറമേ പയര്‍, പരിപ്പ്, മുളക്, മല്ലി തുടങ്ങി എല്ലാ സാധനങ്ങളുടെയും വില വാനോളം ഉയര്‍ന്നിട്ടുണ്ട്. ഉഴുന്നിന് കിലോഗ്രാമിന് 193 രൂപയാണ് പൊതുവിപണിയിലെ വില. പയര്‍- 160, ചെറുപയര്‍- 120, മുളക്- 180, മല്ലി- 110, പഞ്ചസാര- 84, ശര്‍ക്കര- 52 എന്നിങ്ങനെയാണ് പലവ്യഞ്ജനങ്ങളുടെ വിലനിലവാരം.
ഒരാഴ്ചയ്ക്കിടെ പച്ചക്കറിവിലയിലും വന്‍വര്‍ധനയാണ് അനുഭവപ്പെടുന്നത്. ഏറ്റവുമധികം വിലവര്‍ധിച്ചിരിക്കുന്നത് ബീന്‍സിനാണ്. ചാല മാര്‍ക്കറ്റിലെ വിലനിലവാരപ്രകാരം കിലോഗ്രാമിന് 140 രൂപ വരെയാണ് ബീന്‍സിന്റെ വില. നൂറിനടുത്തുനിന്നിരുന്ന ബീന്‍സിന്റെ വില കഴിഞ്ഞ അഞ്ചുദിവസത്തിനിടെയാണ് കുതിച്ചുയര്‍ന്നത്. വെളുത്തുള്ളിയാണ് വിലകൂടിയ മറ്റൊരിനം. കിലോഗ്രാമിന് 90ല്‍ നിന്ന് 120 രൂപയായായാണ് വെളുത്തുള്ളി വില വര്‍ധിച്ചത്. നാടന്‍ പയര്‍- 105, ഇഞ്ചി- 104, കോവയ്ക്ക- 100, പാവയ്ക്ക-65, പച്ചമുളക്- 85, കാബേജ്- 45, തക്കാളി- 52, മുരിങ്ങ- 56, ചേന- 62, കാരറ്റ്- 64, ബീറ്റ്‌റൂട്ട്- 44, ഏത്തയ്ക്ക- 60 എന്നിങ്ങനെയാണ് പച്ചക്കറിവില. വഴുതന, വെണ്ടയ്ക്ക, വെള്ളരി എന്നിങ്ങനെ വിരലിലെണ്ണാവുന്ന പച്ചക്കറികള്‍ മാത്രമാണ് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത്. കൊടുംവരള്‍ച്ചയിലുണ്ടായ വിളനാശമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം. ആഭ്യന്തരവിപണിയില്‍നിന്നുള്ള ജൈവപച്ചക്കറികളുടെ വരവ് നിലച്ചിരിക്കുകയാണ്.
പൊതുവിപണിയില്‍ ഇടപെടാന്‍ ഹോ ര്‍ട്ടികോര്‍പ്പ് വഴി ഇന്നലെ മുത ല്‍ സബ്‌സിഡി ഇനത്തില്‍ പച്ചക്കറികള്‍ ലഭ്യമാക്കിത്തുടങ്ങി. എന്നാല്‍, 15 ഇനം പച്ചക്കറികള്‍ മാത്രമാണ് ഇതിലൂടെ വിലകുറച്ച് ലഭിക്കുക എന്നതും സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നു.
Next Story

RELATED STORIES

Share it